Cricket

ഇന്ന് എന്റെ ദിവസമായിരുന്നു !! സിംബാബ്‌വെയെ തച്ചു തകര്‍ത്ത ഇന്നിംഗ്‌സിനെക്കുറിച്ച് അഭിഷേക് ശര്‍മ പറയുന്നതിങ്ങനെ…

വന്‍പ്രതീക്ഷയോടെ എത്തിയിട്ട് സിംബാബ് വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സംപൂജ്യനായി മടങ്ങേണ്ടി വന്നപ്പോള്‍ അഭിഷേക് ശര്‍മ വെറും ഐപിഎല്‍ ബോയി ആണെന്ന് പലരും പരിഹസിച്ചിരുന്നു.

എന്നാല്‍ രണ്ടാം മത്സരത്തില്‍ വിമര്‍ശകര്‍ക്കെല്ലാം ബാറ്റിലൂടെ മറുപടി നല്‍കുന്ന അഭിഷേകിനെയാണ് സിംബാബ് വെയിലെ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയം കണ്ടത്.

ഫലമോ ഇന്ത്യയ്ക്ക് 100 റണ്‍സിന്റെ വിജയവും. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടിയപ്പോള്‍ സിംബാബ് വെയുടെ മറുപടി 18.4 ഓവറില്‍ 134ല്‍ അവസാനിച്ചു.

അഭിഷേക് ശര്‍മ തന്നെയായിരുന്നു കളിയിലെ താരവും. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും അഭിഷേക് ശര്‍മയും ഋതുരാജ് ഗെയ്ക്വാദും അഭിഷേകും ചേര്‍ന്നുള്ള കൂട്ടുകെട്ട് സിംബാബ് വെയുടെ പ്രതീക്ഷകള്‍ തച്ചുടയ്ക്കുകയായിരുന്നു.

വെറും 46 പന്തിലാണ് പഞ്ചാബുകാരനായ ഇരുപത്തിമൂന്നുകാരന്റെ സെഞ്ചുറി പിറന്നത്. ഏഴു ഫോറും എട്ട് സിക്‌സറുകളുമാണ് താരം നേടിയത്. ശനിയാഴ്ച റണ്‍സ് എടുക്കും മുമ്പ് മടങ്ങിയ ഇടംകൈയന്‍ അടുത്ത ദിവസം തിരിച്ചെത്തി ആദ്യ ബോളില്‍തന്നെ നേടിയത് സിക്സ്.

കരിയറിലെ ഓപ്പണിങ് റണ്‍ തന്നെ സിക്സ് കൊണ്ടായി. രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ കളിയിലാണല്ലോ അഭിഷേക് ശര്‍മയുടെ അരങ്ങേറ്റം. അതായത് ഒരു ശര്‍മ വിരമിച്ചപ്പോള്‍ മറ്റൊരു ശര്‍മ അരങ്ങേറ്റം കുറിച്ചു. അവിടെയും തീരുന്നില്ല. രോഹിത് ശര്‍മയും കരിയറിലെ ആദ്യ സെഞ്ചുറി നേടിയത് സിംബാബ്വെയ്ക്കെതിരെയാണ്.

ഓപ്പണിംഗില്‍ രോഹിത് ശര്‍മയ്ക്ക് പകരമാര് എന്ന ചോദ്യത്തിനുത്തരമാവാനും ഇന്നലത്തെ ഇന്നിംഗ്‌സോടെ അഭിഷേകിനായി. രണ്ടാം മത്സരത്തില്‍ തന്നെ രോഹിത് ശര്‍മയുടെ പേരിലുള്ള ഒരു സിക്സ് റെക്കോഡ് മറികടക്കാനും അഭിഷേക് ശര്‍മയ്ക്കായി.

മത്സരത്തില്‍ എട്ട് സിക്സുകള്‍ നേടിയതോടെ ഈ കലണ്ടര്‍ വര്‍ഷം അഭിഷേകിന്റെ പേരില്‍ 50 സിക്സായി. 2024-ല്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ ഇന്ത്യക്കാരന്‍ എന്ന രോഹിത് ശര്‍മയുടെ (46 സിക്സ്) റെക്കോഡാണ് അഭിഷേക് പഴങ്കഥയാക്കിയത്.

രോഹിത്തിന് പകരം വരുന്നയാള്‍ രോഹിത്തോളം തന്നെ മികവ് കാണിക്കണമല്ലോ. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഹൈദരാബാദിനുവേണ്ടി 42 സിക്സുകള്‍ നേടിയ ഈ 23കാരന്റെ പേരില്‍ തന്നെയായിരുന്നു സീസണില്‍ ഏറ്റവും അധികം സിക്‌സര്‍ നേടിയതിന്റെ റെക്കോഡും.

എട്ട് സിക്സുകളും ഏഴ് ബൗണ്ടറികളുമുള്‍പ്പെടെ 47 പന്തില്‍ 100 റണ്‍സാണ് കഴിഞ്ഞ ദിവസം താരം നേടിയത്. ഇതില്‍ ആദ്യ 50 കടക്കാന്‍ 33 പന്തുകളെടുത്ത താരം തുടര്‍ന്നുള്ള 13 പന്തുകളില്‍ നിന്നാണ് നേട്ടം സെഞ്ചുറിയിലെത്തിച്ചത്.

