Cricket

സെഞ്ചുറിയ്ക്കരികെ വീണ് നിക്കി പി !! വിന്‍ഡീസിന് പടുകൂറ്റന്‍ വിജയം

നിക്കോളാസ് പൂറന്റെ ഉജ്ജ്വല ഇന്നിംഗ്‌സിന്റെയും ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെയും പിന്‍ബലത്തില്‍ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ വെസ്റ്റ് ഇന്‍ഡീസിന് 104 റണ്‍സ് വിജയം.

ആദ്യം ബാറ്റ് ചെയത് വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എടുത്തപ്പോള്‍ അഫ്ഗാന്റെ മറുപടി 16.2 ഓവറില്‍ 114ല്‍ അവസാനിച്ചു.

ഈ വിജയത്തോടെ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാവാനും ആതിഥേയര്‍ക്ക് കഴിഞ്ഞു.

സെന്റ് ലൂസിയയിലെ ഡാരന്‍ സാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ്് നേടിയ അഫ്ഗാനിസ്ഥാന്‍ വിന്‍ഡീസിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും എതിരാളികളെ നൂറില്‍ താഴെയുള്ള സ്‌കോറിന് പുറത്താക്കിയ അഫ്ഗാന്‍ ബൗളര്‍മാരെ കരീബിയന്‍ കരുത്തന്മാര്‍ പഞ്ഞിക്കിടുന്ന കാഴ്ചയ്ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഓപ്പണര്‍ ബ്രണ്ടന്‍ കിംഗിനെ(7) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ജോണ്‍സണ്‍ ചാള്‍സിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂറന്‍ ഒത്തു ചേര്‍ന്നതോടെ വെസ്റ്റ് ഇന്‍ഡീസിന്റെ സ്‌കോര്‍ കുതിച്ചുയര്‍ന്നു.

ആദ്യ അഞ്ചോവറില്‍ മാത്രം വിന്‍ഡീസ് അടിച്ചെടുത്തത് 85 റണ്‍സാണ്. അസ്മത്തുള്ള ഒമര്‍സായിയുടെ ഒരോവറില്‍ 36 റണ്‍സ് നേടാനും വിന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞു.

27 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 43 റണ്‍സ് എടുത്ത ചാള്‍സ് പുറത്തായെങ്കിലും പിന്നീടെത്തിയ ഷായ് ഹോപ്പ്(25), ക്യാപ്റ്റന്‍ റോവ് മാന്‍ പവല്‍(26) എന്നിവര്‍ പൂറന് മികച്ച പിന്തുണ നല്‍കിയതോടെ വിന്‍ഡീസ് സ്‌കോര്‍ 200 കടന്നു.

എന്നാല്‍ അവസാന ഓവറിലെ നാലാം പന്തില്‍ ഡബിളിനു ശ്രമിക്കവെ പൂറന്‍ സെഞ്ചുറിയ്ക്ക് രണ്ടു റണ്‍സ് മാത്രം അകലെ നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു.

53 പന്തില്‍ ആറു ഫോറും എട്ടു സിക്‌സും സഹിതം 98 റണ്‍സായിരുന്നു വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നേടിയത്.

വെസ്റ്റ് ഇന്‍ഡീസിനായി ട്വന്റി20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന ക്രിസ് ഗെയിലിന്റെ റെക്കോഡ് തകര്‍ക്കാനും ഈ മത്സരത്തിലൂടെ പൂറനായി.

128 സിക്‌സറുകളാണ് ലോകകപ്പില്‍ നിന്നും മാത്രം നിക്കി പി അടിച്ചെടുത്തത്. ട്വന്റി20യില്‍ 500 സിക്‌സര്‍ എന്ന നേട്ടവും ഇതോടെ പൂറന് സ്വന്തമായി.

219 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ അഫ്ഗാന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ നഷ്ടമായി. പിന്നീടൊരിക്കലും കളിയിലേക്ക് തിരിച്ചു വരാന്‍ അവര്‍ക്കായില്ല.

ക്രമമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്‌സ് 114ല്‍ അവസാനിക്കുകയായിരുന്നു. 28 പന്തില്‍ 38 റണ്‍സ് നേടിയ ഓപ്പണര്‍ ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

അസ്മത്തുള്ള ഒമര്‍സായി(23), കരിം ജന്നത്ത്(14), റഷീദ് ഖാന്‍(18) എന്നിവരും രണ്ടക്കം കണ്ടു.

വിന്‍ഡീസിനായി ഒബെഡ് മക്കോയ് മൂന്നു വിക്കറ്റ് വീഴ്ത്തി. സ്പിന്നര്‍മാരായ അകീല്‍ ഹുസൈന്‍, ഗുഡാകേശ് മോട്ടി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടിയപ്പോള്‍ ആന്ദ്രേ റസല്‍, അല്‍സാരി ജോസഫ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

സൂപ്പര്‍ എട്ടില്‍ ജൂണ്‍ 20ന് ഇംഗ്ലണ്ടിനെതിരേയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ മത്സരം. അഫ്ഗാനിസ്ഥാന്‍ അന്നു തന്നെ ഇന്ത്യയെ നേരിടും.

Related Articles

Back to top button