Cricket

ഇന്ത്യന്‍ എ ടീമിനു വേണ്ടിപ്പോലും കളിക്കാന്‍ ഉമ്രാന്‍ മാലിക് യോഗ്യനല്ല!! വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യയുടെ എക്കാലത്തെയും വേഗതയേറിയ ബൗളറായ ഉമ്രാന്‍ മാലിക്കിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

അഫ്ഗാനിസ്ഥാനെതിരേയായ മൂന്നു മത്സര ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടംപിടിക്കാന്‍ താരത്തിനു കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇംഗ്ലണ്ട് ലയണ്‍സുമായുള്ള സന്നാഹ മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീമിലും താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.

തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ജമ്മു കാശ്മീര്‍ താരത്തെപ്പറ്റി ചോപ്ര തുറന്നു സംസാരിച്ചത്.

” കുറച്ചു കാലം മുമ്പ് എല്ലാ ചര്‍ച്ചകളിലും ഉമ്രാന്‍ മാലിക് ഉണ്ടായിരുന്നു. നമ്മള്‍ അവനെ വെസ്റ്റ് ഇന്‍ഡീസിലേക്ക് കൊണ്ടുപോയി. മാത്രമല്ല ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുന്ന കാര്യം വരെ ചര്‍ച്ച ചെയ്തു. എന്നാല്‍ ഇന്ന് ഇന്ത്യന്‍ ടീമിന്റെ പരിസരങ്ങളില്‍ പോലും ആ പേരില്ല. ഇന്ത്യന്‍ എ ടീമില്‍ പോലും അവനു സ്ഥാനമില്ല” ചോപ്ര വ്യക്തമാക്കുന്നു.

വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടെങ്കിലും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ താരത്തിനായില്ല. താരത്തിന്റെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകന്‍ മുത്തയ്യ മുരളീധരന്‍ വരെ ഉമ്രാന്റെ ബൗളിംഗിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

വേഗതയില്‍ പന്തെറിയുന്നതിനൊപ്പം മറ്റു ബൗളിംഗ് മികവുകള്‍ കൂടി ആര്‍ജ്ജിച്ചാല്‍ മാത്രമേ ഉമ്രാന്‍ ടീമിന് ഗുണകരമാവുന്ന ഒരു ബൗളറായി മാറൂ എന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.

2022 ഐപിഎല്ലില്‍ 22 വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് യുവതാരം ശ്രദ്ധേയനാകുന്നത്. മാരക പേസാണ് മറ്റ് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് താരത്തെ വ്യത്യസ്ഥനാക്കുന്നത്. എന്നാല്‍ 2023 സീസണില്‍ വെറും എട്ടു മത്സരങ്ങളില്‍ മാത്രം കളിച്ച താരം അഞ്ചു വിക്കറ്റു മാത്രമാണ് നേടിയത്. 10.85 ആയിരുന്നു എക്കോണമി റേറ്റ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് ഒരു മടങ്ങിവരവ് ഉമ്രാന് ദുഷ്‌കരമാവുമെന്നും ചോപ്ര പറയുന്നു.

Related Articles

Back to top button