Cricket

പരിശീലക സ്ഥാനത്ത് ഗംഭീറിന് ഈസി വാക്കോവര്‍ ഇല്ല !! ഒരു അപ്രതീക്ഷിത എതിരാളിയും കൂടി ഇന്റര്‍വ്യൂവിന്

ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഗൗതം ഗംഭീറിന് ഒരു അപ്രതീക്ഷിത എതിരാളിയെന്ന് റിപ്പോര്‍ട്ട്.

നേരത്തെ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിനെ മാത്രമാണ് ഇന്റര്‍വ്യൂ ചെയ്യുന്നതെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍ ഗംഭീറിന് പുതിയ എതിരാളി എത്തിയിരിക്കുകയാണിപ്പോള്‍.

മുന്‍ ക്രിക്കറ്റ് താരം ഡബ്ല്യൂ വി രാമനാണ് ഗംഭീറിന്റെ എതിരാളി. അദ്ദേഹത്തേയും ഇന്റര്‍വ്യൂ നടത്തിയെന്നാണ് വിവരങ്ങള്‍. മുന്‍ താരങ്ങളായ അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ജ്‌പെ, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി ഗംഭീറുമായി ഇന്ന് സൂമിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു.

സെലക്ഷന്‍ കമ്മിറ്റിയില്‍ സലീല്‍ അങ്കോളയുടെ പകരക്കാരനായുള്ള അഭിമുഖവും ഉപദേശക സമിതി ഇന്ന് നടത്തും.

മെയ് 27 ആയിരുന്നു പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയായി ബിസിസിഐ തീരുമാനിച്ചിരുന്നത്. നൂറു കണക്കിന് വ്യാജ അപേക്ഷകള്‍ വന്നുവെങ്കിലും യോഗ്യതയുള്ളവര്‍ ആരുമില്ലായിരുന്നു.

റിക്കി പോണ്ടിംഗ്, സ്റ്റീഫന്‍ ഫ്‌ളെമിംഗ്, ജസ്റ്റിന്‍ ലാംഗര്‍, മഹേള ജയവര്‍ധന, കുമാര്‍ സംഗക്കാര തുടങ്ങിയ വിദേശ പരിശീലകരെ തുടക്കത്തില്‍ പരിഗണിച്ചിരുന്നെങ്കിലും വര്‍ഷത്തില്‍ പത്തുമാസത്തോളം ഇന്ത്യന്‍ ടീമിനൊപ്പം തുടരേണ്ടതിനാല്‍ ഇവരാരും താല്‍പര്യം പ്രകടിപ്പിച്ചില്ല.

ഇതേത്തുടര്‍ന്ന് ബിസിസിഐയുടെ അന്വേഷണം ഇന്ത്യന്‍ പരിശീലകനു വേണ്ടിയുള്ളതായി മാറുകയായിരുന്നു.

ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണെ സമീപിച്ചെങ്കിലും ലക്ഷ്മണും താല്‍പര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് ഗൗതം ഗംഭീറിന്റെ പേര് ഉയര്‍ന്നു വന്നത്.

ഐപിഎല്ലില്‍ ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി മടങ്ങിയെത്തിയ ഗംഭീര്‍ അവരെ ചാമ്പ്യന്‍മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

പിന്നാലെ ഇന്ത്യന്‍ പരിശീലകനാവാനുള്ള താല്‍പര്യം പരസ്യമാക്കുകയും ചെയ്തിരുന്നു. പരിശീലക ചുമതല ഏറ്റെടുക്കാന്‍ ഗംഭീര്‍ ചില ഉപാധികളും മുന്നോട്ടുവെച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അപേക്ഷിക്കുകയാണെങ്കില്‍ തന്നെ പരിശീലകനായി നിയമിക്കണമെന്നും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളായി താന്‍ നിര്‍ദേശിക്കുന്നവരെ തെരഞ്ഞെടുക്കണമെന്നും ആയിരുന്നു ഗംഭീറിന്റെ പ്രധാന ഉപാധികള്‍.

ഇത് ബിസിസിഐ അംഗീകരിച്ചതോടെയാണ് ഗംഭീര്‍ പരിശീലകനാവാനുള്ള വഴി തുറന്നത്. ഗംഭീറിനെ പരിശീലകനായി തെരഞ്ഞെടുത്തുവെന്നും ജൂണ്‍ അവസാന വാരം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത മത്സരാര്‍ഥിയായി ഡബ്ല്യു. വി രാമന്‍ എത്തുന്നത്.

Related Articles

Back to top button