Cricket

യുവ് രാജിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം !! ധോണിയ്ക്കു പോലും ഇല്ലാത്ത നേട്ടം

ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ കിരീടം നേടിയതോടെ വിരാട് കോഹ് ലിയെ തേടിയെത്തിയത് ഒരു അപൂര്‍വ നേട്ടം.

ട്വന്റി20 ലോകകപ്പ് കിരീടം നേടിയതോടെ കരിയറില്‍ നാല് ഐസിസി കിരീടങ്ങളാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഏകദിന ലോകകപ്പും, ട്വന്റി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയ കോഹ്‌ലിയുടെ പേരില്‍ അണ്ടര്‍ 19 ലോകകപ്പുമുണ്ട്.

ഈ നാലു കിരീടങ്ങളും നേടിയിട്ടുള്ള ആദ്യത്തെ ഇന്ത്യന്‍ താരം യുവ് രാജ് സിംഗാണ്. കരിയറില്‍ ഏകദിന ലോകകപ്പും ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും അടക്കം മൂന്ന് പ്രധാന ഐസിസി കിരീടങ്ങളും നേടിയിട്ടുള്ള ധോണിക്ക് പക്ഷെ അണ്ടര്‍ 19 ലോകകപ്പ് കിരീടമില്ല.

യുവ്‌രാജിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമാണ് കോഹ്‌ലി. 2008ലാണ് കോഹ്‌ലി അണ്ടര്‍ 19 ലോകകപ്പ് ജയിച്ചത്. 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ജയിച്ച ടീമില്‍ കോഹ്‌ലിയുണ്ടായിരുന്നു. ഇപ്പോള്‍ ട്വന്റി20 ലോകകപ്പും താരത്തിനു സ്വന്തമായി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം മാത്രമാണ് കോഹ്‌ലിയ്ക്ക് ഇനി കരിയറില്‍ ബാക്കിയുള്ളത്. കോഹ്‌ലി കരിയറില്‍ രണ്ട് തവണ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ചെങ്കിലും ആദ്യം ന്യൂസിലന്‍ഡിനോടും രണ്ടാമത് ഓസ്‌ട്രേലിയയോടും ഇന്ത്യ തോറ്റതോടെ ആ കിരീടം അന്യമാവുകയായിരുന്നു.

2000ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന യുവരാജ് സിംഗ്, 2002ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്ത ജേതാക്കളായ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിജയത്തിന് യുവി നിര്‍ണായക പങ്കുവഹിച്ചു.

ഇത്തവണത്തെ ട്വന്റി20 ലോകകപ്പില്‍ വിരാട് കോഹ്‌ലിയുടെ മികച്ച ബാറ്റിംഗിന്റെ ബലത്തിലായിരുന്നു ഇന്ത്യ വിജയം നേടിയത്. ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് തോല്‍പ്പിച്ച മത്സരത്തില്‍ 76 റണ്‍സ് നേടിയ വിരാട് കോഹ് ലിയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

Related Articles

Back to top button