Cricket

ഷമി ക്രിക്കറ്റ് മാറ്റിവച്ച് ‘ലോക്‌സഭയില്‍’ ബിജെപി ലേബലിലേക്ക്!! നീക്കങ്ങള്‍ ഇങ്ങനെ!! ദീദിക്ക് ഭീഷണി?

ഇന്ത്യയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയ രംഗത്തേക്ക് നീങ്ങുന്നോ? ദേശീയ മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ അടുത്ത മാസം ആരംഭിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഷമിയും മല്‍സരിക്കാനുണ്ടാകും.

ബിജെപി സഹയാത്രികനാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ ഷമി ബംഗാളില്‍ നിന്നായിരിക്കും പാര്‍ലമെന്റിലേക്ക് മല്‍സരിക്കുക. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് ജനിച്ചതെങ്കിലും ക്രിക്കറ്റിലേക്കുള്ള ചവിട്ടുപടിയായി മാറിയത് ബംഗാളിനൊപ്പം രഞ്ജി ട്രോഫിയില്‍ കളിച്ചു തുടങ്ങിയതാണ്.

അതുകൊണ്ട് തന്നെ ബംഗാളിലെ ജനങ്ങള്‍ക്കും ഷമി സുപരിചിതനാണ്. പരിക്കുമൂലം ഇനി വരുന്ന ഐപിഎല്ലിലും ജൂണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിലും ഷമി കളിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി താരത്തെ സമീപിച്ചിട്ടുണ്ടെന്നും രാഷ്ട്രീയത്തോടെ താല്പര്യമുള്ള ഷമി അന്തിമ തീരുമാനം ഇതുവരെ പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള സൗഹൃദവും ബിസിസിഐ സെക്രട്ടറി ജയ്ഷായുടെ അനുകൂല സമീപനവും ബിജെപി ഉപയോഗപ്പെടുത്താനാണ് സാധ്യത.

ബസിര്‍ഹത് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ഷമിയെ മല്‍സരിപ്പിക്കാനാണ് ബിജെപി നീക്കം. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമതാ ബാനര്‍ജിയുടെയും തട്ടകമായ ഇവിടെ ഷമിയെ ഇറക്കി പിടിച്ചടക്കാമെന്ന് ബിജെപി കരുതുന്നു.

ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ഇന്ത്യയില്‍ പുതുമയല്ല. കീര്‍ത്തി ആസാദ് മുതല്‍ ഗൗതം ഗംഭീര്‍ വരെ നീളുന്നു ആ പട്ടിക. എന്നാല്‍ ക്രിക്കറ്റില്‍ സജീവമായ സമയത്ത് രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിച്ചവര്‍ കുറവാണ്.

ഇത്തരത്തില്‍ ഷമിക്ക് മുന്‍ഗാമി ബംഗ്ലാദേശില്‍ നിന്നാണ്. മുന്‍ നായകനും നിലവില്‍ അവരുടെ സജീവ താരവുമായ ഷക്കീബ് അല്‍ഹസന്‍ പാര്‍ലമെന്റ് അംഗമാണ്. ഭരണകക്ഷിയുടെ പ്രതിനിധിയായി പാര്‍ലമെന്റിലുള്ള ഷക്കീബ് ഇപ്പോള്‍ പരിക്കുമൂലം വിശ്രമത്തിലാണ്.

ഷമിയെ സംബന്ധിച്ച് രാഷ്ട്രീയത്തില്‍ മുന്നേറാന്‍ വലിയ സാധ്യതയാണ് മുന്നിലുള്ളതെങ്കിലും ക്രിക്കറ്റ് കരിയര്‍ ചിലപ്പോള്‍ ഭാഗികമായെങ്കിലും അവസാനിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധയോടെയുള്ള തീരുമാനമേ താരം എടുക്കാന്‍ സാധ്യതയുള്ളൂ.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ ബൗളറായിരുന്നു ഷമി. പകരക്കാരനായി വന്ന് വിക്കറ്റുകള്‍ വാരിക്കൂട്ടിയ ഈ പേസറുടെ മികവിലാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിയത്.

Related Articles

Back to top button