Cricket

എന്ത് വിധിയിത്!! നോബോളില്‍ ബൗള്‍ഡായ സാക് ക്രോളിയെ വീണ്ടും ബൗള്‍ഡാക്കി ആകാശ് ദീപ്;വീഡിയോ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടം ലക്ഷ്യമിട്ട് റാഞ്ചിയില്‍ ഇറങ്ങിയ ഇന്ത്യ തുടക്കം മോശമാക്കിയില്ല. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഇതിനോടകം അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. 146 റണ്‍സാണ് അക്കൗണ്ടിലുള്ളത്.

സാക് ക്രോളി(42), ബെന്‍ ഡക്കറ്റ്(11), ഒലി പോപ്പ്(0), ജോണി ബെയര്‍‌സ്റ്റോ(38), ബെന്‍ സ്റ്റോക്‌സ്(3) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് മൂന്നും ജഡേജ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തീരുമാനം തെറ്റിയില്ലെന്നു തോന്നിപ്പിക്കും വിധമായിരുന്നു അവരുടെ തുടക്കം. തുടക്കത്തില്‍ ഭാഗ്യവും അവര്‍ക്കൊപ്പം നിന്നു.

ഓപ്പണര്‍ സാക് ക്രോളിയെ നാലാം ഓവറില്‍ ആകാശ് ദീപ് ബൗള്‍ഡാക്കിയെങ്കിലും ഫ്രണ്ട് ഫൂട്ട് നോബോളായതിനാല്‍ ഇംഗ്ലണ്ടിനത് ആശ്വാസമായി.


ആദ്യ അഞ്ചോവറില്‍ 18 റണ്‍സ്‌ മാത്രമെടുത്ത ഇംഗ്ലണ്ടിനായി ജീവന്‍ കിട്ടിയ സാക് ക്രോളി ആക്രമണം ഏറ്റെടുത്തു. മുഹമ്മദ് സിറാജിനെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി പറത്തിയ ക്രോളി തൊട്ടടുത്ത പന്തില്‍ സിക്‌സും പറത്തി ഒരോവറില്‍ അടിച്ചെടുത്തത് 19 റണ്‍സാണ്.

ഓപ്പണിംഗ് വിക്കറ്റില്‍ 47 റണ്‍സെടുത്ത ക്രോളി-ഡക്കറ്റ് സഖ്യം ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്നതിനിടെ ഡക്കറ്റിനെ മികച്ച ഒരു പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറലിന്റെ കൈകളിലെത്തിച്ച് ആകാശ് ദീപ് സന്ദര്‍ശകര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.

അതേ ഓവറില്‍ ഒലി പോപ്പിനെ കൂടി വിക്കറ്റിന് മുന്നില്‍ കുടുക്കി ആകാശ് ദീപ് വിക്കറ്റ് നേട്ടം രണ്ടാക്കിയതോടെ ഇംഗ്ലണ്ട് പതറി.

പിന്നീട് ക്രീസിലെത്തിയ ജോ റൂട്ട് തുടക്കത്തില്‍ തന്നെ എല്‍ബിഡബ്ല്യുവിനെ അതിജീവിച്ചു. എന്നാല്‍ തന്റെ അടുത്ത ഓവറില്‍ ക്രോളിയെ ലീഗല്‍ ഡെലിവറിയില്‍ ഒരിക്കല്‍ കൂടി ബൗള്‍ഡാക്കി ആകാശ് ദീപ് തിരിച്ചടിച്ചതോടെ ഇംഗ്ലണ്ട് 57ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്നു.

പിന്നീടെത്തിയ ജോണി ബെയര്‍‌സ്റ്റോ തകര്‍ത്തടിച്ചുവെങ്കിലും അശ്വിന്റെ പന്തില്‍ എല്‍ബിഡബ്ലു ആയി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനും പിടിച്ചു നില്‍ക്കാനായില്ല. ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യു.

പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ തോല്‍വിയാണ് ഇംഗ്ലീഷ് ടീം വഴങ്ങിയത്. നിലവില്‍ 146 റണ്‍സിന് അഞ്ചു വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോ റൂട്ട്(40), വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ്(10) എന്നിവരാണ് ക്രീസില്‍

Related Articles

Back to top button