Football

ബ്രസീലിനെ സമനിലയില്‍ തളച്ച അമേരിക്കയുടെ തന്ത്രം ഇതാണ്

ബ്രിസീല്‍ ആരാധകരെ ആകെ നിരാശരാക്കിയ മത്സരമായിരുന്നു വ്യാഴാഴ്ച്ച ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന ബ്രസീല്‍ അമേരിക്ക സൗഹൃദ മത്സരം. തങ്ങളുടെ ടീം കോപ്പയില്‍ ഒരിക്കല്‍ക്കൂടി മുത്തമിടുന്നത് സ്വപ്നം കാണുന്ന ആരാധകരെ തീര്‍ത്തും നിരാശരാക്കിയ പ്രകടനമായിരുന്നു ബ്രസീല്‍ മത്സരത്തിലുടനീളം. ബോള്‍ പോസിഷനിലും ആധിപത്യത്തിലും ബ്രസീല്‍ മുന്നിലായിരുന്നെങ്കിലും ഗോള്‍ അടപ്പിക്കാതിരിക്കാനുള്ള തന്ത്രം പയറ്റി വിജയിച്ചത് യുഎസ്എ ആയിരുന്നു.

പ്രതിരോധിക്കാനും ആക്രമിക്കാനും സദാസന്നദ്ധമായി 4-3-3 ഫോര്‍മേഷനിലാണ് ഗ്രെഗ് ബെര്‍ഹാള്‍ട്ടര്‍ യുഎസ്എ ടീമിനെ കളത്തിലിറക്കിയത്. അതവര്‍ വിജയിപ്പിച്ചു കാണിച്ചു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ബ്രസില്‍ ഗോള്‍മുഖത്ത് അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ ഗോള്‍കീപ്പര്‍ ആലിസണ്‍ ബക്കര്‍ തട്ടിയകറ്റിയില്ലായിരുന്നുവെങ്കില്‍ മത്സരം 15 മിനിറ്റ് പിന്നിടുമ്പോള്‍ 2-0 ന് ബ്രസില്‍ പിന്നിലാകുമായിരുന്നു. അതും കാനറികളുടെ വിഖ്യാതമായ പ്രതിരോധ നിരയുടെ കരുത്ത് പരീക്ഷിക്കാന്‍ നില്‍ക്കാതെ പുറത്ത് നിന്നുള്ള ലോങ് ഷോട്ടുകളിലൂടെ.

ആദ്യം ആക്രമിച്ചെങ്കിലും കളിയുടെ ആധിപത്യം ബ്രസില്‍ ഏറ്റെടുത്തതോടെ യുഎസ്എ അല്പം വലിഞ്ഞു. അത് ബെര്‍ഹാള്‍ട്ടറിന്റെ ടാക്ടിക്കല്‍ നീക്കമായി വേണം കാണാന്‍. കരുത്തന്മാരെ കളിപ്പിക്കുക, കിട്ടുന്ന അവസരത്തില്‍ കടന്നാക്രമിക്കുക. അമേരിക്ക അത് മനോഹരമായി നടപ്പാക്കി. പ്രതിരോധത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയാറായിരുന്നില്ല. ആദ്യ പകുതിയിലെ പാതിയില്‍ നേടിയ 1-1 സമനില തെറ്റാതെ ഫൈനല്‍ വിസില്‍വരെ കൊണ്ടെത്തിച്ചതും ബെര്‍ഹാള്‍ട്ടറിന്റെ ഈ തന്ത്രമായിരുന്നു.

അപ്പുറത്ത് ബ്രസില്‍ സൈഡില്‍ പരിക്ഷണങ്ങളോട് പരീക്ഷണങ്ങളായിരുന്നു. കോപ്പയിലെ വാശിയേറിയ മത്സരങ്ങളിലേക്ക് കടക്കും മുന്‍പ് താരങ്ങളെ ഏതൊക്കെ പൊസിഷനുകളില്‍ മാറ്റി കളിപ്പിക്കാമെന്ന മാനേജര്‍ ഡോറിവല്‍ ജൂനിയറിന്റെ പരീക്ഷണ കളരിയായിരുന്നു ഈ മത്സരം. ലോകത്തിന്റെ തന്നെ ഏറ്റവും മികച്ച വിങ്ങര്‍മാരിലൊരാളായ വിനീഷ്യസ് ജൂനിയറെ സ്‌ട്രൈക്കറാക്കി 4-2-3-1 എന്ന ഫോര്‍മേഷനിലായിരുന്നു ഡോറിവല്‍ ജൂനിയര്‍ ബ്രസീലിനെ കളത്തിലിറക്കിയത്. വിനിയുടെ വിങ് പൊസിഷനില്‍ റോഡ്രിഗോയെ പ്ലേസ് ചെയ്തു. എന്നാല്‍ മത്സരം തുടങ്ങിയതോടെ ഇരുവരും പൊസിഷനുകള്‍ പരസ്പരം മാറി മാറി കളിക്കുന്നതാണ് കണ്ടത്.

