Cricket

ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളെ പ്രവചിച്ച് യുവ്‌രാജ് സിംഗ് !! അതിനു സാധ്യതയുണ്ടോയെന്ന സംശയത്തില്‍ ആരാധകര്‍

ഇത്തവണത്തെ ട്വന്റി20 കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത ഇന്ത്യയ്ക്കാണെന്ന് മുന്‍ താരം യുവ് രാജ് സിംഗ്.

2007ലെ ട്വന്റി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി വിജയങ്ങളിലെ പ്രധാന അംഗമായ യുവരാജ് സിംഗ്, ടീമിന്റെ ആത്മവിശ്വാസത്തിന്റെ ആവശ്യകത എടുത്തുകാണിച്ചു.

വലിയ ടൂര്‍ണമെന്റുകള്‍ വിജയിക്കാനുള്ള ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ആത്മവിശ്വാസത്തോടെ കളിച്ചാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് എളുപ്പത്തില്‍ വിജയിക്കാം എന്നും യുവി പറയുന്നു.

ഫൈനലില്‍ ഇന്ത്യ എത്തുകയാണെങ്കില്‍ ആരാവും എതിരാളികള്‍ എന്നു ചോദിച്ചപ്പോള്‍ യുവരാജിന്റെ ഉത്തരം വ്യത്യസ്ഥമായിരുന്നു.

എല്ലാ ടൂര്‍ണമെന്റുകളിലെയും ഫേവറൈറ്റുകളായ ഓസ്‌ട്രേലിയയെയും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയുമെല്ലാം അവഗണിച്ച യുവി വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍ എന്നീ ടീമുകളിലൊന്ന് ഫൈനലിലെത്തുമെന്നാണ് പറഞ്ഞത്.

”ഞാന്‍ ഇന്ത്യയെ പ്രതീക്ഷിക്കുന്നു, ഒരുപക്ഷേ വെസ്റ്റ് ഇന്‍ഡീസ്. പാകിസ്ഥാന്‍ ഈ ടീമുകളെ ശ്രദ്ധിക്കാം. ഓസ്‌ട്രേലിയ ഇത്തവണ പേടിക്കേണ്ട ആവശ്യമില്ല.” യുവി പറഞ്ഞു.

ടൂര്‍ണമെന്റില്‍ വിരാട് കോഹ് ലി മികച്ച പ്രകടനം നടത്തുമെന്നും ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ കോഹ് ലി ആയിരിക്കുമെന്നും യുവി പറഞ്ഞു. റിഷഭ് പന്ത് ടീമിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശവും യുവി പ്രകടിപ്പിച്ചു.

എന്നിരുന്നാലും വെസ്റ്റ് ഇന്‍ഡീസും പാക്കിസ്ഥാനും ഫൈനലിലെത്തുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് അത്ര തീര്‍ച്ചയില്ല. അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മോശം പ്രകടനമാണ് പാക് ടീം പുറത്തെടുത്തത്.

മറുവശത്ത് സന്നാഹമത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ വന്‍സ്‌കോര്‍ പടുത്തിയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ് പ്രതീക്ഷ നല്‍കിയെങ്കിലും ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാപ്പുവ ന്യൂഗിനിയോട് കഷ്ടിച്ചാണ് അവര്‍ ജയിച്ചു കയറിയത്.

ഇന്ത്യ ഫൈനലിലെത്തുമെന്ന യുവിയുടെ പ്രവചനം സത്യമാവട്ടേ എന്ന പ്രാര്‍ഥനയിലാണ് ഇന്ത്യന്‍ ആരാധകര്‍.

Related Articles

Back to top button