Cricket

കളിച്ചത് ഒമ്പത് ഫൈനലുകള്‍, ഒമ്പതിലും കിരീടം !! മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത കോടികള്‍ എറിഞ്ഞ് വാങ്ങിയത് ഒന്നും കാണാതെയല്ല

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാരാവുമ്പോള്‍ തലപ്പൊക്കമുള്ള കൊമ്പനായി ഓസീസ് സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.

ഐപിഎല്‍ ലേലത്തില്‍ 24.75 കോടിയെന്ന റെക്കോര്‍ഡ് തുകക്ക് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചപ്പോള്‍ നെറ്റിചുളിച്ചവരാണ് ഭൂരിഭാഗം പേരും. സമീപകാലത്ത് അത്ര മികച്ച ഫോമിലല്ലെന്നതും ഐപിഎല്ലില്‍ കളിച്ചിട്ട് വര്‍ഷങ്ങളായി എന്നതുമായിരുന്നു മിക്കവരുടെയും സംശയത്തിനു കാരണം.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ സ്റ്റാര്‍ക്ക് അടി വാങ്ങി ചുരുണ്ടപ്പോള്‍ കോടികള്‍ വെള്ളത്തിലായെന്ന് പലരും പരിതപിച്ചു.
ആര്‍സിബിക്കെതിരായ മത്സരത്തില്‍ വാലറ്റക്കാരനായ കരണ്‍ ശര്‍മ പോലും സ്റ്റാര്‍ക്കിനെ ഒരോവറില്‍ മൂന്ന് സിക്‌സിന് പറത്തിയിരുന്നു. ആ മത്സരം ഒരു റണ്‍സിനാണ് ജയിച്ചതെന്നും ഓര്‍ക്കണം.

എന്നാല്‍ കൊല്‍ക്കത്ത ക്വാളിഫയറില്‍ കടന്നതോടെ മിച്ചല്‍ സ്റ്റാര്‍ക്ക് വിശ്വരൂപം പുറത്തെടുക്കുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. ക്വാളിഫയറില്‍ ഹൈദരാബാദ് ബാറ്റിംഗിന്റെ കുന്തമുനയായ ട്രവിസ് ഹെഡിനെ ബൗള്‍ഡാക്കി തുടങ്ങിയ താരം നിതീഷ് റെഡ്ഡിയെയും ഷഹബാദ് അഹമ്മദിനെയും കൂടി പവര്‍പ്ലേയില്‍ പുറത്താക്കി ഹൈദരാബാദിനെ തളര്‍ത്തി.

നാലോവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സ്റ്റാര്‍ക്ക് തന്നെയായിരുന്നു കളിയിലെ താരം. ഫൈനലിലും സ്റ്റാര്‍ക്ക് പ്രകടനമാവര്‍ത്തിച്ചതോടെ ഹൈദരാബാദ് ഒരിക്കല്‍ കൂടി തോറ്റു.

വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് എതിരാളികളെ ഞെട്ടിച്ച അഭിഷേക് ശര്‍മയെ ആദ്യ ഓവറില്‍ തന്നെ മനോഹരമായൊരു ഔട്ട് സ്വിംഗറില്‍ ബൗള്‍ഡാക്കിയ സ്റ്റാര്‍ക്ക് രാഹുല്‍ ത്രിപാഠിയെയും മടക്കി മൂന്നോവറില്‍ 14 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.


അഭിഷേക് ശര്‍മയെ പുറത്താക്കിയ ബോളിനെ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബോള്‍ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

കരിയറില്‍ ഇതുവരെ ഒമ്പത് ഫൈനലുകള്‍ കളിച്ചിട്ടുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് ഒമ്പതിലും ജയിച്ചു കേറിയെന്നതാണ് ചരിത്രം. 2012ലെ ബിഗ് ബാഷ് ഫൈനലില്‍ തുടങ്ങിയതാണ് സ്റ്റാര്‍ക്കിന്റെ ഫൈനല്‍ അപരാജിതത്വം.


2012ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, 2015ലെ ഏകദിന ലോകകപ്പ് ഫൈനല്‍, 2015ലെ ലിസ്റ്റ് എ കപ്പ് ഫൈനല്‍, 2021ലെ ടി20 ലോകകപ്പ് ഫൈനല്‍, 2021ലെ ഡൊമസ്റ്റിക് കപ്പ് ഏകദിന ഫൈനല്‍, 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍, ഇപ്പോള്‍ ഐപിഎല്‍ ഫൈനലിലും കിരീടം നേടി. സമ്പൂര്‍ണ ഫൈനല്‍ വിജയം.
ഇനി ട്വന്റി20 ലോകകപ്പ് ഫൈനല്‍ കൂടി വിജയിച്ച് നേട്ടം പത്തിലെത്തിക്കാനായിരിക്കും ഓസീസ് പേസര്‍ ശ്രമിക്കുക.

Related Articles

Back to top button