Cricket

വിക്കറ്റ് വീഴുമ്പോള്‍ ഞാനും പൂളിലേക്ക് വീഴാം !! വ്യത്യസ്ഥമായ വിക്കറ്റ് ആഘോഷവുമായി നേപ്പാള്‍ ആരാധകന്‍; വീഡിയോ

ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചതോടെ ട്വന്റി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെത്തുന്ന അവസാനത്തെ ടീമായി മാറിയിരിക്കുകയാണ് ബംഗ്ലാദേശ്.

ഗ്രൂപ്പ് ഡിയില്‍ നേപ്പാളിനെ 21 റണ്‍സിനാണ് ബംഗ്ലാദേശ് തകര്‍ത്തത്. ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്ക് ഒപ്പമാണ് ബംഗ്ലാദേശ് സ്ഥാനം സൂപ്പര്‍ 8ലെ ഗ്രൂപ്പ് ഒന്നില്‍ ഇടംപിടിച്ചത്.

മത്സത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 106 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിനെ 85 റണ്‍സില്‍ ഒതുക്കിയാണ് അവര്‍ വിജയം പിടിച്ചെടുത്തത്.

നാലോവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത യുവപേസര്‍ തന്‍സിം ഹസന്‍ സാക്കിബും നാലോവറില്‍ ഏഴു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മുസ്താഫിസുര്‍ റഹ്‌മാനും ചേര്‍ന്നാണ് നേപ്പാളിനെ തകര്‍ത്തത്.

മത്സരത്തില്‍ ആവേശകരമായ നിമിഷങ്ങള്‍ അധികമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മത്സരത്തിന്റെ ഭാഗമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനംകവരുന്നത്.

ബംഗ്ലാദേശിന്റെ വെടിക്കെട്ട് ബാറ്റര്‍ തൗഹിദ് ഹൃദോയിയെ നേപ്പാള്‍ ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ ക്യാച്ചെടുത്തു പുറത്താക്കിയ നിമിഷത്തിലാണ് അത് സംഭവിച്ചത്.


ആ സമയത്ത് കാമറകള്‍ ഗാലറിയിലും പരിസരങ്ങളിലുമുള്ള ആരാധകകരുടെ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാനുള്ള തിടുക്കത്തിലായിരുന്നു.

ആ സമയത്താണ് നേപ്പാള്‍ ആരാധകരില്‍ ഒരാള്‍ വിക്കറ്റിലെ ആവേശം നിയന്ത്രിക്കാനാവാതെ സ്റ്റേഡിയത്തിലെ പൂളിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ കാമറക്കണ്ണില്‍ പതിഞ്ഞത്.

തൊട്ട് മുമ്പുള്ള പന്തില്‍ സ്വീപ് ഷോട്ടിലൂടെ ബൗണ്ടറി നേടിയ ശേഷം, സന്ദീപ് ലാമിച്ചനെയുടെ പന്തില്‍ സിക്‌സറിനു ശ്രമിച്ച ഹൃദോയിക്ക് പിഴയ്ക്കുകയായിരുന്നു. എന്തായാലും ആരാധകന്റെ വിക്കറ്റാഘോഷം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related Articles

Back to top button