FootballISL

ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ സ്‌പോണ്‍സര്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ്; ഗള്‍ഫ് കമ്പനിയുമായി ചര്‍ച്ചയില്‍?

ഈ സീസണോടെ ബൈജൂസുമായുള്ള കരാര്‍ അവസാനിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത സീസണില്‍ പുതിയ സ്‌പോണ്‍സര്‍ എത്തും. റിക്കോര്‍ഡ് തുകയ്ക്ക് മൂന്നു സീസണുകളോളം ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോണ്‍സറായിരുന്നു ബൈജൂസ്. എന്നാല്‍ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബൈജൂസ് ഇനി കരാര്‍ പുതുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

പുതിയ സ്‌പോണ്‍സര്‍ക്കായി ബ്ലാസ്‌റ്റേഴ്‌സ് നീക്കം ആരംഭിച്ചിട്ടുണ്ട്. ചില വന്‍കിട ബ്രാന്‍ഡുകളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ചിലത് ഗള്‍ഫ് കേന്ദ്രീകരിച്ച കമ്പനികളാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍പവര്‍ തന്നെയാണ് ഈ കമ്പനികളെ ആകര്‍ഷിക്കുന്ന ഘടകവും.

ബ്ലാസ്റ്റേഴ്സിന് ഗള്‍ഫ് രാജ്യങ്ങളിലുള്ള വലിയ ആരാധകസാന്നിധ്യം സ്പോണ്‍സര്‍ഷിപ്പില്‍ ഗുണകരമായി മാറിയേക്കും. പ്രീസീസണ്‍ ടൂര്‍ണമെന്റുകള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളിലെത്തുമ്പോള്‍ വലിയ സ്വീകാര്യത ടീമിന് ലഭിക്കാറുണ്ട്. അതേസമയം, ബൈജൂസ് ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി മുടക്കിയിരുന്നത്ര തുക ഇനി വരുന്ന സ്പോണ്‍സര്‍മാരില്‍ നിന്നു കിട്ടിയേക്കില്ല.

ഒരു ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബിന് നിലവില്‍ കിട്ടുന്നതിലും വലിയ തുകയ്ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നത്. ഓരോ സീസണിലും 12-16 കോടിക്ക് ഇടയിലായിരുന്നു ഇതിനായി ബൈജൂസ് മുടക്കിയിരുന്നത്. എഡ്ടെക് കമ്പനിയുടെ പിന്മാറ്റം ചെറിയതോതില്‍ ബ്ലാസ്റ്റേഴ്‌സിനെ ബാധിക്കും.

പത്താംസീസണ്‍ പിന്നിടുമ്പോഴും ഐഎസ്എല്‍ വലിയ പ്രതിസന്ധിയിലാണ്. കോടികളാണ് ഓരോ ടീമിന്റെയും നഷ്ടം. വലിയ ഫാന്‍സ് പിന്തുണയുള്ള ബ്ലാസ്റ്റേഴ്‌സ് പോലും ലാഭത്തിലെത്തിയിട്ടില്ല. കളിക്കാരുടെ പ്രതിഫലം കുത്തനെ ഉയര്‍ന്നതും ചെലവുകള്‍ വര്‍ധിച്ചതുമാണ് ടീമുകള്‍ക്ക് തിരിച്ചടിയാകുന്നത്.

Related Articles

Back to top button