Cricket

ബംഗ്ലാദേശ് കടുവകളെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നാണക്കെടുത്തി യുഎസ്എ!! ചരിത്ര നേട്ടം

ട്വന്റി20 ലോകകപ്പിനായൊരുങ്ങുന്ന ബംഗ്ലാദേശ് ടീമിനുള്ള തിരിച്ചടി തുടരുന്നു. ആതിഥേയരായ യുഎസ്എയ്‌ക്കെതിരേയുള്ള രണ്ടാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാക്കടുവകള്‍ പരമ്പര അടിയറ വയ്ക്കുകയും ചെയ്തു.

ആറു റണ്‍സിനായിരുന്നു രണ്ടാം മത്സരത്തില്‍ യുഎസിന്റെ ജയം. ഇതോടെ ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരായ ആദ്യ ട്വന്റി20 പരമ്പര വിജയമെന്ന ചരിത്രനേട്ടവും യുഎസ് ടീം സ്വന്തമാക്കി.

ആദ്യ മത്സരം യുഎസ്എ അഞ്ചു വിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കേ തന്നെ അവര്‍ സ്വന്തമാക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ നേരിട്ട കനത്ത പരാജയം ബംഗ്ലാദേശിനെ മാനസികമായി തളര്‍ത്തുമെന്നുറപ്പാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎസ്എ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന്റെ മറുപടി 19.3 ഓവറില്‍ 138ല്‍ അവസാനിച്ചു.

25 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ അലി ഖാനാണ് യുഎസിനായി ബൗളിംഗില്‍ തിളങ്ങിയത്. ഷെഡ്ലി, സൗരഭ് നേത്രവല്‍ക്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു. മുന്‍ ന്യൂസിലന്‍ഡ് താരം കോറി ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (36), ഷാക്കിബ് അല്‍ ഹസന്‍ (30), തൗഹിദ് ഹൃദോയ് (25) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

നേരത്തേ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേല്‍ (42), ആരോണ്‍ ജോണ്‍സ് (35), സ്റ്റീവന്‍ ടെയ്ലര്‍ (31) എന്നിവരുടെ ബാറ്റിംഗാണ് യുഎസ്എയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ഇന്നലെ കളിച്ച യുഎസ്എ ടീമിലെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ അഞ്ചു പേരും ഇന്ത്യന്‍ വംശജരായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Related Articles

Back to top button