Cricket

ഇക്കാര്യത്തില്‍ ഐസിസി വേണ്ടതു ചെയ്യുമെന്നാണ് പ്രതീക്ഷ !! ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ പാക്കിസ്ഥാനെ ട്രോളി സെവാഗ്

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും മിക്കപ്പോഴും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഐസിസി പുനഃരാലോചന നടത്തുമെന്ന് സെവാഗ് പറഞ്ഞു.

2007 ഏകദിന ലോകകപ്പില്‍ ഇന്ത്യയോ, പാകിസ്ഥാനോ രണ്ടാം റൗണ്ടിലേക്കു യോഗ്യത നേടിയില്ല. അന്നു മുതല്‍ ഇരുടീമുകളും വ്യത്യസ്ത ഗ്രൂപ്പുകളിലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ രണ്ടു ടീമുകളെയും ഒരേ ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഐസിസി പുനര്‍വിചിന്തനം നടത്തും. ഇവരെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള ഒരു ടീം ഗ്രൂപ്പില്‍ ഇല്ലെന്നു ഉറപ്പാക്കുകയും ചെയ്യും. സെവാഗ് പറയുന്നു.

ഇത്തവണ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു മുന്നേറിയപ്പോള്‍ പാകിസ്ഥാന്‍ പുറത്തായിരുന്നു. ഇന്ത്യയോടും അമേരിക്കയോടുമേറ്റ തോല്‍വിയാണ് പാകിസ്ഥാന് തിരിച്ചടിയായത്.

മുമ്പ് പല ടൂര്‍ണമെന്റുകളിലും ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടത്. 2021, 22 വര്‍ഷങ്ങളിലെ ടി20 ലോകകപ്പില്‍ ഇരുടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു. 2021ല്‍ പാകിസ്ഥാന്‍ പത്തു വിക്കറ്റിന്റെ വിജയം ആഘോഷിച്ചപ്പോള്‍ 2022ല്‍ ഇന്ത്യ പകരം വീട്ടി. ഇത്തവണയും ഇന്ത്യ വിജയം ആവര്‍ത്തിക്കുകയും ചെയ്തു.

ലോകകപ്പില്‍ ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന മത്സരമായതിനാല്‍ ഇന്ത്യ-പാക് മത്സരത്തിലൂടെ ഐസിസിയ്ക്ക് വലിയ വരുമാനമാണ് ലഭിക്കുന്നത്. ഇതിനാല്‍ തന്നെ ഇന്ത്യയും പാക്കിസ്ഥാനും ടൂര്‍ണമെന്റില്‍ രണ്ടു തവണ ഏറ്റുമുട്ടാന്‍ സാധ്യത വരത്തക്കവണ്ണമാണ് ഐസിസി മിക്കപ്പോഴും മത്സരങ്ങള്‍ ക്രമീകരിക്കുന്നത്.

Related Articles

Back to top button