Cricket

വന്‍ അട്ടിമറി!! പാക്കിസ്ഥാനെ വീഴ്ത്തി അമേരിക്കന്‍ വിപ്ലവം!!

ഐസിസി ട്വന്റി-20 ലോകകപ്പില്‍ വന്‍ അട്ടിമറി. അതിശക്തരായ പാക്കിസ്ഥാനെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തി അമേരിക്ക ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ആദ്യം മുതല്‍ അവസാനം വരെ വിസ്മയകരമായ കളി കാഴ്ച്ച വച്ചാണ് അമേരിക്കന്‍ പടയോട്ടം.

സൂപ്പര്‍ ഓവറിലേക്ക് കടന്ന മല്‍സരത്തില്‍ 5 റണ്‍സിനാണ് അമേരിക്കയുടെ ജയം. ഉദ്ഘാടന മല്‍സരത്തില്‍ കാനഡയെ വീഴ്ത്തിയ അമേരിക്ക നിലവില്‍ രണ്ടാം ജയത്തോടെ ഗ്രൂപ്പ് എയില്‍ ഒന്നാംസ്ഥാനത്തെത്തി. ഇന്ത്യ ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പില്‍ നിന്ന് ഇനി രണ്ടാംറൗണ്ടിലേക്ക് കടക്കാന്‍ പാക്കിസ്ഥാന് വിയര്‍ക്കേണ്ടിവരും.

നാടകീയം സൂപ്പര്‍ ഓവര്‍

മല്‍സരം ടൈയില്‍ അവസാനിച്ചതോടെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയതോടെ ജയമുറപ്പിച്ച പോലെയായിരുന്നു പാക്കിസ്ഥാന്‍ താരങ്ങളുടെ പെരുമാറ്റം. എന്നാല്‍ ഈ അമിത ആത്മവിശ്വാസത്തിന് വലിയ വില കൊടുക്കേണ്ടിവന്നു. മുഹമ്മദ് ആമിറായിരുന്നു സൂപ്പര്‍ ഓവറിലെ പാക് ബൗളര്‍. ആരോണ്‍ ജോണ്‍സിനൊപ്പം ഇടംകൈയനായ ഹര്‍മീത് സിംഗിനെ ഇറക്കി യുഎസ്എ കോച്ച് സ്റ്റൂവര്‍ട്ട് ലോ നടത്തിയ ചൂതാട്ടം വിജയിക്കുന്നതാണ് കണ്ടത്. മൂന്ന് വൈഡ് അടക്കം എറിഞ്ഞ ആമിറിന്റെ ഓവറില്‍ 18 റണ്‍സാണ് യുഎസ്എ അടിച്ചുകൂട്ടിയത്.

സൂപ്പര്‍ ഓവറില്‍ 19 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന്‍ ഇഫ്തിക്കാര്‍ അഹമ്മദിനെയും ഫക്കര്‍ സമനെയുമാണ് ബാറ്റിംഗിന് അയച്ചത്. സൗരവ് നട്‌വാക്കറായിരുന്നു യുഎസ് ബൗളര്‍. കൃത്യമായ ലൈനില്‍ പന്തെറിഞ്ഞ സൗരവ് പാക് ബാറ്റര്‍മാരെ നിലയ്ക്കുനിര്‍ത്തി. മൂന്നാം പന്തില്‍ ഇഫ്തിക്കാറിനെ പുറത്താക്കാന്‍ ലോംഗ് ഓഫില്‍ നിതീഷ് കുമാര്‍ എടുത്ത ക്യാച്ച് അതിനിര്‍ണായകമായി.

നേരത്തെ ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗില്‍ അമേരിക്കന്‍ സ്‌കോറും 159 റണ്‍സിലൊതുങ്ങിയതോടെയാണ് സൂപ്പര്‍ ഓവര്‍ വിധി നിര്‍ണയിച്ചത്.

Related Articles

Back to top button