Cricket

പാക്കിസ്ഥാനെ അമേരിക്ക അട്ടിമറിക്കുമോ ? നിലവിലെ സാഹചര്യങ്ങള്‍ ഇങ്ങനെ…

ക്രിക്കറ്റിലെ ഏറ്റവും അപ്രവചനീയമായ ടീമാണ് പാക്കിസ്ഥാന്‍. ആരോടും തോല്‍ക്കാം ആരെയും തോല്‍പ്പിക്കാം എന്നതാണ് അവരുടെ രീതി.

പലപ്പോഴും കുഞ്ഞന്‍ ടീമുകളോട് ദയനീയ പരാജയം ഏറ്റുവാങ്ങുന്ന പാക്കിസ്ഥാനെ നമ്മള്‍ കണ്ടിട്ടുണ്ട്. അതേ സമയം വമ്പന്മാരെ അവര്‍ നിര്‍ണായക മത്സരങ്ങളില്‍ വീഴ്ത്തുന്ന കാഴ്ചകളും ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്.

ടൂര്‍ണമെന്റിലെ ഫേവറൈറ്റായി ഉള്‍പ്പെടുത്തുമ്പോള്‍ അവര്‍ പലപ്പോഴും ആദ്യ റൗണ്ടില്‍ തന്നെ പുറത്താകാറുണ്ട്. എന്നാല്‍ യാതൊരു സാധ്യതയും കല്‍പ്പിക്കപ്പെടാത്തപ്പോള്‍ ഫൈനലിലെത്തുകയും ചെയ്യും.

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ എതിരാളികള്‍ ആതിഥേയരായ അമേരിക്കയാണ്.

ഡാലസിലെ ഗ്രാന്‍ഡ് പ്രെയ്റി സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെ പിടിച്ചു കെട്ടമെന്ന പ്രതീക്ഷയിലാണ് അമേരിക്കന്‍ ടീം ഇറങ്ങുന്നത്.

ആദ്യ മത്സരത്തിലെ മിന്നുന്ന വിജയം അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. അതേസമയം കയ്യെത്തും ദൂരത്ത് ഒരു ലോകകിരീടം നഷ്ടമായതിന്റെ സങ്കടം തീര്‍ക്കാനുറച്ചാണ് പാക് പട ഇറങ്ങുന്നത്.

പക്ഷേ, അടുത്തിടെയായി കാര്യങ്ങള്‍ പാക്കിസ്ഥാന് അത്ര അനുകൂലമല്ല. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെട്ടതിനു ശേഷമാണ് പാക് ടീം യുഎസിലെത്തിയിരിക്കുന്നത്.

അതിനു മുമ്പ് അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ഒരു മത്സരം തോറ്റു. ന്യൂസിലന്‍ഡിന്റെ രണ്ടാം നിര ടീമിനെതിരേ പോലും ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്കായില്ല.

ഇതേത്തുടര്‍ന്നാണ് ലോകകപ്പിന് തൊട്ടുമുമ്പ് പേസര്‍ ഷഹീന്‍ അഫ്രീദിയെ മാറ്റി ബാബര്‍ അസത്തിനെ വീണ്ടും നായകനാക്കുന്നത്.

ഈ പ്രശ്നങ്ങള്‍ക്കെല്ലാം കിരീടം കൊണ്ട് പരിഹാരം കാണാമെന്ന പ്രതീകയിലാണ് ടീം. ഓപ്പണിംഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന ബാബര്‍ അസവും മുഹമ്മദ് റിസ്വാനും പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് ആഴം കൂട്ടുന്നു.

എന്നാല്‍ ഇരുവരുടെയും സ്‌ട്രൈക്ക് റേറ്റ് ആശങ്കാജനകമാണ്. ആദ്യ മല്‍സരത്തിനിറങ്ങും മുന്പ് ഓള്‍റൗണ്ടര്‍ ഇമാദ് വസീമിന് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി. നേരത്തെ വിരമിക്കലില്‍ നിന്ന് ഇമാദിനെ തിരിച്ച് ടീമിലെടുത്തതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

എങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസമും സംഘവും തയാറാണ്. യുഎസിലെ അത്ര പരിചിതമല്ലാത്ത സാഹചര്യങ്ങളിലും തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ടീം.

അതേസമയം കാനഡയ്‌ക്കെതിരേ നടന്ന ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആരോണ്‍ ജോണ്‍സിനെയും ആന്‍ഡ്രിയാസ് ഗൗസിനെയും പോലുള്ള താരങ്ങളിലാണ് യുഎസ്എയുടെ പ്രതീക്ഷ.

മികച്ച രീതിയില്‍ പന്തെറിയുന്ന ഇന്ത്യന്‍ വംശജന്‍ സൗരഭ് നേത്രവല്‍ക്കറിനെപ്പോലെയുള്ളവരും ടീമിന് മുതല്‍ക്കൂട്ടാണ്. മുമ്പ് ന്യൂസിലന്‍ഡിനായി കളിച്ചിരുന്ന കോറി ആന്‍ഡേഴ്‌സന്റെ സാന്നിധ്യവും അവരെ അപകടകാരികളാക്കുന്നു.

Related Articles

Back to top button