Football

ഇത് ഞങ്ങളുടെ ‘റോക്കി ഭായി’ അല്ല; എല്ലാം തുലച്ചത് അവന്‍

യൂറോപ്യന്‍ ഫുട്‌ബോളിലെ ഗോള്‍ വേട്ടക്കാരില്‍ രണ്ടാമന്‍. നമ്പര്‍ നയന്‍ പൊസിഷനില്‍ ആരെയും വെല്ലുന്ന ഫിനിഷര്‍. കരുത്തും വേഗതയും കൊണ്ട് എതിര്‍ടീമിന്റെ പ്രതിരോധ നിരയില്‍ തുളച്ചുകയറാന്‍ കഴിവുള്ള സ്‌ട്രൈക്കര്‍. പക്ഷെ പറഞ്ഞിട്ടെന്ത് ഫലം കാര്യമായ മത്സരങ്ങളില്‍ ബല്‍ജിയത്തിന്റെ നെടും നായകന്‍ ‘റോക്കി’ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന റൊമേലു ലുക്കാക്കുവിന് എല്ലാം പിഴക്കും.

യൂറോ കപ്പിന്റെ ചരിത്രത്തില്‍ രണ്ട് മത്സരങ്ങളില്‍ മാത്രം വിജയിച്ചിട്ടുള്ള സ്ലോവാക്കിയയെ വളരെ ലാഘവത്തില്‍ തോല്‍പ്പിക്കാമെന്നായിരുന്നു ബല്‍ജിയത്തിന്റെ കണക്ക് കൂട്ടല്‍. പക്ഷെ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരായ ബല്‍ജിയത്തിന് എല്ലാം നഷ്ടപ്പെട്ടത് അവരുടെ പ്രതീക്ഷയും കരുത്തുമായ റൊമേലു ലുക്കാക്കുവില്‍ നിന്നാണ്. ഫലമോ ഫിഫാ റാങ്കിംഗില്‍ 48-ാം സ്ഥാനത്തുള്ള സ്ലോവാക്കിയക്ക് ഗ്രൂപ്പ് ഇ യിലെ ആദ്യ മത്സരത്തില്‍ തന്നെ മൂന്ന് പോയിന്റ്. അവരുടെ യൂറോയിലെ മൂന്നാമത്തെ വിജയവും.

ഡൊമെനിക്കോ ടെഡെസ്‌കോ മാനേജറായി എത്തിയ ശേഷം തുടര്‍ച്ചയായ 14 മത്സരങ്ങളിലെ വിജയ പെരുമയുമായാണ് ബല്‍ജിയം യൂറോ 2024 ലെ ആദ്യ മത്സരത്തിനിറങ്ങിയത്. സൂപ്പര്‍ താരങ്ങളെല്ലാം ആദ്യ ഇലവണില്‍ സ്ഥാനം പിടിച്ചു. പക്ഷെ എതിരാളികളെ വിലകുറച്ച് കണ്ട് ഇതൊരു പരീക്ഷണ മത്സരമാക്കി മാറ്റാനുള്ള ടെഡെസ്‌കോയുടെ തീരുമാനം അമ്പാടെ പാളി. താരങ്ങളെ അവരുടെ സ്ഥിരം പൊസിഷനുകളില്‍ നിന്ന് മാറ്റി പ്ലേയ്‌സ് ചെയ്യുന്നതായിരുന്നു പരീക്ഷണം. അത് വിജയം കണ്ടില്ലെന്ന ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ വേണ്ടി വന്ന സമയമാണ് മത്സര ഫലത്തെ ബല്‍ജിയത്തിന് എതിരാക്കിയത്.

മത്സരത്തിലാകെ നാല് വലിയ ഗോളവസരങ്ങളാണ് ബല്‍ജിയം സൃഷ്ടിച്ചത്. അതില്‍ മൂന്നും ലുക്കാക്കുവിന്റെ പിഴവില്‍ ബല്‍ജിയത്തിന് നഷ്ടപ്പെട്ടു. ഭാഗ്യവും ലുക്കാക്കുവിന് എതിരായിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ ലുക്കാക്കു അടിച്ചെങ്കിലും ഒന്ന് ഒഫ് സൈഡും മറ്റൊന്ന് സഹതാരത്തിന്റെ ഹാന്‍ഡ് ബോളുമായിരുന്നു. രണ്ട് ഗോളുകളും റഫറി അനുവദിച്ചില്ല.

