Cricket

വെല്ലാലഗെ കുടുക്കിയത് വാര്‍ണര്‍ മുതല്‍ കോഹ്‌ലി വരെ വമ്പന്മാരെ !! ലങ്കന്‍ ക്രിക്കറ്റിലെ പുതു സെന്‍സേഷന്‍ പുലിയാണ്!!

ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ പന്തെറിഞ്ഞതോടെയാണ് ദുനിത് വെല്ലാലഗെ എന്ന 20കാരന്‍ പയ്യനെ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുന്നത്. ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ഈ കൊച്ചുപയ്യന്റെ മുന്നില്‍ ആയുധം വച്ച് കീഴടങ്ങിയപ്പോള്‍ ഞെട്ടിയത് ഇന്ത്യക്കാര്‍ മാത്രമല്ല ലങ്കന്‍ ആരാധകര്‍ കൂടിയാണ്.

വനിന്ദു ഹസരങ്കെയ്ക്ക് പരിക്കേറ്റതു കൊണ്ട് മാത്രമാണ് വെല്ലാലഗെയെ ലങ്ക ആദ്യ ഇലവനില്‍ കളിപ്പിച്ചത് തന്നെ. കിട്ടിയ അവസരം കൃത്യമായി തന്നെ ഉപയോഗിച്ചു ഈ ഇടംകൈയന്‍ സ്പിന്നിംഗ് ഓള്‍റൗണ്ടര്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതും വെല്ലാലഗെ തന്നെയാണ്.

ലോകകപ്പില്‍ ലങ്കയെ നയിച്ചതും ഈ ഓള്‍റൗണ്ടറായിരുന്നു. അന്നുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഓള്‍റൗണ്ടര്‍ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിഗൂഡ സ്പിന്നര്‍മാര്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത രാജ്യമാണ് ശ്രീലങ്ക.

മുത്തയ്യ മുരളീധരന്‍ മുതല്‍ ഉപുല്‍ ചന്ദനയും രംഗനാ ഹെറാത്തും മുതല്‍ അജന്ത മെന്‍ഡിസ് വരെയുള്ളവര്‍ ലോകക്രിക്കറ്റില്‍ മിന്നിക്കത്തിയവരാണ്. പലരും മെന്‍ഡിസുമായിട്ടാണ് വെല്ലാലഗെയെ താരതമ്യപ്പെടുത്തുന്നത്. എന്നാല്‍ മെന്‍ഡിസ് വന്നതുപോലെ തന്നെ മറഞ്ഞെങ്കില്‍ വെല്ലാലഗെയ്ക്ക് മറ്റൊരു അനുകൂല ഘടകമുണ്ട്.

അത് ബാറ്റിംഗിലുള്ള പ്രാവീണ്യം തന്നെയാണ്. ബൗളിംഗിനൊപ്പം നല്ലപോലെ ബാറ്റിംഗിലും തിളങ്ങാന്‍ പറ്റുന്ന താരമാണ് ഈ ഇടംകൈയന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 27.56 ശരാശരി താരത്തിനുണ്ട്. ലിസ്റ്റ് എയില്‍ ഇത് 23.17 ആണ്.

ഏകദിനത്തിലും ടെസ്റ്റിലും കാര്യമായി ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിട്ടില്ലെങ്കിലും ലഭിക്കുമ്പോള്‍ മുതലാക്കാറുമുണ്ട്. ഏഷ്യാകപ്പില്‍ അഫ്ഗാനെതിരായ മല്‍സരത്തില്‍ ടീം തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ വെല്ലാലഗെ പുറത്താകാതെ നേടിയ 33 റണ്‍സാണ് അവരെ മാന്യമായ സ്‌കോറിലേക്കും അതുവഴി സൂപ്പര്‍ ഫോറിലേക്കും എത്തിച്ചത്.

ഇന്ത്യയ്‌ക്കെതിരേ വെല്ലാലഗെയുടെ സ്‌പെല്‍ ഏതൊരു ക്രിക്കറ്ററും കൊതിക്കുന്നതാണ്. മുന്‍നിര ലങ്കന്‍ ബൗളര്‍മാര്‍ ഇന്ത്യയുടെ പ്രഹരമേറ്റ് വാങ്ങിക്കൊണ്ട് ഇരുന്നപ്പോഴാണ് ദസും ശനക പന്ത് ഈ സ്പിന്നര്‍ക്ക് നല്‍കുന്നത്. 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 80 റണ്‍സായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ അപ്പോള്‍.

പന്തെറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഗില്‍ (19) ക്ലീന്‍ബൗള്‍ഡ്. ഡ്രീം ഡെലിവറിയെന്ന് കമന്റേറ്റര്‍മാര്‍ ഒരേസ്വരത്തില്‍ പറഞ്ഞ പന്ത്. ആദ്യ ഓവറില്‍ വെറും 2 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത വെല്ലാലഗെ രണ്ടാം ഓവറിലും ഇന്ത്യയെ ഞെട്ടിച്ചു. സാക്ഷാല്‍ വിരാടിനെ തന്നെ 14മത്തെ ഓവറിലെ അഞ്ചാം പന്തില്‍ തിരിച്ചയച്ചു.

തൊട്ടടുത്ത ഓവറില്‍ അതുവരെ തകര്‍ത്തു കളിച്ച രോഹിതിനെ കൂടി ബൗള്‍ഡാക്കി വെല്ലാലഗെ താരമായി മാറി. 48 പന്തില്‍ 53 റണ്‍സെടുത്ത രോഹിത് കൂറ്റന്‍ സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വെല്ലാലഗെ വില്ലനായി അവതരിച്ചത്. ആദ്യ സ്‌പെല്ലില്‍ വെല്ലാലഗെയുടെ 5-0-12-3 ആണ്. ഇന്ത്യയെ പോലൊരു വമ്പന്‍ താരനിരയ്‌ക്കെതിരേ ആരും കൊതിക്കുന്നൊരു ഫസ്റ്റ് സ്‌പെല്‍!

ടോപ് ക്ലാസ് സ്പിന്നര്‍മാരായി മഹീഷ തീക്ഷണയും ഹസരങ്കയും ഉള്ള ലങ്കയുടെ ഏകദിന, ട്വന്റി-20 ടീമിലേക്ക് സ്ഥിരമായി കയറിപ്പറ്റുക വെല്ലലഗെയ്ക്ക് എളുപ്പമാകില്ല. എന്നാല്‍ സമ്പൂര്‍ണ ബാറ്റ്‌സ്മാനാണെന്നത് ഈ യുവതാരത്തിനുള്ള അഡ്വാന്റേജാണ്.

Related Articles

Back to top button