Football

യൂറോ ആരവങ്ങള്‍ക്ക് ഇന്ന് അര്‍ദ്ധരാത്രി പന്തുരുളും; കപ്പ് നേടാന്‍ സാധ്യത ഈ ടീമുകള്‍ക്ക്

യൂറോപ്പിന്റെ ആവേശപ്പോരാട്ടമായ യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് അര്‍ദ്ധരാത്രി പന്തുരുളുമ്പോള്‍ തങ്ങളുടെ ഇഷ്ട ടീമുകള്‍ കപ്പില്‍ മുത്തമിടുന്നത് സ്വപ്‌നം കാണുകയാണ് ആരാധകര്‍. എങ്കിലും പല അത്ഭുതങ്ങള്‍ക്ക് വേദിയായിട്ടുള്ള ടൂര്‍ണമെന്റാണ് യൂറോ. സാധ്യത കല്‍പ്പിച്ചിട്ടില്ലാത്ത ടീമുകള്‍ വരെ യൂറോ ചാമ്പ്യന്മാരായ ചരിത്രങ്ങളുണ്ട്. അതുകൊണ്ട് തന്നെ ആരൊക്കെ നേടും ആരൊക്കെ വീഴും എന്ന് മുന്‍കൂട്ടി പ്രവചിക്കുക അസാധ്യം. എങ്കിലും നിലവിലെ ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യൂറോ അടക്കാന്‍ സാധ്യതയുള്ള ടീമുകള്‍ ഇവരൊക്കെയാണ്.

ഒരുപതിറ്റാണ്ടിലേറെ നീണ്ട പതനത്തില്‍ നിന്ന് തിരിച്ചുവരവിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ജര്‍മ്മനി യൂറോയ്ക്ക് ഇറങ്ങുന്നത്. വെള്ളിയാഴച്ച രാത്രി 12.30 ന് യൂറോയുടെ ക്വിക്ക് ഓഫ് മത്സരത്തില്‍ ജര്‍മ്മനി പോരാട്ടതിന് ഇറങ്ങും. സ്‌കോട്ട്‌ലാന്‍ഡാണ് എതിരാളികള്‍. ഗ്രൂപ്പ്ഘട്ടത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടാനില്ലെങ്കിലും നോക്കൗട്ടില്‍ ആരൊക്കെ എതിരാളികളാകുമെന്നത് നോക്കിയാകും ജര്‍മ്മനിയുടെ മുന്നോട്ടുള്ള സാധ്യത.

യുവത്വത്തിന്റെ കരുത്തും പരിചയസമ്പത്തും ഇടകലര്‍ന്ന താരനിരയുമായാണ് ജൂലിയന്‍ നാഗല്‍സ്മാന്‍ ജര്‍മ്മന്‍ ടീമിനെ യൂറോയ്ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. ഇതിഹാസ താരമെന്ന് വിശേഷിപ്പിക്കാവുന്ന മധ്യനിരയിലെ കരുത്ത് ടോണി ക്രൂസിന്റെ വിടവാങ്ങല്‍ ടൂര്‍ണമെന്റ് കൂടിയായണ്. യൂറോ കപ്പ് നേടിക്കൊടുത്ത് രാജകീയ വിടവാങ്ങലാക്കാനാണ് സഹതാരങ്ങളുടെയും കോച്ചിന്റെയും പരിശ്രമം.

4-2-3-1 എന്ന പതിവ് ഫോര്‍മേഷനിലാകും നാഗല്‍സ്മാന്‍ ഉദ്ഘാടന മത്സരത്തില്‍ ടീമിനെ അണി നിരത്തുക. സ്‌ട്രൈക്കര്‍ പൊസിഷനില്‍
കൈ ഹാവെര്‍ട്‌സിനാണ് സാധ്യത. മുന്നേറ്റ നിരയില്‍ ഇടത്പാര്‍ശ്വത്തില്‍ 21കാരനായ ഫ്‌ലോറിയന്‍ വിര്‍ട്ട്‌സും വലത്പാര്‍ശ്വത്തില്‍ ജര്‍മ്മനിയുടെ യുവപ്രതീക്ഷയായ ജമാല്‍ മുസിയാലയും ഉണ്ടാകും. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി പരിചയസമ്പന്നനായ ഇല്‍കെ ഗുണ്ടോഗനും വരുന്നതോടെ ആരെയും നേരിടാന്‍ കരുത്തുള്ള മുന്നേറ്റനിരയാകും ജര്‍മ്മനിയുടേത്.

തൊട്ടു പിറകില്‍ ടോണി ക്രൂസും റോബര്‍ട്ട് ആന്‍ഡ്രിച്ചും വരുന്നതോടെ പരിചയസമ്പത്തിന്റെ കരുത്തിലാകും മധ്യനിര. പ്രതിരോധ കോട്ട കാക്കാന്‍ അന്റോണിയോ റൂഡിഗറും ജോഷ്വ കിമ്മിച്ചും ജോനാഥന്‍ താഹും മാക്‌സിമിലിയന്‍ മിറ്റല്‍സ്റ്റെഡും നിരന്നാല്‍ ജര്‍മ്മന്‍ വലകുലുക്കാന്‍ എതിരാളികള്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. നീണ്ട പരാജയങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് വരുന്ന ടീമാണ് ജര്‍മനി. അതിനാല്‍ തന്നെ കഴിഞ്ഞ കോപ്പ അമേരിക്കയില്‍ അര്‍ജന്റീന അത്ഭുതം കാട്ടിയതുപോലെ ഒരുപക്ഷേ കപ്പില്‍ മുത്തമിടാന്‍ ജര്‍മ്മനിക്കായേക്കും.

ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. പ്രഗത്ഭരായ താരസമ്പത്താണ് ഇംഗ്ലണ്ടിന്റെ കരുത്ത്. 21 കാരനായ ജൂഡ് ബെല്ലിംഗ്ഹാം മുതല്‍ 34 കൈല്‍ വാക്കര്‍ വരെ പരിചയസമ്പത്തും യുവത്വവും ടീമിന് കരുത്തായുണ്ട്. ഹാരി കെയ്‌നും ഫില്‍ ഫോഡനും, കോലോ പാള്‍മറും ബുക്കായോ സക്കയുമൊക്കെ അടങ്ങുന്ന ടീം കരുത്തരാണ്.

പക്ഷെ, ഫ്രാന്‍സ് പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിയാല്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ കഴിയില്ല എന്നതും ഒര്‍ക്കണം. രണ്ടോ മൂന്നോ ടീമുകളെ ഒരേസമയം കളത്തിലിറക്കാന്‍ കഴിയുന്നത്ര പ്രഗത്ഭരായ താരനിരയുണ്ട് ഫ്രാന്‍സിന്. ഫിഫാ റാങ്കില്‍ രണ്ടാത്. യൂറോപ്യന്‍ ടീമിലെ ഏറ്റവും കരുത്തര്‍. കെലിയന്‍ എംബാപ്പയും അന്റോണിയോ ഗ്രീസ്മാനും കോലോമുവാനിയും കാമവിംഗയും ചൊമേനിയും മാര്‍ക്വസ് തൂറാമും ഡിംബല്ലയും ലൂക്കാസ് ഹെര്‍ണാണ്ടസുമൊക്കെയുള്ള താരനിര അതിശക്തമാണ്.

കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ 2-1 ജര്‍മനിയോട് തോറ്റെങ്കിലും അതൊന്നും കളിക്കാരുടെ മാനസിക നിലയെ തകര്‍ക്കില്ല. ഏത് പ്രതികൂല സാഹചര്യത്തിലും തിരിച്ചുവരാന്‍ കരുത്തുള്ള ടീമാണ്. വേള്‍ഡ് കപ്പ് ഫൈനലില്‍ അര്‍ജന്റീനയുമായി 2-0 ന് പിന്നില്‍ നിന്ന് ശേഷം ഫ്രാന്‍സ് നടത്തിയ തിരിച്ച് വരവ് തന്നെ ഉദാഹരണം.

മരണഗ്രൂപ്പില്‍ പെട്ടുപോയതാണ് ക്രൊയേഷ്യയ്ക്കും ഇറ്റലിക്കും സ്‌പെയിനിനും ഏറ്റ പ്രഹരം. ഇവരില്‍ ഗ്രൂപ്പ് കടക്കുന്ന ആ രണ്ട് പേര്‍ ആരാകും എന്നതാണ് ഫുട്‌ബോള്‍ ലോകം ഉറ്റ് നോക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിക്കാണ് വെല്ലുവിളി ഏറെ. ഫോം മങ്ങിയ ഇറ്റലി യൂറോയില്‍ തിരിച്ചുവരവ് നടത്തുമോയെന്ന് കാണണം. ക്രൊയേഷ്യയ്ക്ക് പരിചയ സമ്പത്തും സ്‌പെയിന് യുവത്വവും കരുത്താണ്.

ജര്‍മനി പോലെ പതനത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ടീമാണ് സ്‌പെയിന്‍. അതുകൊണ്ട് തന്നെ എതിരാളികള്‍ ഭയക്കണം. കഴിഞ്ഞ രണ്ട് സൗഹൃദ മത്സരങ്ങളിലും ഒന്നിപ്പോലും വിജയിക്കാന്‍ സ്‌പെയിനായില്ലെങ്കിലും ബ്രസീലുമായി സമനില നേടിയത് പ്രതീക്ഷയാണ്. ലൂക്കോ മോഡ്രിച്ചും പെരിസിച്ചും അടങ്ങുന്ന ക്രൊയേഷ്യയും കരുത്തരാണ്. മൂവരില്‍ ആരൊക്കെ നോക്കൗണ്ടില്‍ പ്രവേശിക്കുമെന്നതാണ് ടൂര്‍ണമെന്റിനെ ആവശ്യമാക്കുന്നത്. ഇവര്‍ക്കൊപ്പം ബല്‍ജിയവും നെതലാന്‍ഡും പോര്‍ച്ചുഗലും ചാമ്പ്യന്മാരാകാന്‍ എന്തുകൊണ്ടും കരുത്തരാണെന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button