Cricket

വെറും57 പന്തില്‍ 162 റണ്‍സ്!! മാസ് പ്രകടനവുമായി ജൂണിയര്‍ എബിഡി!!

ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും വലിയ തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സുമായി എ.ബി ഡിവില്യേഴ്‌സിന്റെ പിന്‍ഗാമി ഡെവല്‍ഡ് ബ്രെവിസ്. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റിലാണ് ജൂണിയര്‍ എബിഡി വിപ്ലവ ഇന്നിംഗ്‌സ് കാഴ്ച്ചവച്ചത്. വെറും 57 പന്തില്‍ നിന്ന് 162 റണ്‍സാണ് ഈ കൗമാരക്കാരന്‍ അടിച്ചെടുത്തത്.

36 പന്തില്‍ നിന്നാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 57 പന്തില്‍ നിന്ന് 13 സിക്‌സറുകളും 13 ഫോറുകളും ബ്രെവിസ് പറത്തി. സ്‌ട്രൈക്ക് റേറ്റ് 284.55 ആണ്. കുട്ടിക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ഇന്നിംഗ്‌സെന്നാണ് സാക്ഷാല്‍ എ.ബി ഡിവില്യേഴ്‌സ് ബ്രെവിസിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്.

സിഎസ്എ ചലഞ്ച് ടൂര്‍ണമെന്റില്‍ ടൈറ്റന്‍സിന് വേണ്ടിയായിരുന്നു താരത്തിന്റെ വെടിക്കെട്ട്. നൈറ്റ്‌സിനെതിരേ ഓപ്പണറായിട്ടായിരുന്നു ബ്രെവിസ് ബാറ്റിംഗിന് ഇറങ്ങിയത്. ആദ്യ വിക്കറ്റില്‍ ജീവേശ്വന്‍ പിള്ളയ്‌ക്കൊപ്പം (52) ബ്രെവിസ് 179 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടൈസ്റ്റന്‍സ് ആകെ അടിച്ചെടുത്തത് 271 റണ്‍സാണ്. അതും മൂന്നും വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി.

ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ഈ പ്രതിഭ ലോകക്രിക്കറ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഐപിഎല്ലിലും റിക്കാര്‍ഡ് തുകയ്ക്ക് എത്തി. ഇപ്പോള്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിലേക്ക് താരത്തിന് സെലക്ഷന്‍ ലഭിച്ചിരുന്നില്ല.

Related Articles

Back to top button