Cricket

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് കൈയോടെ 6 കോടി രൂപ നല്‍കി സര്‍ക്കാര്‍

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വിവിധ കുടിശികകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ ആറ് കോടി രൂപ അനുവദിച്ചു. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്പോട്സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്ആന്റ്എഫ്എല്‍) വരുത്തിയ കുടിശിക അടയ്ക്കാന്‍ മാത്രം ഉപയോഗിക്കുന്നതിനായാണ് ഈ തുക അനുവദിച്ചത്.

ഡിബിഒടി (ഡിസൈന്‍ ബില്‍ഡ് ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍) രീതിയില്‍ നിര്‍മ്മിച്ച സ്റ്റേഡിയമാണിത്. 2027 വരെയാണ് കെഎസ്എഫ്എല്ലിന് ഈ അവകാശമുള്ളത്. അവര്‍ സ്റ്റേഡിയം പരിപാലിക്കുന്നതില്‍ അനാസ്ഥ കാട്ടിയതിനെ തുടര്‍ന്നാണ് ആന്വിറ്റി തുക ആറു കോടിയോളം സര്‍ക്കാര്‍ പിടിച്ചുവെച്ചത്.

2019-20 കാലയളവിലെ ആന്വിറ്റിയില്‍ നിന്ന് പിടിച്ചുവെച്ച തുകയാണ് ഇപ്പോള്‍ അനുവദിച്ചത്. ഈ കുടിശ്ശികകള്‍ തീര്‍ക്കുന്നതിന് 6 കോടിയില്‍ നിന്ന് ആവശ്യമായ തുക നല്‍കാന്‍ സ്പോട്സ് ആന്റ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ നടപടി സ്വീകരിക്കും.

ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും പിന്തുണയും കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കുന്നുണ്ട്. മത്സരം നല്ല നിലയില്‍ നടത്താന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി.

Related Articles

Back to top button