Cricket

ഇനി അവനെ ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല!! ആ യുവതാരം ഗില്ലിനേക്കാള്‍ കേമനെന്ന് ആകാശ് ചോപ്ര

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരം ആകാശ് ചോപ്ര.

ലോകകപ്പ് ടീമില്‍ ജയ്‌സ്വാളിനെ എടുത്തില്ലെങ്കില്‍ അത് അന്യായമാവുമെന്നും ചോപ്ര പറയുന്നു. അഫ്ഗാനെതിരായ രണ്ടാം ട്വന്റി20യില്‍ ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ടതിനു ശേഷമായിരുന്നു ചോപ്രയുടെ പ്രതികരണം.

മത്സരത്തില്‍ വെറും 34 പന്തില്‍ 68 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. അഞ്ചു ബൗണ്ടറികളും ആറ് പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

” എന്തൊരു ബാറ്റിംഗ് ആണ് അവന്റേത്, ഭയരഹിതമായാണ് അവന്‍ കളിക്കുന്നത്. യാതൊരു അലസതയും അശ്രദ്ധയുമില്ല. ആത്മവിശ്വാസം ആവോളമുള്ള കളിക്കാരന്‍. സിക്‌സറുകള്‍ സ്റ്റേഡിയത്തിനു വെളിയിലേക്ക് പായിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു.” ചോപ്ര പറയുന്നു.

”യശസ്വി ലോകകപ്പിന് പോകും. അവന്റെ ഈ ഉജ്ജ്വല പ്രകടനം ഇന്ത്യന്‍ മാനേജ്‌മെന്റിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നിങ്ങള്‍ അവനെ ഓപ്പണ്‍ ചെയ്യാന്‍ അനുവദിക്കുകയാണെങ്കില്‍ ആര്‍ക്കും അവനെ തൊടാനാകില്ല.”

”ഇപ്പോള്‍ അവന്‍ ഗില്ലിനും മുകളിലായി. നിലവില്‍ ഇന്ത്യന്‍ ടീമിന് ഈ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന ഒരു താരത്തെ അത്യാവശ്യമാണ് അല്ലെങ്കില്‍ ഈ ലോകകപ്പ് 2022 ട്വന്റി20 ലോകകപ്പിന്റെ ആവര്‍ത്തനമാകും. പഴയ കളി ശൈലി തുടരുകയാണെങ്കില്‍ വര്‍ഷം മാത്രം മാറി എന്നു മാത്രമായിരിക്കും ഫലം.’

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ തകര്‍ത്തത്. ഇതോടെ ഒരു മത്സരം ശേഷിക്കെ പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്കായി. അഫ്ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയ ലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

68 റണ്‍സ് നേടിയ ജയ്‌സ്വാളിനു പുറമെ 32 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്ത ശിവം ദുബെയും മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ മത്സരത്തിലും ശിവം ദുബെ അര്‍ധ സെഞ്ചുറി നേടിയിരുന്നു.

Related Articles

Back to top button