Cricket

തീക്കാറ്റായി റിയാന്‍ പരാഗ്!! രഞ്ജി ട്രോഫി ചരിത്രത്തിലെ റെക്കോഡ് സെഞ്ചുറി!! പറത്തിയത് 12 സിക്‌സറുകള്‍

വരാന്‍ പോകുന്ന ഐപിഎല്ലില്‍ എന്തായാലും സഞ്ജു സാംസണ് ആശ്വസിക്കാം. സഞ്ജുവിന്റെ രാജസ്ഥാന്‍ ടീമംഗമായ റിയാന്‍ പരാഗ് രഞ്ജി ട്രോഫിയില്‍ നടത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

2024ലെ രഞ്ജി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ആസാമിന്റെ ക്യാപ്റ്റനായ റിയാന്‍ പരാഗ് രണ്ടാം ഇന്നിംഗ്‌സില്‍ ചത്തീസ്ഗഢിനെതിരേ നേടിയ ഉജ്ജ്വല സെഞ്ചുറി ഇതിനോടകം റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചു കഴിഞ്ഞു.

ടീം ആകെ നേടിയ 254 റണ്‍സില്‍ 155 റണ്‍സും പിറന്നത് പരാഗിന്റെ ബാറ്റില്‍ നിന്നായിരുന്നു. വെറും 86 പന്തില്‍ നിന്നായിരുന്നു താരം ഇത്രയും റണ്‍സ് അടിച്ചു കൂട്ടിയത്. 11 ബൗണ്ടറികളും 12 സിക്‌സറുമാണ് ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങുമായി പരാഗ് പായിച്ചത്.

ഈ മാസ്മരിക പ്രകടനത്തോടെ രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി എന്ന അസുലഭ നേട്ടവും താരത്തിന് സ്വന്തമായി. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെറും 56 പന്തിലായിരുന്നു താരം മൂന്നക്കം തികച്ചത്.

നിലവില്‍ രഞ്ജിയിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിന്റെ പേരിലാണ്. 2016-17 സീസണില്‍ ജാര്‍ഖണ്ഡിനെതിരേ ഡല്‍ഹിയ്ക്കായി 48 പന്തിലാണ് റിഷഭ് പന്ത് സെഞ്ചുറി തികച്ചത്.

എന്നിരുന്നാലും പരാഗിന്റെ സൂപ്പര്‍ സെഞ്ചുറിയ്ക്കും ടീമിനെ രക്ഷിക്കാനായില്ല. ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കാനായി എന്ന ആശ്വാസം മാത്രം. 87 റണ്‍സ് ടാര്‍ജറ്റ് വിക്കറ്റ് നഷ്ടം കൂടാതെ ചത്തീസ്ഗഢ് മറികടക്കുകയായിരുന്നു.

നാലാം നമ്പരില്‍ വന്ന താരം ഒമ്പതാമനായാണ് പുറത്തായത്. അവസാന 51.3 ഓവറില്‍ 245 റണ്‍സാണ് ആസാം അടിച്ചു കൂട്ടിയത്. ആദ്യ 29 പന്തില്‍ എട്ടു റണ്‍സ് മാത്രം നേടിയ ശേഷമായിരുന്നു പരാഗിന്റെ ഈ അവിശ്വസനീയ പ്രകടനം.

എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ആസാമിനെയും ചത്തീസ്ഗഢിനെയും കൂടാതെ മുംബൈ, ബംഗാള്‍, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, കേരളം,ബിഹാര്‍ എന്നീ ടീമുകളാണുള്ളത്.

Related Articles

Back to top button