Cricket

ലോകകപ്പ് ടീമിലേക്ക് അവനെ പരിഗണിക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല!! അഗാര്‍ക്കറിന് ഗില്‍ക്രിസ്റ്റിന്റെ ശക്തമായ സന്ദേശം

ട്വന്റി20 ലോകകപ്പ് ടീമിന്റെ പ്രഖ്യാപനത്തെ ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഏതൊക്കെ താരങ്ങള്‍ ടീമില്‍ ഇടംപിടിക്കുമെന്നുള്ള ആകാക്ഷയിലാണ് അവര്‍.

ചില താരങ്ങള്‍ ഇതിനോടകം ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെങ്കില്‍ മറ്റു ചിലരുടെ സ്ഥാനം കയ്യലപ്പുറത്തെ തേങ്ങ പോലെയാണ്.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുന്നുണ്ടെങ്കിലും ഓള്‍റൗണ്ടറായി ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.

ഐപിഎല്‍ തുടങ്ങും മുമ്പു വരെ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനം ഉറപ്പായിരുന്നുവെങ്കിലും ഐപിഎല്‍ ആരംഭിച്ചതോടെ കഥ മാറി. സീസണില്‍ താരം അത്ര മികച്ച ഫോമിലല്ലെന്നതാണ് കാരണം.

ബാറ്റിംഗില്‍ വന്‍ പരാജയമായ താരം ബൗളിംഗില്‍ ശരാശരി നിലവാരം മാത്രമാണ് പുലര്‍ത്തുന്നത്. മറുവശത്ത്, ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഓള്‍റൗണ്ടര്‍ ശിവം ദുബെ ബാറ്റിംഗില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്.

എന്നാല്‍ ഇംപാക്റ്റ് പ്ലെയര്‍ റൂള്‍ കാരണം അദ്ദേഹം പന്തെറിയുന്നില്ല. ദുബെയുടെ സ്ഥാനത്ത് ഒരു സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറെയാണ് മാനേജ്‌മെന്റ് തിരഞ്ഞെടുക്കുന്നത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് 157.05 സ്‌ട്രൈക്ക് റേറ്റില്‍ 245 റണ്‍സ് നേടിയ അദ്ദേഹം ചെന്നൈയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. ആഗോള ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ ദുബെ ഉണ്ടായിരിക്കണമെന്ന് ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് വരെ ഇതിനോടകം പറഞ്ഞു കഴിഞ്ഞു.

ശിവം ദുബെ അവിടെ ഉണ്ടാകണം. അദ്ദേഹം പന്ത് നന്നായി അടിക്കുന്നു, സ്പിന്നര്‍മാരെയും പേസര്‍മാരെയും അനായാസം നേരിടുന്നു. സെലക്ടര്‍മാര്‍ അവനോട് നെറ്റ്സില്‍ പന്തെറിയാന്‍ പറയണം.

ഇത് ഒരു മാച്ച് പ്രാക്ടീസ് അല്ലെന്ന് എനിക്കറിയാം, എന്നാല്‍ ഇത് വരാനിരിക്കുന്ന മത്സരങ്ങളില്‍ ബോളിംഗില്‍ അവനെ സഹായിച്ചേക്കും. പക്ഷേ, എന്തുതന്നെയായാലും ട്വന്റി20 ലോകകപ്പില്‍ ദുബെയെ അവഗണിക്കാനാവില്ല. ഗില്ലി കൂട്ടിച്ചേര്‍ത്തു.

നേരത്തെയും പല പ്രമുഖരും ശിവം ദുബെയെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. എന്നാല്‍ ബൗളിംഗ് ചെയ്യാത്തതാണ് ദുബെയ്ക്ക് വിനയാകുന്നത്. റിയാന്‍ പരാഗ് അടക്കമുള്ളവര്‍ അവസരം കാത്ത് നില്‍ക്കുമ്പോള്‍ ബൗളിംഗ് ഇല്ലെങ്കില്‍ ബാറ്ററായി മാത്രം ടീമില്‍ കയറിക്കൂടുക ദുബെയ്ക്ക് വിഷമകരമാവും.

മെയ് ഒന്നിന് ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Related Articles

Back to top button