Cricket

ഗില്ലിന് പകരക്കാരന്‍ സഞ്ജു? ഡെങ്കു എഫക്ട് മലയാളി താരത്തിന് ലോകകപ്പ് അവസരം നല്‍കും? സാധ്യതകള്‍ ഇങ്ങനെ!!

വളരെ അപ്രതീക്ഷിതമായിട്ടാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ രോഗക്കിടക്കയില്‍ ആകുന്നത്. പരിക്കോ വേറെ പ്രശ്‌നങ്ങളോ അല്ല കേരളത്തില്‍ ലോകകപ്പ് സന്നാഹ മല്‍സരം കളിക്കാനെത്തിയപ്പോള്‍ പിടികൂടിയ ഡെങ്കിപ്പനിയാണ് താരത്തിനെ കിടക്കയിലാക്കിയത്.

ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മല്‍സരത്തിന് എത്തിയത് മുതല്‍ കടുത്ത പനിയുടെ പിടിയിലായിരുന്നു ഗില്‍. തൊട്ടുപിന്നാലെ പരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിലേക്ക് താരത്തെ മാറ്റി.

അഫ്ഗാനെതിരേ ബുധനാഴ്ച്ച ഡല്‍ഹിയില്‍ നടക്കുന്ന മല്‍സരത്തില്‍ ഗില്‍ കളിക്കില്ല. 14ന് അഹമ്മദാബാദില്‍ പാക്കിസ്ഥാനെതിരായ പോരാട്ടത്തിലും താരം ടീമില്‍ ഉണ്ടാകില്ല. ഡെങ്കിപ്പനി ബാധിച്ചാല്‍ 2-3 ആഴ്ച്ചയെങ്കിലും വിശ്രമം ആവശ്യമാണ്.

ഈ അവസ്ഥയില്‍ ലോകകപ്പിലെ പകുതി മല്‍സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകും. എത്രനാള്‍ വിശ്രമം ആവശ്യമാണെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ആകും അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവില്‍ ഗില്ലിന് പകരക്കാരനെ പ്രഖ്യാപിക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടില്ല.

അങ്ങനെ പകരക്കാരനെ പ്രഖ്യാപിച്ചാല്‍ ലോകകപ്പില്‍ പിന്നെ ഗില്ലിനെ കളിപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് പകരം ആളെ ടീമിലെത്തിക്കാന്‍ ടീം മാനേജ്‌മെന്റ് ധൃതി കാണിക്കാതെ ഇരിക്കുന്നതും.

ലീഗ് റൗണ്ടില്‍ ഗില്ലിന്റെ അസാന്നിധ്യം വലിയ പ്രശ്‌നം ആകില്ലെന്ന നിഗമനത്തിലാണ് കോച്ച് രാഹുല്‍ ദ്രാവിഡും സംഘവും. ഇനി ഗില്ലിന് ഒരു പകരക്കാരനെ വേണ്ടി വന്നാല്‍ മലയാളിതാരം സഞ്ജു സാംസണിന് നറുക്ക് വീണേക്കും.

ലോകകപ്പിനായി പരിഗണിക്കപ്പെട്ട മറ്റ് താരങ്ങളെല്ലാം ടീമില്‍ ഉള്ള സ്ഥിതിക്ക് സഞ്ജുവിന് തന്നെ വിളിയെത്താനാണ് സാധ്യത. നിലവില്‍ കേരള ടീമിനൊപ്പം പരിശീലനത്തിലാണ് സഞ്ജു സാംസണ്‍. സയിദ് മുഷ്താഖ് അലി ട്രോഫിക്കായിട്ടാണ് പരിശീലനം.

നിലവിലെ അവസ്ഥയില്‍ സഞ്ജു മികച്ച ഫോമിലാണെങ്കിലും ഗില്ലിനെ പോലെ എക്‌സ് ഫാക്ടര്‍ താരത്തിന് പകരം ടീമിലെടുത്താലും കളിക്കാനുള്ള അവസരം കിട്ടാന്‍ സാധ്യത കുറവാണ്. ഗില്ലിന് പകരം ഇഷാന്‍ കിഷനാകും ആദ്യ ഇലവനിലേക്ക് പ്രഥമ പരിഗണന.

നിലവില്‍ ഗില്ലിന് പകരക്കാരനെ നോക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗില്ലിനെ പോലൊരു താരത്തിന്റെ അഭാവം കടുത്ത സഞ്ജു ആരാധകര്‍ പോലും ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം.

Related Articles

Back to top button