Cricket

തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത ഇവനെയൊക്കെ എന്തു പഠിപ്പിക്കാനാണ് !! പാക് ടീമിനെതിരേ തുറന്നടിച്ച് മുന്‍ താരം

ട്വന്റി20 ലോകകപ്പില്‍ പുറത്താകലിന്റെ വക്കിലാണ് പാക്കിസ്ഥാന്‍. ഇന്ത്യയ്‌ക്കെതിരേയും അമേരിക്കയ്‌ക്കെതിരേയും തോറ്റ അവര്‍ കാനഡയ്‌ക്കെതിരേ ഇന്നലെ നേടിയ ജയത്തിന്റെ പിന്‍ബലത്തിലാണ് സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നത്.

അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രം പോരാ മറ്റു ടീമുകളുടെ മത്സരഫലങ്ങളും അനുകൂലമാവേണ്ടതുണ്ട്.

അതേ സമയം പാക്കിസ്ഥാന്‍ ടീമില്‍ പടലപ്പിണക്കങ്ങള്‍ രൂക്ഷമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഷഹീന്‍ അഫ്രീദിയും നിലവിലെ നായകന്‍ ബാബര്‍ അസമും തമ്മില്‍ നേരില്‍ കണ്ടാല്‍ മുഖം നല്‍കുക പോലുമില്ലെന്നാണ് വിവരം.

ട്വന്റി20 ലോകകപ്പിനു തൊട്ടുമുമ്പ് ഷഹീനെ നീക്കിയിട്ടാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബാബറിനെ വീണ്ടും ക്യാപ്റ്റനാക്കിയത്.

ഇപ്പോഴിതാ പാക് ടീമിനെതിരേ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്റെ മുന്‍ നായകന്‍ വസിം അക്രം. ഇന്ത്യയ്‌ക്കെതിരായ തോല്‍വിയ്ക്കു ശേഷമായിരുന്നു അക്രത്തിന്റെ പ്രതികരണം.

വര്‍ഷങ്ങളായി ഒരുമിച്ചു കളിക്കുന്നവര്‍ വരെ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് വസീം അക്രം വിമര്‍ശിച്ചു.

”അവര്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ ഇനി എന്തു കാര്യം പഠിപ്പിക്കാനാണ്. മത്സരം എങ്ങനെ പോകുന്നുവെന്നതിനെക്കുറിച്ച് റിസ്‌വാന് ഒരു ധാരണയുമില്ലായിരുന്നു. ബുമ്രയെ രോഹിത് കൊണ്ടുവന്നപ്പോള്‍, സൂക്ഷിച്ചു കളിക്കാതെ വിക്കറ്റ് കളഞ്ഞു.” വസീം അക്രം ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.

”നന്നായി കളിച്ചില്ലെങ്കിലും ടീമിലെ സ്ഥാനമൊന്നും നഷ്ടമാകില്ലെന്നാണു പാക്കിസ്ഥാന്‍ താരങ്ങളുടെ വിചാരം. പ്രശ്‌നം ഉണ്ടായാല്‍ പരിശീലകനെയോ, സപ്പോര്‍ട്ട് സ്റ്റാഫിനെയോ ഒക്കെയാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് മാറ്റുക.

ഈ ടീമിനെ മൊത്തത്തില്‍ മാറ്റേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയ ശേഷം ഷഹീന്‍ അഫ്രീദിയും ബാബര്‍ അസമും കണ്ടാല്‍ മിണ്ടാറില്ല.” ഇതിഹാസ പേസര്‍ ചൂണ്ടിക്കാട്ടി.

”ഇത് രാജ്യാന്തര ക്രിക്കറ്റാണ്. രാജ്യത്തിനു വേണ്ടിയാണു നിങ്ങള്‍ കളിക്കുന്നത്. ഇത്തരം പ്രകടനം നടത്തുന്നവരെ വീട്ടിലേക്കു പറഞ്ഞു വിടുകയാണു വേണ്ടത്.” വസീം അക്രം പ്രതികരിച്ചു.

ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയിക്കാവുന്ന അവസ്ഥയില്‍ നിന്ന് ഇന്ത്യയോട് തോല്‍വി ഇരന്നു വാങ്ങിയ പാക് ടീമിനെതിരേ വിമര്‍ശനം ശക്തമാണ്. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് സൂപ്പര്‍ എട്ടില്‍ കടക്കാനാവൂ.

Related Articles

Back to top button