Football

അപമാനത്തിനു പകരം ചോദിക്കാന്‍ സിആര്‍7! യൂറോ കപ്പ് അടിക്കുമോ റൊണാള്‍ഡോയും പോര്‍ച്ചുഗലും?

2022 ഡിസംബര്‍ 10. ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലും മൊറോക്കോയും നേര്‍ക്കുനേര്‍ ഇറങ്ങുന്നു. പ്രീക്വാര്‍ട്ടറില്‍ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൈഡ് ബെഞ്ചില്‍ ഇരുത്തി സ്വിറ്റ്സര്‍ലന്‍ഡിനെ 6-1നു തകര്‍ത്തശേഷമാണ് ഫെര്‍ണാണ്ടോ സാന്റോസിന്റെ പോര്‍ച്ചുഗലിന്റെ വരവ്.

റൊണാള്‍ഡോയെ സൈഡ് ബെഞ്ചില്‍ ഇരുത്തിയും പോര്‍ച്ചുഗല്‍ ജയിക്കും എന്ന് സാന്റോസ് ലോകത്തിനു കാണിച്ച മത്സരമായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിന് എതിരായത്. എന്നാല്‍, മൊറോക്കോയ്ക്കെതിരായ ക്വാര്‍ട്ടറില്‍ കാര്യങ്ങള്‍ കൈവിട്ടു. റൊണാള്‍ഡോയെ സൈഡ് ബെഞ്ചില്‍ ഇരുത്തിയ സാന്റോസിന്റെ കൈപൊള്ളി. 1-0നു പരാജയപ്പെട്ട് ടീം പുറത്ത്. പിന്നാലെ പോര്‍ച്ചുഗല്‍ മുഖ്യപരിശീലന്റെ റോളില്‍നിന്ന് സാന്റോസും ഔട്ട്.

റോബര്‍ട്ടോ മാര്‍ട്ടിനെസാണ് പിന്നീട് പോര്‍ച്ചുഗലിന്റെ മുഖ്യപരിശീലക വേഷത്തിലെത്തിയത്. മാര്‍ട്ടിനെസിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ക്രിസ്റ്റ്യാനോ സ്ഥിരം സാന്നിധ്യമായി. 2024 യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിനായി 10 ഗോള്‍ സിആര്‍7 സ്വന്തമാക്കി. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ സൈഡ് ബെഞ്ചില്‍ ഇരുത്തിയതിനുശേഷം സിആര്‍7 രാജ്യാന്തര വേദിയില്‍ ഇറങ്ങിയതും ഗോള്‍ നേടിയതുമായ മത്സരങ്ങളായിരുന്നു അത്.

2023-24 സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ 10 ഗോളും രണ്ട് അസിസ്റ്റും പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ നേടി. 2024 യൂറോ കപ്പില്‍ പോര്‍ച്ചുഗലിനെ എത്തിക്കാന്‍ ഈ 39 കാരനു സാധിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. 2016ല്‍ ആദ്യമായി പോര്‍ച്ചുഗല്‍ യുവേഫ യൂറോ കപ്പ് സ്വന്തമാക്കിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു ടീമിനെ മുന്നില്‍നിന്ന് നയിച്ചത്.

അന്നത്തേതിലും മികച്ച ടീമാണ് പോര്‍ച്ചുഗലിന് ഇപ്പോള്‍ ഉള്ളതെന്നത് വാസ്തവം. റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ തന്ത്രങ്ങള്‍ക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഭാവത്തിനും പോര്‍ച്ചുഗലിനെ രണ്ടാം യൂറോ കപ്പില്‍ എത്തിക്കാന്‍ സാധിക്കുമോ എന്നതിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ജാവോ ഫിലിക്സ്, ഡിയേഗൊ ജോട്ട, റാഫേല്‍ ലിയാവൊ, ഒറ്റാവിയൊ, റൂബെന്‍ നെവെസ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡൊ സില്‍വ, ജാവൊ കാന്‍സെലൊ, റൂബെന്‍ ഡിയസ്, പെപ്പെ, റൂയി പെട്രീഷ്യൊ തുടങ്ങിയ ഒരു സംഘം മികച്ച താരങ്ങള്‍ പോര്‍ച്ചുഗല്‍ സംഘത്തില്‍ നിലവിലുണ്ട്.

റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ശിക്ഷണത്തില്‍ 12 മത്സരങ്ങള്‍ ഇറങ്ങിയതില്‍ 11 ജയവും ഒരു തോല്‍വിയുമാണ് പോര്‍ച്ചുഗലിന്റെ പ്രകടനം. അതായത് 91.67 വിജയ ശതമാനം. ഇതെല്ലാം സിആര്‍7 ആരാധകരുടെ യൂറോ കപ്പ് മോഹങ്ങള്‍ക്ക് ചിറകു നല്‍കുന്നു…

റൊണാള്‍ഡോ സ്റ്റാറ്റിസ്റ്റിക്സ്

2023-24 സീസണില്‍ മിന്നും ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കുവേണ്ടി ഈ സീസണില്‍ 43 മത്സരങ്ങളില്‍നിന്ന് 42 ഗോളും 13 അസിസ്റ്റും സിആര്‍7 ഇതുവരെ നടത്തി. അല്‍ നസര്‍ എഫ്സിയില്‍ എത്തിയശേഷം സുപ്രധാന കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. എങ്കിലും താരത്തിന്റെ ഗോളടി മികവിന് കോട്ടം സംഭവിച്ചിട്ടില്ല.

ക്ലബ്ബിനും രാജ്യത്തിനുമായി 2023-24 സീസണില്‍ 49 മത്സരങ്ങളില്‍നിന്ന് 52 ഗോളും 15 അസിസ്റ്റും ഈ 39കാരന്‍ സ്വന്തമാക്കിയിട്ടുണ്ട്. 2024 യൂറോ കപ്പില്‍ ചെക് റിപ്പബ്ലിക്കിനെതിരേയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. അതിനു മുന്‍പ് ഫിന്‍ലന്‍ഡ്, ക്രൊയേഷ്യ, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരേ പോര്‍ച്ചുഗല്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കും. ചെക് റിപ്പബ്ലിക്കിനു പിന്നാലെ തുര്‍ക്കി, ജോര്‍ജിയ ടീമുകളാണ് യൂറോ കപ്പ് 2024 ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലിന് ഒപ്പമുള്ളത്.

Related Articles

Back to top button