Cricket

ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും ആമീര്‍ഖാനെയും ഒന്നിച്ചഭിനയിപ്പിച്ചാല്‍ സിനിമ ഹിറ്റാകണമെന്നില്ല; മുംബൈയ്‌ക്കെതിരേ തുറന്നടിച്ച് സെവാഗ്

=ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 18 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

മഴ മൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 139 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

ആദ്യ അഞ്ച് ഓവറില്‍ 59/0 എന്ന നിലയില്‍ നിന്നാണ് മുംബൈ കളി മറന്ന് പരാജയം ഏറ്റു വാങ്ങിയത്.

മത്സരത്തില്‍ രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും കെകെആര്‍ സ്പിന്‍ നിരയെ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.

ആരെങ്കിലും നന്നായി പന്തെറിയുകയാണെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മധ്യ ഓവറുകളില്‍ നിന്നിരുന്നെങ്കില്‍ രോഹിത് ശര്‍മയ്ക്കും സൂര്യകുമാര്‍ യാദവിനും 15 ഓവറില്‍ മുംബൈയെ വിജയത്തിലെത്തിക്കാമായിരുന്നു.

രണ്ട് ബാറ്റര്‍മാരും വിക്കറ്റ് നഷ്ടപ്പെടാതെ സ്പിന്നര്‍മാരെ നേരിട്ടിരുന്നെങ്കില്‍ കളി മുംബൈക്ക് അനുകൂലമാകുമായിരുന്നു.

ഒരു സിനിമയില്‍ ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെ ഒന്നിച്ച് അഭിനയിപ്പിച്ചാലും സിനിമ ഹിറ്റാകണമെന്നില്ല. മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. തിരക്കഥയ്ക്ക് കാമ്പുണ്ടായിരിക്കണം. പേരിലല്ല പ്രകടനത്തിലാണ് കാര്യം.

സീസണില്‍ രോഹിത് ശര്‍മ ഒരു സെഞ്ചുറിയാണ് നേടിയത്. ഈ മത്സരം തോല്‍ക്കുകയും ചെയ്തു. പിന്നീടുള്ള മത്സരങ്ങളെല്ലാം അവന്റെ പ്രകടനം എങ്ങനെയുണ്ടായിരുന്നു? ഇഷാന്‍ കിഷന്‍ പവര്‍പ്ലേ പിന്നിട്ടത് അപൂര്‍വമായാണ്. സെവാഗ് കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ് രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ നിലവിലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയും. ഇരുവരുടെയും മോശം പ്രകടനം ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Related Articles

Back to top button