Cricket

ഇടിമിന്നലായി ആരോണ്‍ ജോണ്‍സ് !! ഉദ്ഘാടന മത്സരത്തില്‍ റെക്കോഡ് വിജയവുമായി അമേരിക്ക

ട്വന്റി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കാനഡയ്‌ക്കെതിരേ അമേരിക്കയ്ക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.

ഡാലസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യുഎസ്എ ടീം കാനഡയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് കാനഡ അടിച്ചു കൂട്ടിയത്.

കനേഡിയന്‍ ടീമിനായി നവ്‌നീത് ധലിവാള്‍(44 പന്തില്‍ 61), നിക്കോളാസ് കിര്‍ട്ടന്‍(31 പന്തില്‍ 51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ആരോണ്‍ ജോണ്‍സണ്‍(16 പന്തില്‍ 23), ശ്രേയസ് മോവാ(16 പന്തില്‍ 32) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. അലിഖാന്‍, ഹര്‍മീത് സിംഗ്, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ യുഎസ്എയ്ക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

എന്നാല്‍ 195 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അമേരിക്ക വെറും 17.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
40 പന്തില്‍ പുറത്താവാതെ 94 റണ്‍സ് നേടിയ ആരോണ്‍ ജോണ്‍സിന്റെ ഇന്നിംഗാണ് ആതിഥേയര്‍ക്ക് അനായാസ വിജയം നേടിക്കൊടുത്തത്.

പത്തു സിക്‌സറും നാലു ഫോറും അടങ്ങുന്നതായിരുന്നു ജോണ്‍സിന്റെ ഇന്നിംഗ്‌സ്. നിഖില്‍ ദത്തയെ സിക്‌സറിനു പറത്തിക്കൊണ്ടാണ് ജോണ്‍സ് അമേരിക്കയ്ക്ക് വിജയം സമ്മാനിച്ചത്.

അമേരിക്കന്‍ ടീം ട്വന്റി20യില്‍ പിന്തുടര്‍ന്നു നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

ആരോണ്‍ ജോണ്‍സിനെ കൂടാതെ 46 പന്തില്‍ 65 റണ്‍സ് നേടിയ ആന്‍ഡ്രിയാസ് ഗൗസും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. നിഖില്‍ ദത്ത, ഡില്ലന്‍ ഹെയ്‌ലിഗര്‍, കലീം സാന എന്നിവര്‍ കാനഡയ്ക്കായി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ജൂണ്‍ ആറിന് പാക്കിസ്ഥാനെതിരേയാണ് യുഎസ്എയുടെ അടുത്ത മത്സരം. 12ന് ഇന്ത്യയെയും 14ന് അയര്‍ലന്‍ഡിനെയും അവര്‍ നേരിടും.

Related Articles

Back to top button