Cricket

ഡെഡ്‌ലൈന്‍ കഴിഞ്ഞു !! ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍ ആകുമോയെന്ന കാര്യത്തില്‍ അവ്യക്തത

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയ പരിധി മെയ് 27ന് അവസാനിച്ച സാഹചര്യത്തില്‍ ഗൗതം ഗംഭീറിന്റെ കാര്യത്തില്‍ അവ്യക്തത.

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ് ലക്ഷ്മണ്‍ കോച്ചാകാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ ആരൊക്കെ അപേക്ഷ നല്‍കിയെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ യാതൊരു വെളിപ്പെടുത്തലുമില്ല.

ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടീം മെന്ററും മുന്‍ ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പരിശീലകനാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അപേക്ഷിച്ചവരില്‍ ഗംഭീര്‍ ഉണ്ടായിരുന്നുവോ എന്ന കാര്യം അവ്യക്തമാണ്.

ഇക്കാര്യത്തില്‍ ബിസിസിഐ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഇന്ത്യന്‍ പരിശീലകരില്‍ ഗംഭീറിന്റെ പേര് മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നത് എന്നാണ് സൂചന.

അപേക്ഷിക്കുകയാണെങ്കില്‍ തന്നെ പരിശീലകനാക്കണമെന്ന ഉപാധി ഗംഭീര്‍ ബിസിസിഐക്ക് മുന്നില്‍ വെച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്റെ സമ്മര്‍ദ്ദത്തില്‍ ഗംഭീര്‍ കൊല്‍ക്കത്തയില്‍ തന്നെ തുടരാനുള്ള സാധ്യതകളുമുണ്ട്.

പത്തു വര്‍ഷം ടീമിനൊപ്പം തുടരാനായി ഷാരൂഖ് ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് ഗംഭീറിന് നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

മൂന്ന് വര്‍ഷ കരാറിലാണ് ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്ക് നിയമനം എന്നതിനാലും വര്‍ഷത്തില്‍ 10 മാസമെങ്കിലും ടീമിനൊപ്പം വേണമെന്നതിനാലുമാണ് വിദേശ പരിശീലകര്‍ വിമുഖത പ്രകടിപ്പിച്ചത്.

മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്, ജസ്റ്റിന്‍ ലാംഗര്‍, ന്യൂസിലന്‍ഡ് ക്യാപ്റ്റനായിരുന്ന സ്റ്റീഫന്‍ ഫ്‌ലെമിംഗ് എന്നിവരെയെല്ലാം ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ടീമിന്റെ ഷെഡ്യൂള്‍ അനുയോജ്യമല്ലെന്നറിയിച്ച് അവരൊക്കെ പിന്മാറുകയായിരുന്നു.

ഇതുമൂലമാണ് ഇന്ത്യന്‍ പരിശീലകരെ പരിഗണിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ട്വന്റി20 ലോകകപ്പോടെ അവസാനിക്കും.

ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണെ രാഹുലിന്റെ പിന്‍ഗാമിയാകാന്‍ ബിസിസിഐ സമീപിച്ചെങ്കിലും താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

Related Articles

Back to top button