Football

ഇംഗ്ലീഷുകാരുടെ പെനാല്‍റ്റിയില്‍ ഒരു രഹസ്യമുണ്ടായിരുന്നു!! കൈയ്യടിച്ച് ഫുട്ബോള്‍ പ്രേമികള്‍…

പെനാല്‍റ്റി ഷൂട്ടൗട്ട്… ഒരു ഫുട്ബോള്‍ കളിക്കാരന്റെ ഏറ്റവും വലിയ പരീക്ഷണങ്ങളില്‍ ഒന്ന്… കാരണം, ഒരു രാജ്യത്തിന്റെ മുഴുവന്‍ സ്വപ്നവും അയാള്‍ എടുക്കുന്ന ഒരൊറ്റ കിക്കിനെ ആശ്രയിച്ചാണ്.

കിക്ക് പാഴായാല്‍ ടീം തോല്‍ക്കും. റോബര്‍ട്ടോ ബാജിയോയുടെ പെനാല്‍റ്റി പുറത്തേക്ക് പാഞ്ഞപ്പോള്‍ ഇറ്റലിക്ക് ലോകകപ്പ് കിരീടം തന്നെ നഷ്ടപ്പെട്ട ചരിത്രം ഫുട്ബോളിലുണ്ട്.

2021 യുവേഫ യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിക്കു മുന്നില്‍ പരാജയപ്പെട്ടത് ഷൂട്ടൗട്ടിലൂടെ ആയിരുന്നു. റാഷ്ഫോഡ്, ജേഡന്‍ സാഞ്ചോ, ബുകായൊ സാക്ക എന്നിവരുടെ കിക്കുകള്‍ പാഴായി. അതോടെ ഇംഗ്ലണ്ടിന്റെ കിരീട സ്വപ്നം പൊലിഞ്ഞു.

2024 യൂറോ കപ്പില്‍ ഇംഗ്ലണ്ട് സെമി ഫൈനലില്‍ എത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സ്വിറ്റ്സര്‍ലന്‍ഡിനെ ക്വാര്‍ട്ടറില്‍ കീഴടക്കിയായിരുന്നു. ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് ചില തന്ത്രങ്ങള്‍ പ്രയോഗിച്ചു. അതില്‍ ആദ്യത്തേത് സ്വിസ് താരങ്ങള്‍ പെനാല്‍റ്റി സാധാരണയായി എടുക്കുന്നത് ഏതു വശത്തേക്കാണെന്ന് ഗോള്‍ കീപ്പര്‍ പിക്ഫോഡിന്റെ വാട്ടര്‍ ബോട്ടിലില്‍ പതിപ്പിക്കുക എന്നതായിരുന്നു.

വാട്ടര്‍ ബോട്ടിലില്‍ കുറിച്ച കാര്യങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച് ചാടിയ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ആദ്യ കിക്ക് തടഞ്ഞു. 5-3നായിരുന്നു ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് ജയിച്ചത്. സെമിയില്‍ നെതര്‍ലന്‍ഡ്സ് ആണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം ജൂലൈ 10 അര്‍ധരാത്രി 12.30നാണ് ഇംഗ്ലണ്ട്-നെതര്‍ലന്‍ഡ്സ് സെമി ഫൈനല്‍.

ഷൂട്ടൗട്ടിനിടെ ഇവാന്‍ ടോണി എടുത്ത പെനാല്‍റ്റിയെ ചരിത്രത്തിലെ ഏറ്റവും കോള്‍ഡസ്റ്റ് കിക്ക് എന്നാണ് വിശേഷിപ്പിച്ചതെന്നതും ശ്രദ്ധേയം. ഇംഗ്ലീഷ് താരം വെറുതേ എത്തി, പന്തില്‍ നോക്കുക പോലും ചെയ്യാതെ, വലയിലേക്ക് പന്ത് എത്തിക്കുയായിരുന്നു.

എന്നാല്‍, ഇതൊന്നുമല്ല പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാര്യം. ഷൂട്ടൗട്ടിനിടെ ഇംഗ്ലീഷ് ടീം നടത്തിയ പരസ്പര മാനസിക പിന്തുണയായിരുന്നു ഹൈലൈറ്റ്.

ഷൂട്ടൗട്ടില്‍ ഓരോ കിക്ക് എടുത്തശേഷവും കളിക്കാര്‍ തിരിച്ച് ടീമിനൊപ്പം അണിചേരുക എന്നതാണ് ഇതുവരെ ലോക ഫുട്ബോളില്‍ കണ്ടത്. എന്നാല്‍, 2024 യൂറോ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ടീമില്‍ അതിനു മാറ്റമുണ്ടായി.

ഓരോ പെനാല്‍റ്റിക്കും ശേഷം കിക്കെടുത്ത് തിരിച്ച് നടക്കുന്ന താരത്തെ സ്വീകരിച്ചാനയിച്ച് ടീമിനൊപ്പം ചേര്‍ക്കുന്നതിന് മറ്റൊരു കളിക്കാരന്‍ ബോക്സിനു സമീപത്തേക്ക് എത്തിയിരുന്നു. കിക്ക് നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പെനാല്‍റ്റി എടുക്കുന്ന ആള്‍ തനിച്ചല്ലെന്ന മാനസിക കരുത്ത് പകരുന്നതായിരുന്നു ഇത്.

ഇതു പ്രകാരം ഇവാന്‍ ടോണിയെ സ്വീകരിക്കാനായി റീസും ബുകായൊ സാകയെ സ്വീകരിക്കാന്‍ ജോണ്‍ സ്റ്റോണ്‍സും ജൂഡ് ബെല്ലിങ്ഗമിനെ സ്വീകരിക്കാന്‍ ലൂക്ക് ഷോയും കോള്‍ പാല്‍മറിനെ സ്വീകരിക്കാന്‍ കെയ്ല്‍ വാക്കറും പെനാല്‍റ്റി ബോക്സിനു സമീപത്തേക്ക് എത്തി.

Related Articles

Back to top button