Cricket

അയര്‍ലന്‍ഡിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു!! കാനഡയ്ക്ക് 12 റണ്‍സിന്റെ വിജയം

ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ അയര്‍ലന്‍ഡിന്റെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. രണ്ടാം മത്സരത്തില്‍ കാനഡയോടു 12 റണ്‍സിനു തോറ്റതോടെയാണ് ഐറിഷ് പട സൂപ്പര്‍ എട്ട് കാണില്ലെന്ന് ഏകദേശം ഉറപ്പായത്.

ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അയര്‍ലന്‍ഡ് കാനഡയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

നിശ്ചിത 20 ഓവറില്‍ കാനഡ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. 138 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ അയര്‍ലന്‍ഡിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

എട്ടോവറില്‍ 53ന് നാല് എന്ന നിലയില്‍ തകര്‍ന്ന കാനഡയെ രക്ഷിച്ചത് അഞ്ചാം വിക്കറ്റില്‍ നിക്കോളാസ് കിര്‍ട്ടനും ശ്രേയസ് മോവയും കൂട്ടിച്ചേര്‍ത്ത 74 റണ്‍സാണ്. കിര്‍ട്ടണ്‍ 35 പന്തില്‍ 49 റണ്‍സ് നേടിയപ്പോള്‍ മോവ 36 പന്തില്‍ 37 റണ്‍സ് നേടി.

അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യംഗ് എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗാരെത് ഡിലാനി, മാര്‍ക്ക് അഡയര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബാറ്റിംഗ് വിഷമകരമായ പിച്ചില്‍ കരുതലോടെയാണ് തുടങ്ങിയതെങ്കിലും ആറാം ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍ലിംഗ് പുറത്തായതോടെ ഐറിഷ് പടയുടെ തകര്‍ച്ച ആരംഭിച്ചു. അപ്പോള്‍ ടീം സ്‌കോര്‍ വെറും 26 റണ്‍സ് മാത്രമായിരുന്നു.

12.3 ഓവറില്‍ 59ന് ആറ് എന്ന നിലയിലേക്ക് അവര്‍ കൂപ്പുകുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടര്‍ന്ന് ജോര്‍ജ് ഡോക്‌റലും മാര്‍ക്ക് അഡയറും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും അവസാന ഓവറിലെ രണ്ടാം പന്തില്‍ അഡയര്‍ വീണതോടെ ഐറിഷ് പോരാട്ടം അവസാനിച്ചു.

24 പന്തില്‍ 34 റണ്‍സായിരുന്നു അഡയറിന്റെ സമ്പാദ്യം. ജോര്‍ജ് ഡോക്‌റല്‍ 23 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്നു.

രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ജെറമി ഗോര്‍ഡന്‍, ഡിലന്‍ ഹെയ്‌ലിഗര്‍ എന്നിവരുടെ ബൗളിംഗാണ് അയര്‍ലന്‍ഡിനെ പിടിച്ചു കെട്ടിയത്.

ഗോര്‍ഡന്‍ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍ ഹെയ്‌ലിഗറിന്റെ നാലോവറില്‍ അയര്‍ലന്‍ഡിന് നേടാനായത് വെറും 18 റണ്‍സായിരുന്നു. ജുനൈദ് സിദ്ധിഖി, ക്യാപ്റ്റന്‍ സാദ് ബിന്‍ സഫര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അയര്‍ലന്‍ഡിന്റെ ടോപ്‌സ്‌കോററായ നിക്കോളാസ് കിര്‍ട്ടനാണ് മത്സരത്തിലെ താരം. ഇതോടെ രണ്ടു മത്സരങ്ങളില്‍ ഒരു ജയവുമായി സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താനും കാനഡയ്ക്കായി.

Related Articles

Back to top button