Cricket

ഗെയ്ല്‍ കൊടുങ്കാറ്റായി !! തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിന് ആദ്യ ജയം. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിന്‍ഡീസ് ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സിനെ തകര്‍ത്തുവിട്ടത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്തും ആറ് വിക്കറ്റും ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടിയാസിന് ആദ്യ ഓവറില്‍ തന്നെ നീല്‍ മക്കന്‍സിയെ(0) നഷ്ടമായി. ടീം സ്‌കോര്‍ 47ല്‍ എത്തിയപ്പോഴേക്കും റിച്ചാര്‍ഡ് ലെവി(20), ക്യാപ്റ്റന്‍ കാലിസ്(18) എന്നിവര്‍ കൂടി മടങ്ങി. ജെപി ഡുമിനി(23), ജസ്റ്റിന്‍ ഓങ്‌ടോങ്(11) എന്നിവര്‍ക്കും കാര്യമായ സംഭാവനകള്‍ ചെയ്യാനാവാതെ വന്നതോടെ ദക്ഷിണാഫ്രിക്ക 14.1 ഓവറില്‍ 93ന് അഞ്ച് എന്ന നിലയിലേക്ക് തകരുകയായിരുന്നു.

എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ആഷ് വെല്‍ പ്രിന്‍സ്-ഡെയ്ന്‍ വിലാസ് സഖ്യം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ടീം സ്‌കോര്‍ അഞ്ചു വിക്കറ്റിന് 174 എന്ന നിലയില്‍ എത്തി.

പ്രിന്‍സ് 35 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ വിലാസ് 17 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം 44 റണ്‍സ് നേടി. വിന്‍ഡീസിനായി ജേസണ്‍ മുഹമ്മദ് രണ്ടും സാമുവല്‍ ബദ്രി ഒന്നും വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തകര്‍പ്പന്‍ തുടക്കമാണ് ക്യാപ്റ്റന്‍ ക്രിസ് ഗെയ്ലും ഡ്വെയ്ന്‍ സ്മിത്തും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 65ല്‍ നില്‍ക്കവെ സ്മിത്തിനെ മക്കന്‍സി പുറത്താക്കിയെങ്കിലും പിന്നീടെത്തിയ ചാഡ് വിക് വാള്‍ട്ടണ്‍ അടിച്ചു തകര്‍ത്തതോടെ വിന്‍ഡീസ് വിജയലക്ഷ്യത്തിലേക്ക് എളുപ്പം മുന്നേറുകയായിരുന്നു.

ടീം സ്‌കോര്‍ 124ല്‍ നില്‍ക്കുമ്പോള്‍ ഗെയ്ല്‍ പുറത്താക്കി ചാള്‍സ് ലാംഗ് വെല്‍റ്റ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം സമ്മാനിച്ചു. 40 പന്തില്‍ നാലു ഫോറും ആറു സിക്‌സറും സഹിതം 70 റണ്‍സായിരുന്നു യൂണിവേഴ്‌സല്‍ ബോസിന്റെ സമ്പാദ്യം.

ജോനാഥന്‍ കാര്‍ട്ടര്‍(6), ആഷ്‌ലി നഴ്‌സ്(0) എന്നിവരെ തുടരെത്തുടരെയുള്ള പന്തുകളില്‍ ഫിലാന്‍ണ്ടര്‍ മടക്കിയതോടെ വിന്‍ഡീസ് അപായം മണത്തു.

എന്നാല്‍ കിര്‍ക്ക് എഡ്വാര്‍ഡ്‌സിനെ(12) കൂട്ടു പിടിച്ച് ചാഡ് വിക് വാള്‍ട്ടണ്‍ വിന്‍ഡീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

29 പന്തില്‍ 56 റണ്‍സുമായി വാള്‍ട്ടണ്‍ പുറത്താവാതെ നിന്നു. മൂന്നു ഫോറും അഞ്ചു സിക്‌സും അടങ്ങുന്നതായിരുന്നു വാള്‍ട്ടന്റെ ഇന്നിംഗ്‌സ്. ടൂര്‍ണമെന്റില്‍ വിന്‍ഡീസിന്റെ ആദ്യ വിജയമാണ്.

Related Articles

Back to top button