ലെഫ്റ്റ് വിങ്ങില്‍ നിന്ന് ക്രോസുകളൊന്നും ആദ്യ പകുതിയില്‍ കണ്ടില്ല. വിനിയാണെങ്കിലും റോഡ്രിഗോ ആണെങ്കിലും പന്തുമായി പെനാല്‍റ്റി ബോക്‌സിലേക്ക് വന്ന് ഫിനിഷ് ചെയ്യാനായിരുന്നു ശ്രമം. അതേസമയം റൈറ്റ് വിങ്ങില്‍ റഫീഞ ബോക്‌സിലേക്ക് ക്രോസ് നല്‍കിക്കൊണ്ടേയിരുന്നു. 17-ാം മിനിറ്റില്‍ റഫീഞ നല്‍കിയ പാസിലൂടെയാണ് റോഡ്രിഗോ ബ്രസീലിനെ മുന്നിലെത്തിച്ചത്.

കളിയുടെ അവസാന മിനിറ്റുകളില്‍ എങ്ങനെയും ഗോളടിക്കാനുള്ള ശ്രമങ്ങള്‍ ബ്രസിലിന്റെ ഭാഗത്തുണ്ടായി. ഡോറിവല്‍ നടത്തിയ പല സബ്സ്റ്റിട്ട്യൂട്ടുകളും അതിനുവേണ്ടിയായിരുന്നു. മധ്യനിരയില്‍ നിന്ന് ബ്രൂണോ ഗ്വിമാരേസിനെ പിന്‍വലിച്ച് എന്‍ട്രിക്കിന് അവസരം നല്‍കിയതും റഫീഞക്ക് പകരം സാവിയോയെ ഇറക്കിയതുമൊക്കെ പിന്നില്‍ വിജയ ഗോള്‍ ആയിരുന്നു. ഡയറക്ട് അറ്റാക്കിങ്ങിലൂടെ എന്‍ട്രിക് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വല കുലുക്കാനായില്ല. ഇതിനിടെ ഇടത് വിങ്ങില്‍ നിന്ന് റോഡ്രിഗോയെ പിന്‍വലിച്ച് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയെ പരീക്ഷിച്ചതും വിജയിച്ചില്ല. ഒടുവില്‍ ഫലം 1-1 സമനില.

മെക്‌സികോയുമായുള്ള ഒരോ ഗോള്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബ്രസിലിയന്‍ തരങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാനായില്ലെന്നതാണ്. റോഡ്രിഗോയും വിന്നിയും ഒഴികെ മറ്റാര്‍ക്കും അഞ്ചിന് മുകളില്‍ റേറ്റിംഗ് ഉണ്ടായിരുന്നില്ല. മധ്യനിരയിലെ പ്രതീക്ഷയായിരുന്ന ലുക്കാസ പക്വറ്റ നിറം മങ്ങി. റയലില്‍ കാണിച്ച മാസ്മരികതയൊന്നും മഞ്ഞക്കുപ്പായത്തില്‍ വിന്നിക്ക് നടത്താനായില്ല. അല്പമെങ്കിലും മികവ് പുലര്‍ത്തിയത് റോഡ്രിഗോ മാത്രം.

ഇതാണ് നിലയെങ്കില്‍ ശരിക്കുള്ള യുദ്ധത്തില്‍ ആരെയൊക്കെ കളത്തിലിറക്കുമെന്ന് ആശങ്കപ്പെടുന്നുണ്ടാകും ഡോറിവല്‍ ജൂനിയര്‍. മത്സരത്തിന് ശേഷം തങ്ങള്‍ക്ക് സംഭവിച്ച പിഴവുകള്‍ എണ്ണിപ്പറയുന്ന കോച്ചിനെയാണ് മാധ്യമങ്ങള്‍ കണ്ടത്. ജൂണ്‍ 25ന് പുലര്‍ച്ച് 6.30 നാണ് കോപ്പയിലെ ബ്രസീലിന്റെ ആദ്യ മത്സരം. എതിരാളി കോസ്റ്ററിക്ക. ജൂണ്‍ 29ന് രാവിലെ 6.30ന് രണ്ടാം മത്സരത്തില്‍ പരാഗ്വയെ നേരിടും. 22 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിവന്ന കൊളംബിയയാണ് ബ്രസീലിന്റെ മൂന്നാം മത്സരത്തിലെ എതിരാളി. ജൂലൈ മൂന്നിനാണ് ഇരുവരും തമ്മിലുള്ള മത്സരം.

Related Articles

Back to top button