Cricket

ഏത് കാട്ടില്‍ പോയാലും ഞാന്‍ പന്ത് കണ്ടുപിടിക്കും !! കണ്ടം ക്രിക്കറ്റിനെ ഓര്‍മിപ്പിച്ച് വിരാട് കോഹ്‌ലി; വീഡിയോ വൈറല്‍

ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബൗണ്ടറി പോയ പന്ത് തിരയുന്ന വിരാട് കോഹ് ലിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഇതു കാണുമ്പോള്‍ കുട്ടിക്കാലത്ത് കളിച്ച കണ്ടം ക്രിക്കറ്റിനെയാണ് ഓര്‍മ വരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
ആന്റിഗ്വയിലെ നോര്‍ത്ത് സൗണ്ടിലുള്ള സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയമാണ് ഈ അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.

പതിനേഴാം ഓവറിലെ അവസാന പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ റിഷാദ് ഹൊസൈന്‍ സിക്സ് പറത്തിയിരുന്നു.

ഇതിനു ശേഷം ബൗണ്ടറി ലൈനിനപ്പുറം പന്ത് തിരയുന്ന കോഹ് ലിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പന്തു തിരച്ചിലിനിടെ കോഹ്ലി ഒരു പോഡിയത്തിന്റെ അടിയിലൂടെ ഇഴഞ്ഞ് പന്ത് കണ്ടെത്തി തന്റെ ദൗത്യത്തില്‍ വിജയിച്ചു. ഗള്ളി ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ഇത്തരത്തില്‍ പന്ത് കാണാതെ ആകുമ്പോള്‍ അതിനായി നടത്തുന്ന സാഹസിക തിരച്ചില്‍ പലരും ഈ നിമിഷം ഓര്‍ക്കുകയൂം ചെയ്തു.

അതേ സമയം മത്സരത്തില്‍ ഇന്ത്യ 50 റണ്‍സിന് വിജയിക്കുകയും ചെയ്തു. ഇന്ത്യ മുന്നോട്ടുവെച്ച 197 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ ആയുള്ളു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്.

27 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 50 റണ്‍സോടെ പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

28 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 37 റണ്‍സെടുത്ത് വിരാട് കോഹ്ലിയും 24 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 36 റണ്‍സെടുത്ത റിഷഭ് പന്തും മികച്ച പ്രകടനം കാഴ്ചവച്ചു.

നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും നാലോവറില്‍ 13 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. അക്ഷര്‍ദീപ് സിംഗും രണ്ടു വിക്കറ്റ് നേടി.

ഓസ്‌ട്രേലിയയ്‌ക്കെതിരേ നാളെയാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ അവസാന മത്സരം.

Related Articles

Back to top button