Cricket

രോഹിത് ശര്‍മ നാലാം നമ്പരില്‍ ഇറങ്ങട്ടെയെന്ന് മുന്‍ താരം !! ഓപ്പണിംഗില്‍ പകരം വരുന്നത് നിസ്സാരക്കാരനല്ല

ട്വന്റി20 ലോകകപ്പിന് തിരശ്ശീലയുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറൈറ്റുകളിലൊന്നാണ് ഇന്ത്യന്‍ ടീം.

ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറുന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.

നായകന്‍ രോഹിത് ശര്‍മ്മ ഓപ്പണറായി ഇറങ്ങേണ്ട എന്നാണ് ജാഫര്‍ പറയുന്നത്. ”ട്വന്റി 20 ലോകകപ്പില്‍ വിരാട് കോഹ്‌ലിയും യശസ്വി ജയ്സ്വാളും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണം.

രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ടീമിന്റെ തുടക്കത്തിന് അനുസരിച്ച് മൂന്നും നാലും സ്ഥാനത്ത് ബാറ്റ് ചെയ്യണം. സ്പിന്നിനെ നന്നായി കളിക്കുന്ന താരമാണ് രോഹിത് എന്നതിനാല്‍ നാലാം നമ്പറില്‍ അദ്ദേഹം ബാറ്റ് ചെയ്യുന്നത് ആശങ്കയ്ക്ക് വക നല്‍കുന്നില്ലെന്നും” ജാഫര്‍ ട്വീറ്റ് ചെയ്തു.

രോഹിത്-യശസ്വി സഖ്യമായിരിക്കും ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണറാവുക എന്ന് മിക്കവരും കരുതിയിരിക്കേയാണ് വസീം ജാഫര്‍ കോഹ്‌ലിയുടെ പേര് വച്ചുനീട്ടുന്നത്.

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ജൂണ്‍ 1 മുതല്‍ 29 വരെയാണ് ട്വന്റി 20 ലോകകപ്പ് നടക്കുക. ജൂണ്‍ ഒന്നിന് ന്യൂയോര്‍ക്കിലെ നസാവു ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം കളിക്കും.

ഇതേ സ്റ്റേഡിയത്തില്‍ അഞ്ചാം തീയതി അയര്‍ലന്‍ഡിനെതിരായണ് ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരം. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യാ-പാക് ക്ലാസിക് പോരാട്ടം.

ജൂണ്‍ 12 അമേരിക്കയെയും 15ന് കാനഡയെയും നേരിടും. ഒരു പതിറ്റാണ്ടിലേറെ നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാവും രണ്ടാം ട്വന്റി20 ലോകകപ്പ് കിരീടം ലക്ഷ്യമാക്കി രോഹിത് ശര്‍മയും കൂട്ടരും ഇറങ്ങുക.

Related Articles

Back to top button