Kabadi

ലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് പ്രൊ കബഡി ടീമുകള്‍; ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാവിന് ലഭിച്ചത് റിക്കാര്‍ഡ് തുക!!

പത്താം സീസണ്‍ പ്രൊ കബഡിയുടെ വീറും വാശിയും കൂടുമെന്ന് അടിവരയിട്ട് താര ലേലം പൊടിപൊടിച്ചു. 2023 ഡിസംബര്‍ രണ്ട് മുതലാണ് 10-ാം സീസണ്‍ പ്രൊ കബഡി ലീഗ് അരങ്ങേറുക. ഇന്ത്യയിലെ 12 നഗരങ്ങളിലായി അരങ്ങേറുന്ന 10-ാം സീസണിന്റെ താരലേലത്തില്‍ കോടികളാണ് ടീമുകള്‍ സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കാന്‍ വാരിയെറിഞ്ഞത്.

മുംബൈയില്‍ രണ്ട് ദിവസമായി അരങ്ങേറിയ താരലേലത്തില്‍ 118 കളിക്കാരെ വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി. ചൈനയുടെ ഹാങ്ചൗവില്‍ ഈ മാസം ആദ്യം അവസാനിച്ച ഏഷ്യന്‍ ഗെയിംസില്‍ കബഡി സ്വര്‍ണം നേടിയ ഇന്ത്യന്‍ പുരുഷ ടീം അംഗമായ പവന്‍ സെഹ്രാവത്തിനു വേണ്ടിയായിരുന്നു ഏറ്റവും വാശിയേറിയ ലേലം അരങ്ങേറിയത്.

2.60 കോടി രൂപ മുടക്കി തെലുങ്കു ടൈറ്റന്‍സ് പവന്‍ സെഹ്രാവത്തിനെ സ്വന്തമാക്കി. പ്രൊ കബഡി ലീഗിലെ ഏറ്റവും വിലയേറിയ താരം എന്ന പട്ടം ഇതോടെ പവനെ തേടിയെത്തി. ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇറാന്‍ താരങ്ങളെയും ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി എന്നതും ശ്രദ്ധേയം.

അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മുഹമ്മദ്റെസ ചിയാനേഹിനെ പുനേരി പത്താന്‍ 2.35 കോടി രൂപയ്ക്ക് സ്വന്തമാക്കിയതായിരുന്നു. ഏറ്റവും വിലയേറിയ വിദേശ താരം, 10-ാം സീസണ്‍ ലേലത്തില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരം എന്നീ നേട്ടങ്ങളും മുഹമ്മദ്റെസയെ തേടിയെത്തി.

മനിന്ദര്‍ സിംഗിനെ ബംഗാള്‍ വാരിയേഴ്സ് നിലനിര്‍ത്തിയതും രണ്ട് കോടിയില്‍ അധികം തുക മുടക്കിയായിരുന്നു. നിരവധി ഫ്രാഞ്ചൈസികള്‍ മനിന്ദര്‍ സിംഗിനായി രംഗത്ത് ഉണ്ടായിരുന്നു. എന്നാല്‍, 2.12 കോടി മുടക്കി ബംഗാള്‍ വാരിയേഴ്സ് താരത്തെ നിലനിര്‍ത്തി.

മറ്റൊരു ഇറാന്‍ താരമായ ഫസെല്‍ അട്രാചെലിയെ 1.60 കോടി മുടക്കി ഗുജറാത്ത് ജയ്ന്റ്സ് സ്വന്തമാക്കിയതായിരുന്നു ഏറ്റവും വിലയേറിയ നാലാമത്തെ ലേലം. ഹരിയാന സ്റ്റീലേഴ്സ് ഒരു കോടി രൂപ മുടക്കി സിദ്ധാര്‍ഥ് ദേശായിയെ സ്വന്തമാക്കിയതായിരുന്നു 10-ാം സീസണ്‍ താര ലേലത്തിലെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ ലേലം.

പോളണ്ടില്‍നിന്നുള്ള പിയോട്ര് പമുലാക്കിനെ 13 ലക്ഷം രൂപയ്ക്ക് ബംഗളൂരു ബുള്‍സ് സ്വന്തമാക്കി. പോളണ്ടില്‍ നിന്ന് പ്രൊ കബഡി ലീഗില്‍ കളിക്കുന്ന രണ്ടാമന്‍ എന്ന നേട്ടം പമുലാക്ക് ഇതോടെ സ്വന്തമാക്കി. ഇംഗ്ലണ്ട്, ചൈനീസ് തായ്പേയി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരെയും ഫ്രാഞ്ചൈസികള്‍ ലേലത്തിലൂടെ സ്വന്തമാക്കി.

അതേസമയം, ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ദീപക് നിവാസ് ഹൂഡ, സെന്‍സേഷ്ണല്‍ ഓള്‍ റൗണ്ടര്‍ നിതിന്‍ തോമര്‍, ബംഗളൂരു ബുള്‍സ് മുന്‍ ക്യാപ്റ്റന്‍ രോഹിത് കുമാര്‍, സുകേഷ് ഹെഗ്ഡെ തുടങ്ങിയ പ്രമുഖരെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയാറായില്ല.

പ്രൊ കബഡി ഇതിഹാസമായി വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ചൗധരിയെ സ്വന്തമാക്കാന്‍ ഇത്തവണയും ഫ്രാഞ്ചൈസികള്‍ രംഗത്ത് ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം. 2022ല്‍ ചാമ്പ്യന്മാരായ ജയ്പുര്‍ പിങ്ക് പാന്ഥേഴ്സില്‍ രാഹുല്‍ ചൗധരി തിരിച്ചെത്തി.

13 ലക്ഷം രൂപയ്ക്കായിരുന്നു 30കാരനായ രാഹുല്‍ ചൗധരിയെ പിങ്ക് പാന്ഥേഴ്സ് സ്വന്തമാക്കിയത്. 2014ല്‍ ആരംഭിച്ച പ്രൊ കബഡി ലീഗില്‍ പട്ന പൈറേറ്റ്സ് ആണ് ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായത്, മൂന്ന് തവണ. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലുമാണ് സംപ്രേക്ഷണം.

Back to top button