Cricket

വമ്പന്മാര്‍ക്കു സാധിക്കാത്തത് ചെയ്തു കാണിച്ച് സിംബാബ് വെ !! നാണക്കേടിന്റെ റെക്കോഡുകള്‍ ഏറ്റുവാങ്ങി ഇന്ത്യയും ഗില്ലും

ഇന്ത്യയുടെ സിംബാബ് വെ പര്യടനത്തിന്റെ തുടക്കം തോല്‍വിയോടെയായത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.

അഞ്ചു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ 13 റണ്‍സിനാണ് ഇന്ത്യ സിംബാബ് വെയോടു തോറ്റത്. സിംബാബ്വേ ഉയര്‍ത്തിയ 116 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 102ന് പുറത്താവുകയായിരുന്നു.

ഈ പരാജയത്തിന് പിന്നാലെ ഇന്ത്യയെ തേടി ചില മോശം റെക്കോഡുകളും എത്തി. ഇന്ത്യന്‍ ടീമിന്റെ ട്വന്റി20 ചരിത്രത്തില്‍ ആദ്യമായാണ് അവര്‍ 120 റണ്‍സോ അതില്‍ താഴെയോ ഉള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ പരാജയപ്പെടുന്നത്.

120ല്‍ താഴെയുള്ള വിജയലക്ഷ്യം കഴിഞ്ഞ 21 തവണയും മറികടന്ന ഇന്ത്യ ഇക്കുറി കുഞ്ഞന്മാരായ സിംബാബ് വെയ്ക്കു മുമ്പില്‍ അടിപതറുകയായിരുന്നു.

ഇന്ത്യയ്‌ക്കെതിരേ ലോകക്രിക്കറ്റിലെ വമ്പന്‍ ടീമുകള്‍ക്കു പോലും സാധിക്കാതിരുന്ന കാര്യമാണ് സിംബാബ് വെ ചെയ്തു കാണിച്ചത്.

ഇതിന് പുറമെ തന്റെ മുന്‍ഗാമികളായ ക്യാപ്റ്റന്‍മാര്‍ക്ക് സാധിക്കാത്ത മറ്റൊരു നേട്ടവും മത്സരത്തില്‍ സിംബാബ് വെ നായകന്‍ സിക്കന്ദര്‍ റാസ സ്വന്തമാക്കി.

ഇന്ത്യയുടെ 10 വിക്കറ്റും വീഴ്ത്തുക എന്നതാണത്. ഇതാദ്യമായാണ് സിംബാബ്വേ ട്വന്റി20യില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റും പിഴുതെറിയുന്നത്.

ഇതിന് പുറമെ രാജ്യാന്തര ട്വന്റി20യില്‍ തോല്‍വിയറിയാതുള്ള ഇന്ത്യയുടെ കുതിപ്പിനും ആതിഥേയര്‍ വിരാമമിട്ടു. തുടര്‍ച്ചയായ 12 വിജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ട്വന്റി20യില്‍ പരാജയപ്പെടുന്നത്.

ഹരാരെയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുയായിരുന്നു. മികച്ച തുടക്കം ലഭിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ അത് കൃത്യമായി മുതലാക്കുകയും ചെയ്തു.

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഇന്നസെന്റ് കയിയയെ ക്ലീന്‍ ബൗള്‍ഡാക്കി മുകേഷ് കുമാറാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത്.

ക്ലൈവ് മദാന്‍ദെ, (25 പന്തില്‍ 29), ഡയോണ്‍ മയേഴ്സ് (22 പന്തില്‍ 23), ബ്രയന്‍ ബെറ്ററ്റ് (22 പന്തില്‍ 21), വെസ്ലി മധേവരെ (22 പന്തില്‍ 21) എന്നിവര്‍ ചെറുത്തുനിന്നപ്പോള്‍ ആതിഥേയര്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 115 എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.

രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ നാല് ഓവര്‍ പന്തെറിഞ്ഞ് 13 റണ്‍സിന് നാല് വിക്കറ്റ് നേടിയ ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഇതിന് പുറമെ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആവേശ് ഖാനും മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതവും നേടി.

116 എന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറകടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സിംബാബ് വേ ബൗളര്‍മാര്‍ ഇന്ത്യക്ക് മുമ്പില്‍ പ്രതിരോധം സൃഷ്ടിച്ചു.

ഐപിഎല്ലില്‍ വെടിക്കെട്ടു പ്രകടനം നടത്തിയ അഭിഷേക് ശര്‍മയും റിയാന്‍ പരാഗുമെല്ലാം നനഞ്ഞ പടക്കങ്ങളായി. ഒരറ്റത്ത് ശുഭ്മാന്‍ ഗില്‍ ഉറച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു.

ഒടുവില്‍ ഗില്‍ കൂടി പുറത്തായതോടെ ഇന്ത്യ ഏറെക്കുറെ തോല്‍വി ഉറപ്പിച്ചിരുന്നു. 29 പന്തില്‍ 31 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. ഇടയ്ക്ക് ചില മിന്നലടികളുമായി ആവേശ് ഖാന്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 12 പന്തില്‍ 16 റണ്‍സുമായി താരം പുറത്താവുകയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍ നടത്തിയ ചെറുത്തു നില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തിയത്.

സിംബാബ്വെയ്ക്കായി ടെന്‍ഡായ് ചതാരയും സിക്കന്ദര്‍ റാസയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ബ്രയാന്‍ ബെന്നറ്റ്, ബ്ലെസിംഗ് മുസര്‍ബാനി, വെല്ലിങ്ടണ്‍ മസകാഡ്‌സ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഇന്നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഹരാരെ സ്‌പോര്‍ട്‌സ്‌ക്ലബ് സ്‌റ്റേഡിയത്തിലാണ് മത്സരം.

Related Articles

Back to top button