Football

അത്ഭുതങ്ങള്‍ കാട്ടുന്ന ‘വണ്ടര്‍കിഡ്’… ലോക ഫുട്‌ബോള്‍ അറിയപ്പെടുക ഇനി ഇവന്റെ പേരിലാകും

പ്രായം വെറും 16 വയസ്. രാജ്യത്തിനു വേണ്ടിയും ക്ലബിനുവേണ്ടിയും ഈ പയ്യന്‍ കാട്ടിക്കൂട്ടുന്ന അത്ഭുതകള്‍ക്ക് ഒരവസാനമില്ലേയെന്ന് പോലും തോന്നിപ്പോകും. ബാഴ്‌സലോണയുടെ പരിശീലന കളരിയില്‍ നിന്ന് പഠിച്ചിറങ്ങിയ പാഠങ്ങള്‍ എത്രയോ കൃത്യതയോടെയാണ് ഈ വണ്ടര്‍കിഡ് ഫുട്‌ബോള്‍ ലോകത്ത് കാഴ്ചവയ്ക്കുന്നത്. യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ബി മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ നടത്തിയ പ്രകടനം മാത്രം മതി ലമിന്‍ യമാല്‍ എന്ന ഈ ചെറിയ പയ്യന്റെ ടാലന്റ് ഫുട്‌ബോള്‍ ലോകം മനസിലാക്കാന്‍.

മുന്നേറ്റ നിരയില്‍ വലത് വിങ്ങറായി ഇറങ്ങിയ യമാലിന്റെ ഏറ്റവും വലിയ വെല്ലുവിളിയും ക്രെയേഷ്യയുടെ സ്റ്റാര്‍ ഡിഫന്‍ഡര്‍ ജോസ്‌കോ ഗ്വാര്‍ഡിയോളായിരുന്നു. ഗ്വാര്‍ഡിയോളിനെ മറികടക്കുക അസാധ്യമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ വേഗതയിലൂടെയും ട്രിബിളിങിലൂടെയും ഗ്വാര്‍ഡിയോലിനെ വെറും കാഴ്ച്ചക്കാരനാക്കി മാറ്റുന്ന യമാലിനെയാണ് മത്സരത്തിലുടനീളം കണ്ടത്.

അവിടെയും പോരുദോഷം സംഭവിച്ചത് ഗ്വാര്‍ഡിയോളിന്. ഖത്തര്‍ വേള്‍ഡ് കപ്പില്‍ 36 കാരനായ സാക്ഷാല്‍ ലയണല്‍ മെസിയാണ് ഗ്വാര്‍ഡിയോലിന് പേരുദോഷം ഉണ്ടാക്കിയതെങ്കിലും രണ്ട് വര്‍ഷത്തിനിപ്പുറം ഒരു 16 കാരന്‍ പയ്യനും ഗ്വാര്‍ഡിയോലിന്റെ നിലതെറ്റിക്കുന്ന കാഴ്ചയായിരുന്നു ബര്‍ലിനിലെ ഒളിംപിയാസ്‌റ്റേഡിയനില്‍ കണ്ടത്. മൂന്ന് ടേക്ക് ഓണുകളാണ് മത്സരത്തില്‍ യമാല്‍ വിജയകരമാക്കിയത്. 3-0 എന്ന സ്‌കോറില്‍ സ്‌പെയിന്‍ വിജയിക്കുമ്പോള്‍ അതിന് പിന്നില്‍ മുഖ്യ പങ്കും ഈ ചെറുപയ്യന്റെതായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതിയുടെ അവസാന മിനിറ്റുകള്‍. സ്‌പെയിന് അനുകൂലമായി ഒരു കോര്‍ണര്‍ ക്വിക്ക് ലഭിക്കുന്നു. ഷോട്ട് എടുക്കാന്‍ നില്‍ക്കുന്നത് നിക്കോ വില്യംസ്. ലോങ് ഷോട്ടിന് പോകാതെ ടാക്ടിക്കലായി അവസരം മുതലെടുക്കാന്‍ ലമിന്‍ യമാലും അടുത്തെത്തി. കോര്‍ണറില്‍ നിന്ന് വില്യംസ് തട്ടിക്കൊടുത്ത പന്ത് സ്വീകരിച്ച യമാല്‍ ഇടത് കാല്‍കൊണ്ട് ഗംഭീര ക്രോസ് നേരെ കാര്‍വഹാളിലേക്ക്. കാര്‍വഹാളിന് പന്ത് വലയിലേക്ക് തട്ടിയിടുക എന്ന ജോലി മാത്രമേ ഉണ്ടായിരുന്നു. പക്ഷെ ആ ഗോള്‍ പിറന്നത് ഇരുവരുടേയും കരിയറിലെ വലിയ നേട്ടങ്ങളിലേക്കായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി കാര്‍വഹാള്‍ സ്‌പെയിന്റെ കുപ്പായമിടുന്നു. ഇതുവരെ രാജ്യത്തിനുവേണ്ടി ഒരു ഗോളടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഭാഗ്യം നേടിക്കൊടുത്തതാകട്ടെ യമാലിന്റെ ടാലന്റില്‍ നിന്നും. കാര്‍വഹാളിലേക്ക് അസിസ്റ്റ് നല്‍കിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അസിസ്റ്റ് നല്‍കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പേരും 16 വയസുകാരനായി ലമിന്‍ യമാലിന് ലഭിച്ചു. ബാഴ്‌സലോണ കുപ്പായത്തില്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഏറ്റവും പ്രായംകുറഞ്ഞ താരത്തിന്റെ അസിസ്റ്റും യമാലിന്റെ പേരിലാണ്.

86 മിനിറ്റാണ് യമാല്‍ കളിച്ചത്. മൂന്ന് ടേക്ക് ഓണുകള്‍ യമാല്‍ വിജയകരമാക്കി. മൂന്ന് ചാന്‍സുകള്‍ ക്രിയേറ്റ് ചെയ്തു മികച്ച ക്രിയേറ്റര്‍ കൂടിയാണെന്ന് തെളിയിച്ചു. ആറു തവണ എതിരാളികളുടെ ബോക്‌സിലേക്ക് പന്തുമായി പാഞ്ഞടുത്തു. രണ്ട് തവണ പൊസിഷന്‍ വിന്‍ ചെയ്തു. രണ്ട് ടാക്ലിംങുകള്‍ നടത്തി. ഡിഫന്‍സീവ് സൈഡിയും മികവ് പുലര്‍ത്തി. അങ്ങനെ ഫുട്‌ബോളിന്റെ പുതിയ തലമുറ തന്റെ പേരിലാകുമെന്ന പ്രഖ്യാപിക്കുക കൂടിയായിരുന്നു യമാല്‍.

Related Articles

Back to top button