Sports News

മൂന്നാം ട്വന്റിയില്‍ സഞ്ജുവിനെ എവിടെ കളിപ്പിക്കും !! ആരെ പുറത്തിരുത്തും; തലപുകച്ച് ടീം മാനേജ്‌മെന്റ്

സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ചുഴലിക്കാറ്റ് മൂലം വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ടീമിന്റെ തിരിച്ചെത്തല്‍ വൈകിയത് ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും സഞ്ജുവിന് നഷ്ടമാക്കിയിരുന്നു.

സ്വീകരണ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം അവസാന മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് ടീം മാനേജ്മെന്റ് സഞ്ജുവിനെ സിംബാബ്വെയിലേക്ക് പറഞ്ഞയച്ചത്.

കഴിഞ്ഞ ദിവസം സഞ്ജു ഹരാരെയിലെത്തിയിരുന്നു. അതേ സമയം സഞ്ജുവിനെ എവിടെ കളിപ്പിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രധാന ആശങ്ക.

സഞ്ജുവിനെ അദ്ദേഹത്തിന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സബാ കരീം ആവശ്യപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”സിംബാബ് വെ പര്യടനം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാവുമെന്ന് ഞാന്‍ കരുതുന്നു.

ഈ പരമ്പരയില്‍ അവന്‍ അഞ്ച് മത്സരങ്ങളും കളിക്കണമായിരുന്നു. അതും മൂന്നാം നമ്പറില്‍. കാരണം അതാണ് അവന്‍ ഇഷ്ടപ്പെടുന്നതും മികച്ച പ്രകടനം കാഴ്ചവെച്ചതും. ഇത് ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റത്തിന്റെ സമയമാണ്.

സിംബാബ്വെ സീരീസില്‍ നിന്ന് പരിവര്‍ത്തനം ആരംഭിക്കും. സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ധാരാളം ഓപ്ഷനുണ്ടാവും. ഒരുപാട് പുതുമുഖങ്ങളിലേക്ക് ശ്രദ്ധ തിരിയും. വിക്കറ്റ് കീപ്പര്‍ സ്ലോട്ടില്‍ പോലും മത്സരമുണ്ടാവും. എങ്കിലും സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവണം.” സബാ കരീം പറഞ്ഞു.

സഞ്ജുവിന്റെ സമീപകാല പ്രകടനത്തെ കുറിച്ചും സബാ കരീം സംസാരിച്ചിരുന്നു. ”അടുത്തിടെ സഞ്ജു മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു. അയാള്‍ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഇപ്പോള്‍ ഏറെ അനുഭവസമ്പത്തുള്ള താരമാണ് സഞ്ജു.

അതുകൊണ്ടുതന്നെ ഏറെ വെല്ലുവിളികളും താരത്തിനുണ്ട്. കരിയറില്‍ മുന്നോട്ട് പോവുമ്പോള്‍ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ തന്നെ കളിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” സാബാ കരിം പറഞ്ഞു നിര്‍ത്തി.

എന്നാല്‍ സഞ്ജുവിന്റെ പൊസിഷന്‍ ടീം മാനേജ്‌മെന്റിന് വലിയ തലവേദനയാണുണ്ടാക്കുന്നത്. രണ്ടാം ട്വന്റി20യില്‍ റിതുരാജ് ഗെയ്ക്വാദാണ് കളിച്ചത്.

47 പന്തില്‍ 77 റണ്‍സെടുത്ത് ഗെയ്കവാദ് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. നാലാം നമ്പറിലെത്തിയ റിങ്കു സിംഗും (22 പന്തില്‍ 48) അവസരം നന്നായി മുതലാക്കി. മികച്ച ഫോമില്‍ കളിക്കുന്ന ഇരുവരേയും മാറ്റുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

ഓപ്പണറായി കളിച്ച അഭിഷേക് ശര്‍മയാവട്ടെ സെഞ്ചുറി നേടി കരുത്ത് തെളിയിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ട് ട്വന്റി20യിലും നിരാശപ്പെടുത്തിയെങ്കിലും സ്ഥാനത്തിന് ഇളക്കം സംഭവിക്കില്ല.

ഇനി സഞ്ജുവിന് സാധ്യതയുള്ളത് നാലാം നമ്പരിലാണ്. റിങ്കുവിനെ ഏതു പൊസിഷനിലും പരീക്ഷിക്കാമെന്നതിനാല്‍ അത് പ്രശ്‌നമല്ല.

പക്ഷെ കഴിഞ്ഞ കളിയില്‍ അരങ്ങേറിയിട്ടും അവസരം ലഭിക്കാത്ത സായ് സുദര്‍ശനെ ഒഴിവാക്കേണ്ടി വരും. അതുമല്ലെങ്കില്‍ ഒരു മത്സരത്തില്‍ മാത്രം ബാറ്റിംഗ് അവസരം ലഭിച്ച റിയാന്‍ പരാഗിനെയോ ധ്രുവ് ജൂറലിനെയോ ഒഴിവാക്കേണ്ടി വരും. എന്തു ചെയ്യുമെന്ന ധര്‍മ സങ്കടത്തിലാണ് ടീം മാനേജ്‌മെന്റ് ഇപ്പോള്‍.

Related Articles

Back to top button