Football

ഡെന്മാര്‍ക്കിന്റെ പിള്ളേര്‍ സ്‌ട്രോംഗാ!! കറുത്ത കുതിരകളാകാന്‍ യുക്രെയ്ന്‍ പോരാളികളും!

കാല്‍പ്പന്ത് കളിയുടെ യൂറോപ്യന്‍ മോഡലിലേക്ക് അടുക്കുകയാണ് ആരാധകര്‍. കൂട്ടലും കിഴിക്കലും ഇപ്പോള്‍ത്തന്നെ കാല്‍പ്പന്ത് ആരാധകര്‍ തുടങ്ങിക്കഴിഞ്ഞു. 2024 യൂറോ കപ്പില്‍ വമ്പന്മാരുടെ പോരാട്ടങ്ങള്‍ക്ക് ഇടയില്‍ തള്ളിക്കളയാന്‍ സധിക്കാത്ത ഇടത്തരക്കാരുണ്ട്. അവരവരുടെ ദിനങ്ങളില്‍ ഏത് കൊലകൊമ്പനെയും മലര്‍ത്താന്‍ ഇവര്‍ക്കു സാധിക്കും. അത്തരത്തില്‍ വമ്പന്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ സാധ്യതയുള്ള ടീമാണ് യുക്രെയ്ന്‍. 2024 യുവേഫ യൂറോ കപ്പിലെ കറുത്ത കുതിരകളാകാനുള്ള തയാറെടുപ്പിലാണ് യുക്രെയ്ന്‍ ടീം…

മികച്ച കളിക്കാരാല്‍ സമ്പന്നം

യുദ്ധക്കെടുതിയില്‍ നട്ടംതിരിയുന്ന രാജ്യമാണ് യുക്രെയ്ന്‍. പോരാട്ടങ്ങള്‍ പലതും കണ്ടുകഴിഞ്ഞ യുക്രെയ്ന്‍ 2024 യൂറോ കപ്പിന്റെ കറുത്ത കുതിര ആകാനുള്ള എല്ലാ സാഹചര്യവുമുണ്ട്. ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയം, സ്ലോവാക്യ, റൊമാനിയ എന്നീ ടീമുകള്‍ക്കൊപ്പമാണ് യുക്രെയ്ന്‍. ഫിഫ റാങ്കിംഗില്‍ നിലവില്‍ 22-ാം സ്ഥാനത്താണ് ദ ബ്ലൂ ആന്‍ഡ് യെല്ലൊ എന്ന് അറിയപ്പെടുന്ന യുക്രെയ്ന്‍.

യൂറോ യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനും ഇറ്റലിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു യുക്രെയ്ന്‍. തുടര്‍ന്ന് പ്ലേ ഓഫ് ജയിച്ചാണ് യുക്രെയ്ന്‍ യൂറോ ടിക്കറ്റ് കരസ്ഥമാക്കിയത്. ഒരു വര്‍ഷത്തിനിടെ ഇറ്റലിയോട് 2023 മുതല്‍ യുക്രെയ്ന്റെ മത്സര ഫലങ്ങള്‍ വിലയിരുത്തിയാല്‍ രണ്ട് തോല്‍വി മാത്രമാണുള്ളത്. ഇംഗ്ലണ്ടിനോയും (20) ഇറ്റലിയോടുമായിരുന്നു (21) അത്. ഇംഗ്ലുമായുള്ള മറ്റൊരു മത്സരത്തില്‍ യുക്രെയ്ന്‍ 1-1 സമനില സ്വന്തമാക്കി. ജര്‍മനിയുമായി 3-3നും സമനില പാലിച്ചു.

റയല്‍ മാഡ്രിഡ് താരമായ ഗോള്‍ കീപ്പര്‍ ആന്‍ഡ്രി ലുനിന്‍, ഇംഗ്ലീഷ് ക്ലബ്ബുകളായ എവര്‍ട്ടണിന്റെ ലെഫ്റ്റ് ബാക്ക് വിറ്റാലി മൈകോലെങ്കോ, ബേണ്‍മത്തിന്റെ സെന്റര്‍ ബാക്ക് ഇല്യാ സബര്‍ണി എന്നിവരാണ് യുക്രെയ്നിന്റെ പ്രതിരോധം തീര്‍ക്കുന്നത്.

