Cricket

ഞങ്ങള്‍ പണക്കാര്‍ !! ബിഗ്ബാഷ് പോലുള്ള ദരിദ്ര ലീഗുകളില്‍ പോയി കളിക്കേണ്ട ഗതികേടില്ല; ഗില്‍ക്രിസ്റ്റിനോട് സെവാഗ് പറഞ്ഞതിങ്ങനെ

ലോകത്ത് ഏറ്റവുമധികം പണമൊഴുകുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. അതു കൊണ്ടു തന്നെ ലോകത്തെ മറ്റു ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുവാദവുമില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ എന്തുകൊണ്ട് വിദേശ ലീഗുകളില്‍ കളിക്കാറില്ലെന്ന ചോദ്യത്തിന് മുന്‍ താരം വീരേന്ദര്‍ സെവാഗ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചിരിപടര്‍ത്തുന്നത്.

യുട്യൂബിലെ ക്ലബ് പ്രെയറി ഫയറില്‍ ആദം ഗ്രില്‍ക്രിസ്റ്റിനോട് സംസാരിക്കവെയാണ് സെവാഗ് ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ കളിക്കാത്തതിന്റെ കാരണം വിശദീകരിച്ചത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് എന്നെങ്കിലും വിദേശ ലീഗുകളില്‍ കളിക്കാന്‍ കഴിയുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ ? എന്നായിരുന്നു ഗില്ലിയുടെ ചോദ്യം.

അതിന്റെ ആവശ്യം ഇല്ലല്ലോ, ഞങ്ങള്‍ ധനികരാണ്, ദരിദ്രരാജ്യങ്ങളില്‍ കളിക്കാന്‍ ഞങ്ങള്‍ പോവാറില്ല(ചിരിക്കുന്നു). എന്നായിരുന്നു വീരുവിന്റെ മറുപടി.


പിന്നീട് സെവാഗ് തന്റെ തന്നെ അനുഭവം വിശദീകരിക്കുകയും ചെയ്തു. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ഞാന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ സമയത്ത് ഐപിഎല്ലില്‍ സജീവമായിരുന്നു.

ആ സമയം എനിക്ക് ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കാനുള്ള ഓഫര്‍ ലഭിച്ചു. ഞാന്‍ പറഞ്ഞു, ശരി, എത്ര രൂപ തരുമെന്ന്. അന്ന് അവര്‍ ഓഫര്‍ ചെയ്തത് ഒരു ലക്ഷം ഡോളറാണ്.

ഞാന്‍ അവരോട് പറഞ്ഞു, അത്രയും തുക എന്റെ അവധിക്കാലം ചെലവഴിക്കാനുള്ളതേയുള്ളു. ഇന്നലെ രാത്രിയിലെ ബില്ല് പോലും ഒരു ലക്ഷം ഡോളറാണെന്ന്-സെവാഗ് പറഞ്ഞു.

മറ്റു രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകൡ കളിക്കാന്‍ ഇന്ത്യന്‍ പുരുഷ താരങ്ങള്‍ക്ക് അനുമതി നല്‍കാത്തത് പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്.

വിരമിച്ചശേഷം പോലും വിദേശ ലീഗുകളില്‍ കളിക്കാന്‍ കളിക്കാര്‍ക്ക് ബിസിസിഐയുടെ അനുമതി ആവശ്യമാണ്. അതേസമയം, വനിതാ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതിന് വിലക്കില്ലെന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button