Cricket

ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ഞാനുണ്ടാവില്ല !! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സൂപ്പര്‍താരം; നിരാശയോടെ ആരാധകര്‍

വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടന്നു കൊണ്ടിരിക്കുന്ന ട്വന്റി20 ലോകകപ്പ് തന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കുമെന്ന് തുറന്നു പറഞ്ഞ് ന്യൂസിലന്‍ഡ് സൂപ്പര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട്.

പാപ്പുവ ന്യൂഗിനിയ്‌ക്കെതിരേ ജൂണ്‍ 17ന് നടക്കുന്ന മത്സരം തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്നും ഇടങ്കയ്യന്‍ പേസര്‍ സ്ഥിരീകരിച്ചു.

34 കാരനായ ബോള്‍ട്ട്, 2011ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ബ്ലാക്ക് ക്യാപ്സിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. കൂടാതെ ന്യൂസിലന്‍ഡിനായി ഗെയിമിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഫൈനല്‍ കളിച്ച താരവുമാണ്.

2014 ല്‍ ആരംഭിച്ച വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ കരിയര്‍ ഇപ്പോള്‍ ഒരു ദശാബ്ദത്തിന് ശേഷം അവസാനിക്കുകയാണ്.

ശനിയാഴ്ച ട്രിനിഡാഡില്‍ ഉഗാണ്ടയ്ക്കെതിരെ ന്യൂസിലന്‍ഡ് ഒമ്പത് വിക്കറ്റിന് വിജയിച്ചതിന് ശേഷം സംസാരിക്കുമ്പോഴാണ് ബോള്‍ട്ട് ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് തുറന്നു പറഞ്ഞത്.

”ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, ഇത് എന്റെ അവസാന ടി20 ലോകകപ്പായിരിക്കും,” അദ്ദേഹം വെളിപ്പെടുത്തി.

ഉഗാണ്ടയ്ക്കെതിരായ നേടി വന്‍ വിജയം നേടിയിട്ടും കിവീസ് ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. പാപ്പുവ ന്യൂഗിനിയ്‌ക്കെതിരേയാണ് ന്യൂസിലന്‍ഡിന്റെ അടുത്ത മത്സരം.

അടുത്ത ഒരു ലോകകപ്പ് ആകുമ്പോഴേക്കും താരത്തിന്റെ പ്രായം 36 ആകും എന്നതും താരത്തെ ഈയൊരു തീരുമാനത്തിലെത്തിച്ചുവെന്ന് വേണം കരുതാന്‍.

അടുത്ത വര്‍ഷം ആദ്യം പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഏകദിന ചാമ്പ്യന്‍സ് ട്രോഫിയ്ക്കു ശേഷം ബോള്‍ട്ട് ന്യൂസിലന്‍ഡിനായി കളിക്കുമോയെന്ന കാര്യവും സംശയമാണ്.

Related Articles

Back to top button