Cricket

ട്വന്റി20 ലോകകപ്പ് നേടിയ കോഹ് ലിയെയും ഇന്ത്യന്‍ ടീമിനെയും അഭിനന്ദിച്ച് സൂപ്പര്‍ ഫുട്‌ബോളര്‍ !! അമ്പരന്ന് ആരാധകര്‍

ട്വന്റി20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിനെയും സൂപ്പര്‍താരം വിരാട് കോഹ് ലിയെയും അഭിനന്ദിച്ച് ബ്രസീലിന്റെ സൂപ്പര്‍ ഫുട്‌ബോളര്‍ വിനീഷ്യസ് ജൂനിയര്‍.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു വിനീഷ്യസിന്റെ അഭിനന്ദനം. ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീട വിജയം.

വിരാട് കോഹ്ലിയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരം എന്ന് നേരത്തെ തന്നെ വിനീഷ്യസ് ജൂനിയര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

11 വര്‍ഷത്തിന് ശേഷം ആണ് ഇന്ത്യ ആദ്യമായി ഒരു ഐസിസി ട്രോഫി നേടുന്നത്. അവസാനമായി 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി ആണ് ഇന്ത്യ ഇതിനു മുമ്പ് നേടിയത്.

കഴിഞ്ഞ ഒട്ടുമിക്ക ടൂര്‍ണമെന്റുകളിലും സെമിയിലോ ഫൈനലിലോ വീണിട്ടുള്ള ഇന്ത്യ ഇക്കുറി ആ പതിവ് തെറ്റിച്ചതോടെയാണ് രണ്ടാം ട്വന്റി20 ലോകകിരീടം ഇന്ത്യയുടെ ഷോക്കേസില്‍ എത്തിയത്.

ഈ ടൂര്‍ണമെന്റിന്റെ ഫൈനല്‍ വരെ മോശം പ്രകടനമാണ് കോഹ്‌ലി നടത്തിയതെങ്കിലും ഫൈനലില്‍ അത്യുജ്ജല പ്രകടനം നടത്തി ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായാണ് കോഹ് ലി രാജ്യാന്തര ട്വന്റി20 മത്സരങ്ങളോട് വിടപറയുന്നത്.

ഫൈനലിന് മുന്‍പ് വരെ 7 കളികളില്‍ നിന്നുമായി 75 റണ്‍സ് മാത്രമായിരുന്നു ടീമിന് വേണ്ടി നേടിയത്. എന്നാല്‍ ഫൈനലില്‍ 59 പന്തില്‍ നിന്നും 76 റണ്‍സ് ആണ് താരം നേടിയത്.

34 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത് കോഹ് ലിയുടെ ഇന്നിംഗ്‌സാണ്.

ലോകകപ്പില്‍ ഇന്ത്യ ജയിക്കണം എന്നാഗ്രഹിച്ച സെലിബ്രിറ്റികളില്‍ മുമ്പില്‍ നില്‍ക്കുന്ന ആളായിരുന്നു വിനീഷ്യസ് ജൂനിയര്‍.

ഇന്‍സ്റ്റാഗ്രാമില്‍ താരം ഫോളോ ചെയ്യുന്ന ഏക ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്. ഇപ്പോള്‍ കോപ്പാ അമേരിക്കയില്‍ ബ്രസീലിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വയ്ക്കുകയാണ് താരം.

Related Articles

Back to top button