Cricket

മഴ കളിമുടക്കിയ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച വിജയം !! മിന്നുന്ന ബാറ്റിംഗുമായി ഡേവിഡ് വാര്‍ണര്‍

ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ ഓസ്‌ട്രേലിയയ്ക്ക് വിജയം. മഴ വില്ലനായ മത്സരത്തില്‍ മഴ നിയമപ്രകാരം 28 റണ്‍സിനായിരുന്നു കംഗാരുക്കളുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയ 11.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എടുത്തു നില്‍ക്കുമ്പോള്‍ മഴയെത്തുകയായിരുന്നു. തുടര്‍ന്ന് മഴനിയമ പ്രകാരം അവരെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ആന്റ്വിഗയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ തന്‍സിദ് ഹസനെ ബൗള്‍ഡാക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ലിട്ടന്‍ ദാസും ക്യാപ്റ്റന്‍ ഷാന്റോയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് ക്രമമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ബംഗ്ലാദേശിന്റെ സ്‌കോര്‍ 140ല്‍ ഒതുങ്ങി.

36 പന്തില്‍ 41 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. തൗഹിദ് ഹൃദോയ്(28 പന്തില്‍ 40), ലിട്ടന്‍ ദാസ്(16), ടസ്‌കിന്‍ അഹമ്മദ്(13) എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

ഹാട്രിക് നേടിയ പാറ്റ് കമ്മിന്‍സിന്റെ ബൗളിംഗാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. പതിനെട്ടാം ഓവറിലെ അഞ്ചാം പന്തില്‍ മഹമ്മദുള്ളയെയും ആറാം പന്തില്‍ മെഹ്ദി ഹസനെയും പുറത്താക്കിയ കമ്മിന്‍സ് 20-ാം ഓവറിലെ ആദ്യ പന്തില്‍ തൗഹിദ് ഹൃദോയിയെ ഹേസില്‍വുഡിന്റെ കൈകളിലെത്തിച്ചാണ് ഹാട്രിക് തികച്ചത്. ആദം സാംപ രണ്ടും മിച്ചല്‍ സ്റ്റാര്‍ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

141 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കായി ഓപ്പണര്‍മാരായ വാര്‍ണറും ഹെഡും മിന്നുന്ന തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ 59 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്.

ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ ടീം സ്‌കോര്‍ 65ല്‍ നില്‍ക്കുമ്പോള്‍ റിഷാദ് ഹുസൈന്റെ പന്തില്‍ ഹെഡ് ബൗള്‍ഡായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 21 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 31 റണ്‍സായിരുന്നു ഹെഡിന്റെ സമ്പാദ്യം.

തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെയും റിഷാദ് ഹുസൈന്‍ മടക്കിയതോടെ ഓസീസ് ചെറുതായൊന്നു ഭയന്നു. ഒരു റണ്‍സായിരുന്നു മാര്‍ഷ് നേടിയത്.

എന്നാല്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെ കൂട്ടുപിടിച്ച് ഡേവിഡ് വാര്‍ണര്‍ ടീം സ്‌കോര്‍ 100 കടത്തിയപ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. മഴ തോരാതെ വന്നതോടെ ഓസ്‌ട്രേലിയയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

35 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറും അടക്കം 53 റണ്‍സാണ് വാര്‍ണര്‍ നേടിയത്. മാക്‌സ് വെല്‍ ആറു പന്തില്‍ ഒരു ഫോറും ഒരു സിക്‌സും സഹിതം 14 റണ്‍സ് എടുത്തു. പാറ്റ് കമ്മിന്‍സാണ് കളിയിലെ താരം. ജൂണ്‍ 23ന് അഫ്ഗാനിസ്ഥാനെതിരേയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. ബംഗ്ലാദേശ് നാളെ ഇന്ത്യയെ നേരിടും.

Related Articles

Back to top button