Cricket

ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ!! ഡിആര്‍എസ് വിവാദത്തില്‍ ടിം ഡേവിഡിനും പൊള്ളാര്‍ഡിനും പിഴ ശിക്ഷ

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ അച്ചടക്ക ലംഘനം നടത്തിയ മുംബൈ ഇന്ത്യന്‍സ് താരം ടിം ഡേവിഡിനും ബാറ്റിംഗ് കോച്ച് കെയ്‌റോണ്‍ പൊള്ളാര്‍ഡിനും പിഴ ശിക്ഷ ചുമത്തി ബിസിസിഐ.

മാച്ച് ഫീസിന്റെ 20 ശതമാനമാണ് ഇരുവര്‍ക്കും പിഴയായി വിധിച്ചത്. പഞ്ചാബ് മുംബൈ മത്സരത്തിനിടെ ഡിആര്‍എസ് എടുക്കുന്നതിനായി ഗ്രൗണ്ടിനു പുറത്തു നിന്ന് സഹായം നല്‍കിയതാണ് നടപടിയ്ക്കു കാരണം.

സംഭവത്തില്‍ നടപടിയുണ്ടാകണമെന്ന് പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ മത്സരത്തിനിടെ ആവശ്യപ്പെട്ടിരുന്നു.

ബാറ്റു ചെയ്യുകയായിരുന്ന സൂര്യകുമാര്‍ യാദവിന് മുംബൈ ഇന്ത്യന്‍സ് ഡഗ്ഔട്ടില്‍നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വൈഡ് ലഭിക്കുന്നതിനായി ഡിആര്‍എസ് എടുക്കാനായിരുന്നു ടിം ഡേവിഡ് ആംഗ്യം കാണിച്ചത്.

ടിവിയില്‍ റീപ്ലേ കണ്ട ശേഷമാണ് ടിം ഡേവിഡ് സൂര്യകുമാര്‍ യാദവിനെ സഹായിക്കാനെത്തിയതെന്നും ആരോപണമുയര്‍ന്നിരുന്നു.

ടിം ഡേവിഡും പൊള്ളാര്‍ഡും ഐപിഎല്‍ ചട്ടത്തിലെ ലെവല്‍ 1 കുറ്റമാണു ചെയ്തതെന്ന് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

പിഴവു പറ്റിയതായി ഇരുവരും സമ്മതിച്ചതായും, മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണെന്നും ബിസിസിഐ വ്യക്തമാക്കി.

ടിം ഡേവിഡ് ഡഗ് ഔട്ടിലിരുന്ന് ആംഗ്യം കാണിച്ചതിനു പിന്നാലെ മുംബൈ വൈഡിനു വേണ്ടി ഡിആര്‍എസ് എടുത്തിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പഞ്ചാബ് ബോളര്‍ എറിഞ്ഞത് വൈഡാണെന്ന് അംപയര്‍ വിധിക്കുകയായിരുന്നു.

മത്സരത്തിന്റെ 15-ാം ഓവറിലായിരുന്നു സംഭവം. ഈ സമയത്ത് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. ഡിആര്‍എസ് എടുക്കുന്നതിനായി രണ്ടു വട്ടമാണ് ടിം ഡേവിഡ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു നിര്‍ദേശം നല്‍കിയത്.

പഞ്ചാബ് കിംഗ്‌സിന്റെ ഹോം ഗ്രൗണ്ടായ മുല്ലന്‍പൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഒന്‍പതു റണ്‍സ് വിജയമാണു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 192 റണ്‍സ് നേടിയപ്പോള്‍ 19.1 ഓവറില്‍ 183ന് പഞ്ചാബ് ഓള്‍ഔട്ടാവുകയായിരുന്നു.

14 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമായ പഞ്ചാബിനെ വിജയത്തിന് തൊട്ടരികെ എത്തിച്ചത് ശശാങ്ക് സിംഗിന്റെയും അശുതോഷ് ശര്‍മയുടെയും ഇന്നിംഗ്‌സാണ്. ശശാങ്ക് 25 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 61 റണ്‍സായിരുന്നു അശുതോഷ്് ശര്‍മയുടെ സമ്പാദ്യം.

Related Articles

Back to top button