Football

ഫില്‍ ഫോഡന്‍ ഇംഗ്ലീഷ് ക്യാമ്പ് വിട്ടു; യൂറോയ്ക്കിടെ ഇംഗ്ലണ്ടിനു വന്‍തിരിച്ചടി…

ആരാധകരുടെ പ്രിയടീമായി 2024 യുവേഫ യൂറോ കപ്പിന് എത്തിയ ഇംഗ്ലണ്ട് നടുകടലില്‍ നട്ടംതിരിയുകയാണ്. യുവേഫ യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കുറവ് ഗോള്‍ പിറന്ന ഗ്രൂപ്പാണ് ഇത്തവണ ഇംഗ്ലണ്ട് ഉള്‍പ്പെട്ട ഗ്രൂപ്പ് സി.

ഇംഗ്ലണ്ട്, ഡെന്മാര്‍ക്ക്, സ്ലോവേനിയ, സെര്‍ബിയ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ ഇത്തവണ പിറന്നത് വെറും ഏഴ് ഗോള്‍ മാത്രം. യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കുറവ് ഗോള്‍ പിറന്ന ഗ്രൂപ്പ് എന്ന റിക്കാര്‍ഡിനൊപ്പമാണിത്.

ഗ്രൂപ്പ് സിയില്‍ സ്ലോവാക്യയ്ക്കെതിരേ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനു പിന്നാലെ ഇംഗ്ലീഷ് ആരാധകര്‍ ഇംഗ്ലണ്ട് മുഖ്യപരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റിനുനേര്‍ക്ക് ബിയര്‍ ഗ്ലാസ് എറിഞ്ഞിരുന്നു.

ഈ പ്രതിസന്ധികള്‍ക്ക് ഇടയിലാണ് സൂപ്പര്‍ താരം ഫില്‍ ഫോഡന്‍ ഇംഗ്ലീഷ് ക്യാമ്പ് വിട്ടത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ഫില്‍ ഫോഡനെ ഗാരെത് സൗത്ത്ഗേറ്റ് വേണ്ടിയവിധത്തില്‍ മൈതാനത്ത് ഉപയോഗിക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കേയാണ് താരം ടീം ക്യാമ്പ് വിട്ടത് എന്നതും ശ്രദ്ധേയം. സ്ലോവേനിയയ്ക്ക് എതിരായ മത്സരത്തില്‍ ഫോഡന്‍ 89 മിനിറ്റ് കളത്തില്‍ ഉണ്ടായിരുന്നു. യൂറോ കപ്പില്‍ ഫില്‍ ഫോഡന് ഇതുവരെ ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ല.

കുടുംബ ആവശ്യത്തിനായി ഫില്‍ ഫോഡന്‍ യുകെയിലേക്ക് മടങ്ങിയതായി ഇംഗ്ലീഷ് എഫ്എയാണ് അറിയിച്ചത്. ഇംഗ്ലീഷ് ക്യാമ്പിലേക്ക് ഫില്‍ ഫോഡന്‍ തിരിച്ചെത്തുമോ എന്നതും സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. അതേസമയം, തന്റെ മൂന്നാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടാണ ഫോഡന്‍ യുകെയിലേക്ക് തിരിച്ചു പറന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഞായറാഴ്ച ഫോഡന്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ തിരിച്ച് ജോയിന്‍ ചെയ്യുമെന്നും സൂചനയുണ്ട്. നിലവിലെ ഇംഗ്ലീഷ് ടീമില്‍ തന്റെ സ്ഥിരം പൊസിഷനില്‍ അല്ല ഫില്‍ ഫോഡന്‍ കളിക്കുന്നത്. ലെഫ്റ്റ് വിംഗര്‍ പൊസിഷനിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഫെഡന്‍ കളിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ട് ടീമില്‍ ആ പൊസിഷന്‍ ജൂഡ് ബെല്ലിങ്ഗമിനാണ്. ബെല്ലിങ്ഗമിനു മുന്നില്‍ ആക്രമണത്തിനാണ് ഫോഡന്‍ നിലവില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

വമ്പന്‍ ടൂര്‍ണമെന്റിനിടെ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒരു ഇംഗ്ലീഷ് താരം സ്വദേശത്തേക്ക് തിരിച്ചു പറക്കേണ്ടിവരുന്നത്. 2022 ഫിഫ ലോകകപ്പ് പോരാട്ടത്തിനിടെ ഇംഗ്ലണ്ടിന്റെ സ്ട്രൈക്കര്‍ റഹീം സ്റ്റെര്‍ലിംഗ് ടീം ക്യാമ്പ് വിട്ട് നാട്ടിലേക്കു മടങ്ങിയിരുന്നു. സ്റ്റെര്‍ലിംഗിന്റെ വീട്ടില്‍ കൊള്ളക്കാര്‍ കയറിയതിനെ തുടര്‍ന്നായിരുന്നു അത്.

യൂറോ 2024ല്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് സി ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഇ മൂന്നാം സ്ഥാനക്കാരായ സ്ലോവാക്യയാണ് പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ജൂണ്‍ 30ന് ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഇംഗ്ലണ്ട്- സ്ലോവാക്യ പ്രീക്വാര്‍ട്ടര്‍പോരാട്ടം

Related Articles

Back to top button