Cricket

സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യയുടെ കോച്ച് ഗംഭീറല്ല !! ടീമിനെ പരിശീലിപ്പിക്കുന്നത് ഇതിഹാസ താരം

ട്വന്റി20 ലോകകപ്പിനു ശേഷം നടക്കാനിരിക്കുന്ന സിംബാബ് വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവുക വിവിഎസ് ലക്ഷ്മണ്‍ എന്ന് സൂചന.

ജൂലൈ ആറിനാണ് സിംബാബ് വെയില്‍ ഇന്ത്യയുടെ അഞ്ചു മത്സര ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ട്വന്റി20 ലോകകപ്പിനും ശേഷം അവസാനിക്കും.

അതിനാല്‍ തന്നെ ലോകകപ്പ് അവസാനിക്കും മുമ്പു തന്നെ പുതിയ പരിശീലകനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

മുന്‍ താരം ഗൗതം ഗംഭീറിനാണ് പരിശീലക സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത്. ഗംഭീറിനൊപ്പം ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഡബ്ല്യു വി രാമനെ ബാറ്റിംഗ് പരിശീലകനായി പരിഗണിക്കാനും സാധ്യതയുണ്ട്

ഗംഭീര്‍ പരിശീലകനായാല്‍ തന്നെ ജൂലൈ പകുതിയോടെ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലാവും അദ്ദഹേം ചുമതലയേല്‍ക്കുക എന്നാണ് അറിയുന്നത്.

‘ലക്ഷ്മണും ചില എന്‍സിഎ പരിശീലകരും സിംബാബ്‌വെയിലേക്ക് സ്‌ക്വാഡിനൊപ്പം യാത്രചെയ്യാന്‍ സാധ്യതയുണ്ട്. രാഹുല്‍ ദ്രാവിഡും സഹ പരിശീലകരും ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുമ്പോഴെല്ലാം ലക്ഷ്മണും എന്‍സിഎ ടീമും ആ സ്ഥാനത്തേക്ക് നേരത്തെയും വന്നിട്ടുണ്ട്’ ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) തലവനായ ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ ഏതാനും തവണ ഇന്ത്യയുടെ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും.

ഐപിഎല്‍ താരങ്ങളായ അഭിഷേക് ശര്‍മ്മ, നിതീഷ് റെഡ്ഡി, മായങ്ക് യാദവ്, ഹര്‍ഷിത് റാണ, റിയാന്‍ പരാഗ് എന്നിവര്‍ക്ക് പരമ്പരയില്‍ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.

മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിക്കാനാണ് തീരുമാനം. സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളുമൊക്കെ ടീമിലുണ്ടാവുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

Related Articles

Back to top button