Cricket

പ്രതികാരദാഹിയായി ഇന്ത്യ !! എങ്ങനെയും വിജയിച്ച് സെമിയിലെത്താന്‍ ഓസ്‌ട്രേലിയ; ഇന്ത്യന്‍ ടീമില്‍ മാറ്റത്തിനു സാധ്യത

മാസങ്ങള്‍ക്ക് മുമ്പ് ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റുവാങ്ങിയ തോല്‍വിയ്ക്ക് പകരം വീട്ടാനുറച്ചാകും ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ന് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ കളത്തിലിറങ്ങുക.

ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യയ്ക്ക് സെമിയിലെത്താം. തോറ്റാല്‍ അഫ്ഗാന്‍-ബംഗ്ലാദേശ് മത്സരഫലത്തെ ആശ്രയിക്കേണ്ടി വരും.

അതേസമയം മികച്ച ജയത്തില്‍ കുറഞ്ഞൊന്നും ഓസ്‌ട്രേലിയയ്ക്ക് പ്രതീക്ഷ നല്‍കുന്നില്ല. ഇന്ത്യന്‍ സമയം രാത്രി എട്ടിന് സെന്റ് ലൂസിയയിലെ ഡാരന്‍ സമി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മഴ കളിമുടക്കിയാല്‍ ഇന്ത്യ സെമി ഉറപ്പിക്കും എന്നതാണ് സ്ഥിതി.

സൂപ്പര്‍ 8ലെ നിര്‍ണായക മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ മികച്ച ജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. കരുത്തരായ ഓസീസിനെ തോല്‍പിച്ച് സെമിയുറപ്പിക്കുന്നത് ടീമിന്റെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുമെന്നുറപ്പ്.

അഫ്ഗാനിസ്ഥാനെതിരായ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തിലാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെയിറങ്ങുന്നത്. തോല്‍വി കങ്കാരുക്കളുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിപ്പിക്കുമെന്നതിനാല്‍ ടീം ഇന്ത്യ കരുതിയിരുന്നേ തീരൂ.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം ശരാശരിയില്‍ ഒതുങ്ങുന്നതായിരുന്നു. ബാറ്റര്‍മാരേക്കാള്‍ ബൗളര്‍മാരാണ് ഇന്ത്യയ്ക്കായി തിളങ്ങുന്നത്.

ബംഗ്ലദേശിനെതിരെ ടീം സ്‌കോര്‍ ഇരുന്നൂറിനടുത്തെത്തിയത് ടീമിന് പ്രതീക്ഷയാണ്. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ബംഗ്ലാദേശിനെതിരേ മികച്ച തുടക്കം നല്‍കിയത് ഇന്ത്യയ്ക്ക് പ്രതീക്ഷയാണ്.

സ്ഥിരതയോടെ കളിക്കുന്ന റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയ്ക്ക് ആശ്വാസമാണ്. സൂര്യകുമാര്‍ യാദവിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് അധിക കരുത്ത് നല്‍കുന്നുണ്ട്.

അതേസമയം രണ്ടു ഹാട്രിക്കുകളുമായി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന കമ്മിന്‍സിനെയും ഹേസല്‍വുഡിനെയും കരുതലോടെയാവും ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേരിടുക.

ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ആദം സാംപ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനാണ്.

ബാറ്റിങ്ങില്‍ മാക്‌സ്‌വെല്‍ ഫോമിലായത് ഓസ്‌ട്രേലിയയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ട്രവിസ് ഹെഡ് പക്ഷെ ലോകകപ്പില്‍ ശരാശരി പ്രകടനമാണ് നടത്തുന്നത്.

പക്ഷേ ഇന്ത്യയ്‌ക്കെതിരെ ഹെഡിന്റെ റെക്കോര്‍ഡ് ടീമിന് പ്രതീക്ഷയാണ്. ബുംറയുടെ നാലോവറിനെ ഓസീസ് എങ്ങനെ പ്രതിരോധിക്കുന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ സാധ്യതകള്‍.

പേസിന് പ്രാധാന്യമുള്ള പിച്ചായതിനാല്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാളെ ഒഴിവാക്കി മുഹമ്മദ് സിറാജിനെ ഇലവനില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

Related Articles

Back to top button