Cricket

ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരം ഇന്ത്യയ്‌ക്കെതിരേ അരങ്ങേറുന്നു !! ഇവന്‍ സിംബാബ്‌വെയുടെ തുറുപ്പ് ചീട്ട്

ട്വന്റി20 ലോകകപ്പിനു പിന്നാലെ നടക്കുന്ന സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ട്വന്റി20 പരമ്പരയ്ക്കുള്ള സിംബാബ് വെ ടീമിനെ പ്രഖ്യാപിച്ചത്. സിക്കന്ദര്‍ റാസയെ ക്യാപ്റ്റനാക്കിയാണ് ഷെവ്റോണ്‍സ് 17 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

ആഭ്യന്തര തലത്തില്‍ മികവ് പുലര്‍ത്തിയ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ആന്റം നഖ്വിയുടെ സര്‍പ്രൈസ് അരങ്ങേറ്റമാണ് സിംബാബ്‌വെ പരമ്പരയില്‍ കരുതി വച്ചിരിക്കുന്നത്.

സിംബാബ്വെന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് ഈ 25കാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. 1999ല്‍ ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ ജനിച്ച നഖ്വി ഇതോടെ സിംബാബ്വന്‍ ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുകയായിരുന്നു.

2024 ജനുവരിയിലാണ് മിഡ് വെസ്റ്റ് റൈനോസ് നായകനായ നഖ്വി ഷോണ്‍ വില്യംസിന്റെ മറ്റാബെലെലാന്‍ഡ് ടസ്‌കേഴ്സിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടസ്‌കേഴ്സിന് ആദ്യ ഇന്നിങ്സില്‍ വെറും 128ന് പുറത്തായപ്പോള്‍. മറുപടി ബാറ്റിംഗിനിറങ്ങിയ റൈനോസിനായി ക്യാപ്റ്റന്‍ നഖ് വി അപരാജിത ട്രിപ്പിള്‍ സെഞ്ചുറി നേടുകയായിരുന്നു.

444 മിനിട്ട് ക്രീസില്‍ തുടര്‍ന്ന നഖ്വി 100+ സ്ട്രൈക്ക് റേറ്റിലാണ് ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 295 പന്ത് നേരിട്ട് 300* റണ്‍സാണ് റൈനോസ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്. 30 ബൗണ്ടറിയും പത്ത് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

രണ്ടാം ഇന്നിംഗ്‌സില്‍ 370ന് ഓള്‍ഔട്ടായ ടസ്‌കേഴ്‌സിനെതിരേ ഇന്നിംഗ്‌സിനും 40 റണ്‍സിനും വിജയിക്കാനും റൈനോസിനായി.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ വെറും പത്ത് മത്സരവും ലിസ്റ്റ് എ ഫോര്‍മാറ്റില്‍ എട്ട് മത്സരവും മാത്രം കളിച്ചതിന്റെ അനുഭവ സമ്പത്താണ് നഖ്വിക്കുള്ളത്.

രാജ്യാന്തര ട്വന്റി20യില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്നും 34.50 ശരാശരിയിലും 146.80 സ്ട്രൈക്ക് റേറ്റിലും 138 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. എന്നാല്‍ ബെല്‍ജിയത്തിനായി ആയിരുന്നു ഈ പ്രകടനം. സിംബാബ്വെയ്ക്കായുള്ള താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനാണ് ഹരാരെയില്‍ കളമൊരുങ്ങുന്നത്.

ജൂലൈ ആറിനു തുടങ്ങുന്ന അഞ്ചു മത്സര ട്വന്റി20 പരമ്പര ജൂലൈ 14നാണ് അവസാനിക്കുക. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും.

സിംബാബ്വേ സ്‌ക്വാഡ്:

സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഫറാസ് അക്രം, ബ്രയന്‍ ബെന്നറ്റ്, ജോനാഥന്‍ കാംപ്ബെല്‍, ടെന്‍ഡാസ് ചതാര, ലൂക് ജോങ്വേ, ഇന്നസന്റ് കയിയ, ക്ലൈവ് മദാന്‍ദെ, വെസ്ലി മധേവരെ, താഡിവനാഷെ മരുമാണി, വെല്ലിങ്ടണ്‍ മസകദാസ, ബ്രാന്‍ഡന്‍ മറ്റൂവ, ബ്ലെസിങ് മുസബരാനി, ഡയണ്‍ മയേഴ്സ്, ആന്റം നഖ്വി, റിച്ചാര്‍ഡ് എന്‍ഗരാവ, മില്‍ട്ടണ്‍ ഷുംബ.

ഇന്ത്യന്‍ സ്‌ക്വാഡ്:

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡേ.

Related Articles

Back to top button