മധ്യനിരയില്‍ നിന്നും മുന്നേറ്റ നിരയില്‍ നിന്നും മികച്ച പാസുകള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. രണ്ടാം പകുതിയില്‍ കരാസ്‌കോ ഇടത് ഭാഗത്ത് നിന്ന് നല്‍കിയ ലോങ് ബോള്‍ ലുക്കാക്കു വളരെ കഷ്ടപ്പെട്ടാണ് നിയന്ത്രണത്തിലാക്കിയത്. തുടര്‍ന്ന് ഗോള്‍വല ലക്ഷ്യമാക്കി നടത്തിയ മുന്നേറ്റത്തില്‍ സ്ലൊവാക്യന്‍ പ്രതിരോധ നിരയേയും ഗോള്‍കീപ്പറേയും മറികടക്കാനായെങ്കിലും ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി.

മത്സരത്തിന് അവസാന സമയത്ത് ലഭിച്ച കോര്‍ണര്‍കിക്കും മുതലാക്കാന്‍ ലുക്കാക്കുവിനായില്ല. ട്രൊസാര്‍ഡിന്റെ കോര്‍ണര്‍ ഷോട്ട് ഫാര്‍പോസ്റ്റില്‍ നിന്ന് ഒനാന ഹെഡ് ചെയ്ത് ലുക്കാക്കുവിന് നല്‍കി. ഫസ്റ്റ് ടച്ചില്‍ തന്നെ ലുക്കാക്കു അത് ഗോള്‍ വലിയ്ക്കുള്ളിലാക്കി. പറഞ്ഞിട്ടെന്ത് കാര്യം ലുക്കാക്കോ ഓഫ് സൈഡ് ആയിരുന്നു. അശ്രദ്ധയും പ്രസന്‍സ് ഓഫ് മൈന്‍ഡ് ഇല്ലായ്മയും കൊണ്ട് ഒരു സുവര്‍ണാവസരം കൂടി ലുക്കാക്കു നഷ്ടപ്പെടുത്തി.

തുടര്‍ന്ന് മറ്റൊരവസരം ലുക്കാക്കു ഗോളാക്കി മാറ്റിയെങ്കിലും ദൗര്‍ഭാഗ്യം വീണ്ടും വിനായായി. പകരക്കാരനായി വന്ന ഓപ്പന്‍ഡ പെനാല്‍റ്റി ബോക്‌സിന്റെ പുറത്ത് നിന്ന് നല്‍കിയ അതിമനോഹരമായ ക്രോസ് ലുക്കാക്കു ഫസ്റ്റ് ടച്ചിലൂടെ തന്നെ ഗോള്‍ വലയിലെത്തിച്ചെങ്കിലും പന്തുമായി മുന്നേറുന്നതിനിടെ ഓപ്പന്‍ഡയുടെ കൈ പന്തില്‍ തട്ടിയതായി റിവ്യൂ പരിശോധിച്ചപ്പോള്‍ റഫറി കണ്ടെത്തി. ആ ഗോളും അനുവദിക്കപ്പെട്ടില്ല. ഇതിനിടെ കെവിന്‍ ഡി ബ്രൂണ കൊടുത്ത ലോങ് പാസും ലുക്കാക്കു പുറത്തേക്ക് അടിച്ചു കളഞ്ഞ് അവസരം തുലച്ചിരുന്നു.

നിര്‍ണായക മത്സരങ്ങളില്‍ ലുക്കാക്കോ കളമറക്കുന്നത് ഇത്തവണയും ആവര്‍ത്തിച്ചു എന്നു വേണം പറയാന്‍. ബെല്‍ജിയത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ലുക്കാക്കു കഴിഞ്ഞ രണ്ട് ഇന്റര്‍നാഷണല്‍ മത്സരങ്ങളിലായി ഏഴ് ബിഗ് ചാന്‍സുകളാണ് മിസാക്കിയത്. ഗ്രൂപ്പില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ കണക്കിലെ കളികളില്ലാതെ ബല്‍ജിയത്തിന് നോക്കൗട്ടിലേക്ക് പ്രവേശിക്കാനാകു. വരുന്ന രണ്ട് മത്സരങ്ങളില്‍ ലുക്കാക്കു മിന്നും പ്രകടനം കാഴ്ച വയ്ക്കുമോയെന്നാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

Related Articles

Back to top button