Cricket

കേരള സൂപ്പര്‍ താരത്തിന് ബൗളിംഗ് വിലക്ക് വന്നേക്കും!!

രഞ്ജി ട്രോഫിയില്‍ ആദ്യ മല്‍സരത്തില്‍ തകര്‍ത്ത് ജയിച്ച് രാജസ്ഥാനെതിരായ രണ്ടാം പോരാട്ടത്തില്‍ പൊരുതുന്ന കേരളത്തിന് തിരിച്ചടിയായി പുതിയ വാര്‍ത്ത. കേരളത്തിന്റെ പ്രധാന താരങ്ങളിലൊരാളായ രോഹന്‍ കുന്നുമ്മേലിന് പന്തെറിയുന്നതില്‍ നിന്നും വിലക്ക് വന്നേക്കും.

ജാര്‍ഖണ്ഡിനെതിരായ മല്‍സരത്തില്‍ പന്തെറിഞ്ഞ രോഹന്റെ ബൗളിംഗ് ആക്ഷനില്‍ സംശയം പ്രകടിപ്പിച്ച് ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇനിയുള്ള മല്‍സരങ്ങളിലും സമാനമായ റിപ്പോര്‍ട്ടിംഗ് വന്നാല്‍ രോഹന് ബൗളിംഗില്‍ നിന്ന് വിലക്ക് നേരിടേണ്ടി വന്നേക്കും.

കേരളത്തിന്റെ പ്രധാന ബൗളര്‍മാരില്‍ ഒരാളല്ല രോഹന്‍. അതുകൊണ്ട് തന്നെ ടീമിന്റെ പ്രകടനത്തിലോ താരത്തിന്റെ വ്യക്തിപരമായ കരിയറിലോ ഈ വിലക്ക് വലിയ സ്വാധീനം ചെലുത്തിയേക്കില്ല. അതേസമയം, കൃത്യമായി ഉപയോഗിക്കാന്‍ പറ്റുന്ന ഒരു പാര്‍ട്ട് ടൈം ബൗളറാണ് കുന്നുമ്മേല്‍.

രോഹന് മാത്രമല്ല മറ്റ് നിരവധി താരങ്ങള്‍ക്കും വിലക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ബൗളര്‍മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന തനുഷ് കോട്ടിയയുടെ ബൗളിംഗ് ആക്ഷനിലും സംശയം രേഖപ്പെടുത്തിയിട്ടുണ്ട്.

ഹൈദരാബാദിനെതിരേ മുംബൈ ജയിച്ച രഞ്ജി ട്രോഫി മല്‍സരത്തിലാണ് താരത്തിന്റെ ആക്ഷനെതിരേ അംപയര്‍മാര്‍ക്ക് സംശയം ഉടലെടുത്തത്. അപൂര്‍വ് വാങ്കഡെ (വിദര്‍ഭ), ചിരാഗ് ഗാന്ധി (ഗുജറാത്ത്), രാമകൃഷ്ണ ഘോഷ് (മഹാരാഷ്ട്ര) എന്നിവര്‍ സംശയനിഴലിലാണ്.

അതേസമയം മനീഷ് പാണ്ഡെ, അര്‍മന്‍ ജാഫര്‍, വൃത്ഥിക് ചാറ്റെര്‍ജി, അസിം കാസി എന്നിവരെ ബൗള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്. വിലക്ക് നേരിട്ടവരില്‍ ഭൂരിഭാഗവും പാര്‍ട്ട് ടൈം ബൗളര്‍മാരാണ്.

Related Articles

Back to top button