സിക്സ് കൊണ്ട് തന്നെ കരിയറിലെ ആദ്യ സെഞ്ചുറിയും പൂര്‍ത്തിയാക്കി. കഴിഞ്ഞ കളിയിലെ മങ്ങിയ പ്രകടനമൊന്നും അഭിഷേകിനെ ആക്രമിച്ചു കളിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചില്ല.

11-ാം ഓവര്‍ മുതലാണ് അഭിഷേക് തന്റെ ശരിയായ താണ്ഡവം ആരംഭിച്ചത്. ഡിയോണ്‍ മിയേഴ്സെറിഞ്ഞ ഓവറില്‍ നേടിയത് 28 റണ്‍സ്. തുടര്‍ന്ന് വെല്ലിങ്ടണ്‍ മസാകദ്സയുടെ ഓവറില്‍ നേടിയത് 21 റണ്‍സ്.

മസാകദ്സ എറിഞ്ഞ 14-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്നു സിക്‌സര്‍ പായിച്ചാണ് സെഞ്ചുറി കുറിച്ചത്. അടുത്ത പന്തിലും സിക്സടിക്കാനുള്ള ശ്രമം വിക്കറ്റില്‍ കലാശിക്കുകയായിരുന്നു. 24 പന്തില്‍ 28 എന്ന നിലയിലായിരുന്ന താരം തുടര്‍ന്നുള്ള 72 റണ്‍സ് നേടിയത് വെറും 22 പന്തുകളില്‍.

ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവു ചുരുങ്ങിയ ഇന്നിംഗ്‌സില്‍ സെഞ്ചുറി കണ്ടെത്തിയ ഇന്ത്യക്കാരനെന്ന റെക്കോഡും അഭിഷേകിന്റെ പേരിലാണ്. അരങ്ങേറി, രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ മറ്റൊരു ഇന്ത്യക്കാരന്‍ ട്വന്റി20യിലില്ല. ദീപക് ഹൂഡ മൂന്നാംമത്സരത്തിലും കെ.എല്‍. രാഹുല്‍ നാലാം മത്സരത്തിലും സെഞ്ചുറി നേടിയിരുന്നു. ട്വന്റി20യില്‍ സിംബാബ്വെയ്ക്കെതിരേ ഒരിന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും അഭിഷേകിന്റെ പേരില്‍തന്നെ.

‘ഇന്ന് എന്റെ ദിവസമായിരുന്നു, അത് ഞാന്‍ പ്രയോജനപ്പെടുത്തി’ എന്നാണ് മത്സരശേഷം അഭിഷേക് ശര്‍മ പറഞ്ഞത്. ഞായറാഴ്ച മികച്ച പ്രകടനം പുറത്തെടുക്കാനായി. ഇന്നലെ സംഭവിച്ച പരാജയം ഞങ്ങള്‍ക്ക് എളുപ്പമായിരുന്നില്ല. ഇന്ന് എന്റെ ദിവസമായിരുന്നു, അത് ഞാന്‍ പ്രയോജനപ്പെടുത്തി. ഋതുരാജ് എന്നോട് കളിച്ചോളാന്‍ പറഞ്ഞുവെന്നും അഭിഷേക് പറഞ്ഞു.

അഭിഷേകിനെ കൂടാതെ ഋതുരാജ് ഗെയ്ക്വാദും റിങ്കു സിംഗും തകര്‍ത്തടിച്ചതോടെയാണ് സിംബാബ് വെയ്‌ക്കെതിരേ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നത്.

ഗെയ്ക്വാദ് 47 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 77 റണ്‍സ് നേടിയപ്പോള്‍ റിങ്കു സിംഗ് 22 പന്തില്‍ രണ്ടു ഫോറും അഞ്ചു സിക്‌സറുകളും സഹിതം 48 റണ്‍സാണ് നേടിയത്. അവസാന പത്തോവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ടീം എന്ന നേട്ടവും ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമായി. അവസാന പത്തോവറില്‍ 160 റണ്‍സാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചു കൂട്ടിയത്. ശ്രീലങ്ക 2007ലെ ട്വന്റി20 ലോകകപ്പില്‍ കെനിയയ്‌ക്കെതിരേ നേടിയ 159 റണ്‍സിന്റെ റെക്കോഡാണ് പഴങ്കഥയായത്.

ബ്ലെസിംഗ് മുസരബാനി, വെല്ലിംഗ്ടണ്‍ മസാകഡ്‌സ എന്നിവര്‍ സിംബാബ് വെയ്ക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ക്കായി വെസ്ലി മധിവെരേ(43), ബ്രയാന്‍ ബെന്നറ്റ്(ഒമ്പത് പന്തില്‍ 26), ലൂക്ക് ജോംഗ് വെ(33) എന്നിവര്‍ പൊരുതിയെങ്കിലും വിജയലക്ഷ്യത്തിന് 100 റണ്‍സ് അകലെ അവര്‍ വീഴുകയായിരുന്നു.

ഇന്ത്യയ്ക്കായി പേസര്‍മാരായ മുകേഷ് കുമാറും ആവേശ് ഖാനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍മാരായ രവി ബിഷ്‌നോയ് രണ്ടും വാഷിംഗ്ടണ്‍ സുന്ദര്‍ ഒന്നും വിക്കറ്റുകള്‍ നേടി.

ജൂലൈ പത്തിനാണ് പരമ്പരയിലെ മൂന്നാം മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് വിവരം.

Related Articles

Back to top button