ക്യാപ്റ്റന്‍ ആന്ദ്രെ യാര്‍മൊളെങ്കൊ, ചെല്‍സി താരം മൈഖാലിയൊ മുദ്രിക് തുടങ്ങിയവര്‍ മധ്യനിരയിലും റൊമാന്‍ യാരെംചുക്, അര്‍തേം ഡോവ്ബിക്ക് എന്നിവര്‍ ആക്രമണത്തിലും ഇറങ്ങുന്നതോടെ യുക്രെയ്ന്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത.

ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയം, സ്ലോവാക്യ, റൊമാനിയ എന്നീ ടീമുകളുടെ വെല്ലുവിളി യുക്രെയ്ന്‍ തരണം ചെയ്ത് നോക്കൗട്ടില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തോടെ നോക്കൗട്ടില്‍ പ്രവേശിച്ചാല്‍ ഡി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരാണ് യുക്രെയ്ന്റെ എതിരാളി.

പോളണ്ട്, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ ടീമുകളാണ് ഗ്രൂപ്പ് ഡിയില്‍. ഗ്രൂപ്പ് ഇ ഒന്നാം സ്ഥാനക്കാരായാല്‍ എ,ബി,സി,ഡി ഗ്രൂപ്പുകളില്‍ ഒന്നിലെ മൂന്നാം സ്ഥാനക്കാരാകും യുക്രെയ്ന്റെ എതിരാളികള്‍. 2020 യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നതാണ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ യുക്രെയ്ന്റെ മികച്ച പ്രകടനം.

ഡാനിഷ് തരംഗം

ഗ്രൂപ്പ സിയില്‍ ഇംഗ്ലണ്ട്, സെര്‍ബിയ, സ്ലോവാക്യ എന്നീ ടീമുകള്‍ക്ക് ഒപ്പമുള്ള ഡെന്മാര്‍ക്കും കറുത്ത കുതിരയാകാനുള്ള സാധ്യതയുണ്ട്. ഫിഫ റാങ്കിംഗില്‍ 21-ാം സ്ഥാനക്കാരാണ് ഡെന്മാര്‍ക്ക്. ക്രിസ്റ്റ്യന്‍ എറിക്സണ്‍, റാംസ് ഹോജ്ലന്‍ഡ്, പിയറി എമിലി ഹോജ്ബെര്‍ഗ്, വിക്ടര്‍ ക്രിസ്റ്റിയന്‍സെന്‍ തുടങ്ങിയ പ്രതിഭകള്‍ ഡാനിഷ് സംഘത്തിലുണ്ട്.

2020 യൂറോ കപ്പില്‍ കറുത്ത കുതിരകളായി സെമി ഫൈനലില്‍വരെ എത്തിയ ചരിത്രവും ഡെന്മാര്‍ക്കിനു സ്വന്തം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ക്രിസ്റ്റ്യന്‍ എറിക്സണ്‍ മൈതാനത്ത് വീണത് ഉള്‍പ്പെടെയുള്ള ഓര്‍മകളും 2020 യൂറോ കപ്പില്‍ ഡെന്മാര്‍ക്കിനുണ്ട്.

ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടില്‍ പ്രവേശിക്കുന്നതെങ്കില്‍ ഗ്രൂപ്പ് എ ജേതാക്കളാണ് ഡെന്മാര്‍ക്കിന്റെ എതിരാളികള്‍. ജര്‍മനി, സ്‌കോട്ലന്‍ഡ്, ഹംഗറി, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എയില്‍. ഗ്രൂപ്പ് സി ചാമ്പ്യന്മാരായാല്‍ ഡി,ഇ,എഫ് ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരില്‍ ഒരു ടീമുമായാണ് ഡെന്മാര്‍ക്ക് കളിക്കേണ്ടത്. 1992ല്‍ യൂറോ കപ്പ് സ്വന്തമാക്കിയ ചരിത്രം ഡെന്മാര്‍ക്കിനുണ്ട്.

Related Articles

Back to top button